കാന്തി പകരും കാന്തൻപാറ
കാന്തി പകരും കാന്തൻപാറ
ഒറ്റക്കാഴ്ചയിൽ മനസിൽ ഇടംപിടിക്കുന്ന വയനാട്ടിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കാന്തൻപാറ. ഇക്കാലമത്രയും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം കിട്ടിയിരുന്നില്ല കാന്തൻപാറയ്ക്ക്. എങ്കിലും ഒരിക്കൽ കണ്ടവരുടെ വിവരണങ്ങളിലൂടെ കേട്ടറിഞ്ഞ് നിരവധി സഞ്ചാരികൾ കാന്തൻപാറയി ലെത്തിയിരുന്നു. മൂപ്പൈനാട് പഞ്ചായത്തിലാണ് കാന്തൻപാറ വെള്ളച്ചാട്ടം. കൽപ്പറ്റയിൽനിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരം. മേപ്പാടി–റിപ്പൺ വഴിയാണ് കാന്തൻപാറയിലേക്കുള്ള വഴി. പച്ചപുതച്ച പ്രകൃതിയും രണ്ടു തട്ടുകളായി 30 അടി ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടവുമാണ് കാന്തൻപാറയുടെ മുഖ്യ ആകർഷണം.

സഞ്ചാരികളുടെ വരവ് ഏറിയതോടെ അടിസ്‌ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി കാന്തൻപാറയെ പരിസ്‌ഥിതി സൗഹൃദ–സാഹസിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതിയിട്ടിട്ടുണ്ട്. മുപ്പനാട് പഞ്ചായത്ത് പുറമ്പോക്കിലുള്ള കാന്തൻപാറ യിൽ ഏകദേശം മൂന്ന് ഏക്കറാണ് വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നത്. 50 ലക്ഷം രൂപ ചെലവിൽ ഹാൻഡ് റെയിൽ, ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ് ഏരിയ, ടോയ്ലറ്റ് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു.


സംയുക്‌ത സർവേയിലൂടെ അതിർത്തി പുനർനിർണയിക്കുന്ന മുറയ്ക്കു പുറമ്പോക്കിൽ വിനോദസഞ്ചാരം നിയന്ത്രിക്കാനുള്ള അവകാശം മുപ്പനാട് പഞ്ചായത്ത് ഡിടിപിസിക്കു കൈമാറും. തമിഴ്നാടുമായി അതിരു പങ്കിടുന്ന മൂപ്പനാട് പഞ്ചായത്തിലാണു പ്രസിദ്ധമായ മീൻമുട്ടി വെള്ളച്ചാട്ടവും. കൽപ്പറ്റയിൽനിന്നു മേപ്പാടി വഴി നീലഗിരിയിലേക്കുള്ള വഴിയിൽ വടുവഞ്ചാലിനടുത്താണു മീൻമുട്ടി. വയനാട് ജില്ലാ ആസ്‌ഥാനത്തുനിന്ന് 29 കിലോമീറ്ററാണ് മീൻമുട്ടിയിലേക്കു ദൂരം. മീൻമുട്ടിയിൽ മൂന്നു തട്ടുകളായാണു വെള്ളത്തിന്റെ ചാട്ടം. ട്രക്കിംഗിനും പറ്റിയ സ്‌ഥലമാണ് ഇവിടം. എന്നാൽ, അപകട സാധ്യത കൂടുതലാണു മീൻമുട്ടിയിൽ. വിദ്യാർഥികളടക്കം നിരവധി പേർ ഇവിടെ അപകടത്തിൽപ്പെട്ടു മരിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ മീൻമുട്ടിയിൽ സന്ദർശകരെ അനുവദിക്കുന്നില്ല.