നീന്തൽക്കുളമുള്ള കാർ!
നീന്തൽക്കുളമുള്ള കാർ!
ലോകത്തിലെ ഏറ്റവും നീളമുള്ള കാർ നിർമിച്ചതു തൊണ്ണൂറുകളുടെ മധ്യത്തിൽ അമേരിക്കയിലാണ്. ഭഅമേരിക്കൻ ഡ്രീം’ എന്ന പേരിൽ കാർ പ്രേമികളുടെ ഇടയിൽ അറിയപ്പെടുന്ന ഈ കാർ ലിമോസിൻ’ വിഭാഗത്തിൽപ്പെട്ടതാണ്. അമേരിക്കയിലെ കലിഫോർണിയയിലെ ബർബാങ്കിലുള്ള ലോകപ്രസിദ്ധമായ കാർ നിർമാണ കമ്പനിയിലാണ് ഈ കാറിന്റെ രൂപകൽപന നടത്തിയതും നിർമാണം പൂർത്തിയാക്കി മാർക്കറ്റിൽ ഇറക്കിയതും.
പ്രശസ്ത ശിൽപിയായ ജേ ഓർബർഗാണ് ഈ ആഡംബര വാഹനത്തിന്റെ രൂപകൽപന നിർവഹിച്ചത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഈ കാറിനകത്തുണ്ട്. ഇതിന്റെ നീളം 100 അടി (30.5 മീറ്റർ) ആണ്. 26 വീലുകൾ ഉള്ള കാറിന്റെ മധ്യഭാഗം വേർപെടുത്തിയാൽ രണ്ടു കാറുകളായി ഉപയോഗിക്കാനുള്ള സംവിധാനത്തോടൊപ്പമാണ് ഇതിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്.

നീന്തൽക്കുളവും രാജകീയമായി കുളിക്കാനുള്ള ബാത്ത്ടബ്ബും ഹെലികോപ്ടറിനു പറന്നിറങ്ങാനുള്ള സൗകര്യവും ഈ ആഡംബര കാറിലുണ്ട്. നിരവധി ഹോളിവുഡ് സിനിമകളിൽ നായകതുല്യമായ വേഷത്തിൽ ഈ കാർ അഭിനയിച്ചുകഴിഞ്ഞു. ആ ഇനത്തിൽ ഉടമയ്ക്ക് ആവശ്യത്തിലേറെ വരുമാനം ഇത് ഉണ്ടാക്കിക്കൊടുത്തുകഴിഞ്ഞു. ലിമോസിൻ വിഭാഗത്തിൽപ്പെട്ട നിരവധി കാറുകൾ കാർപ്രേമികളെ ഇതിനകം ആകർഷിച്ചുകഴിഞ്ഞു. പിങ്ക് ഹമ്മർ ലിമോ, എസ്കലഡേ ലിമോ, പ്രിയസ് ലിമോ, കാസ് ലിമോ, സ്കോഡ ലിമോ, കോർപറ്റ് ലിമോ, ബീറ്റിൽ ലിമോ, ഡോഡ്ജ് ലിമോ, മോൺസ്റ്റർ ലിമോ, റെഡ്നെക്ക് ലിമോ എന്നിവയൊക്കെ ലിമോസിൻ കമ്പനി പുറത്തിറക്കിയ ആഡംബര കാറുകളാണ്.


കാറുകളുടെ ചക്രവർത്തിയായ ഈ ലിമോസിൻ കാർ കാലപ്പഴക്കത്തിൽ പുനർനിർമാണത്തിനും വിധേയമായിക്കഴിഞ്ഞു. തുരുമ്പെടുത്തു കാറിന്റെ മുകൾഭാഗത്തു ചോർച്ച, ദ്രവിച്ച് ഇളകിയ ചില്ലുകൾ എന്നിവയുടെയൊക്കെ കേടുപാടുകൾ 2012ൽ കമ്പനി തീർത്തു. ഇപ്പോൾ തികച്ചും പുതുമയോടെയാണു കാറിന്റെ ചക്രവർത്തി തലയുയർത്തി നിൽക്കുന്നത്. ന്യൂയോർക്ക് ഓട്ടോമോട്ടീവ് മ്യൂസിയം പ്രവർത്തകരാണ് ലിമോസിന്റെ പഴയഭാവമെല്ലാം മാറ്റി ഇവനെ പുതുപുത്തൻ കാറായി രൂപപ്പെടുത്തിയിരിക്കുന്നത്.

<ആ>ജോർജ് മാത്യു പുതുപ്പള്ളി