അറുപതിന്റെ നിറവിൽ ആകാശക്കളരി
അറുപതിന്റെ നിറവിൽ ആകാശക്കളരി
രാജ്യരക്ഷയ്ക്കും യുദ്ധത്തിലും വിമാനങ്ങൾക്കു വലിയ പങ്കുണ്ട്. രാജ്യസുരക്ഷയ്ക്ക് ഏറ്റവും പ്രധാനമായ ഇത്തരം വിമാനങ്ങൾ പറത്തുന്നതും അതിനെക്കുറിച്ചു പഠിക്കുന്നതും അതീവ ശ്രദ്ധചെലുത്തേണ്ട ഒന്നാണ്. വിമാനങ്ങൾ പറത്താൻ മാത്രമല്ല അതിന്റെ സാങ്കേതിക വശങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ വിമാനങ്ങൾ പറത്തുന്നതിനും അതിന്റെ സാങ്കേതികതയെക്കുറിച്ചു പഠിപ്പിക്കുന്നതുമായ സ്‌ഥാപനങ്ങൾ ചുരുക്കമാണ്. അതിൽ ഏറെ പ്രമുഖമാണ് എറണാകുളം ദക്ഷിണമേഖലാ നാവിക ആസ്‌ഥാനത്ത് സ്‌ഥിതി ചെയ്യുന്ന നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജി (എൻഐഎടി). അറുപതു വർഷം പിന്നിട്ട ഈ സ്‌ഥാപനം രാജ്യത്തെ തന്നെ ഏറ്റവും മികച്ച എയ്റോനോട്ടിക്കൽ കേന്ദ്രമാണ്.

എൻഐഎടി

എയ്റോനോട്ടിക്കൽ പരിശീലന രംഗത്തു രാജ്യത്തെ ആദ്യ സ്‌ഥാപനങ്ങളിലൊന്നാണ് 1956 ജൂൺ 24 ന് ആരംഭിച്ച ഈ പരിശീലന കേന്ദ്രം. സീ ലാൻഡ് എയർക്രാഫ്റ്റുകളെക്കുറിച്ചു പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് നേവൽ എയർ ടെക്നിക്കൽ സ്കൂൾ എന്ന പേരിൽ കേന്ദ്രം ആരംഭിച്ചത്. ആറുപേരായിരുന്നു ആദ്യമായി എൻഐഎടിയിൽ പരിശീലനത്തിന് എത്തിയത്. ഇന്ത്യൻ നാവികസേനയുടെ വ്യോമവിഭാഗം ശക്‌തി പ്രാപിച്ചതോടെ 1978 ൽ കൂടുതൽ സൗകര്യമുള്ള സ്‌ഥലത്ത് സ്കൂളിന്റെ പ്രവർത്തനം മാറ്റി. തുടർന്നു പുതിയ കോഴ്സുകളും ആരംഭിച്ചു. എയർ എൻജിനിയർ, എയർ ഇലക്ട്രിക്കൽ ഓഫീസർ എന്നിവർക്കുള്ള പരിശീലനകേന്ദ്രവും ഇവിടെ ആരംഭിച്ചു. ഇന്നു ലോകത്തിലെ മികച്ച എയ്റോനോട്ടിക്കൽ പരിശീലനകേന്ദ്രങ്ങളിലൊന്നായി എൻഐഎടി മാറി. ഇവിടത്തെ പ്രായോഗികതയിലൂന്നിയുള്ള പരിശീലന രീതിയും മികച്ച അടിസ്‌ഥാന സൗകര്യങ്ങളും എൻഐഎടിയെ മികച്ച കേന്ദ്രമാക്കി മാറ്റുന്നതിനു സഹായിച്ചു.

വഴിത്തിരിവ്

നേവൽ എയർ ടെക്നിക്കൽ സ്കൂളായി പ്രവർത്തിച്ചു വരികയായിരുന്ന ഈ കേന്ദ്രം എൻഐഎടിയായി വികസിച്ചതിനു പിന്നിൽ ഇന്ത്യയുടെ മിസൈൽമാൻ ഡോ.എ.പി.ജെ. അബ്ദുൾ കലാമിനു വലിയ പങ്കുണ്ട്. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചതാണ് വഴിത്തിരിവായത്. 1997 മാർച്ച് 24 നായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. എയർടെക്നിക്കൽ സ്കൂൾ ആയിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിനെ എയ്റോനോട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്താനുള്ള നിർദേശം നൽകുകയും അതിനുവേണ്ട എല്ലാ പിന്തുണയും അദ്ദേഹം നൽകി. തുടർന്നു 1997 നവംബർ 21 നു നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജിയായി ഈ സെന്റർ മാറി. അബ്ദുൾ കലാം സെന്ററിന്റെ ഉപദേശക സമിതി അധ്യക്ഷനായി.

ലോകത്തിലെ മികച്ച വ്യോമസേനാംഗങ്ങളെ വളർത്തിയെടുക്കുന്നതിൽ എൻഐഎടിക്കു വലിയ പങ്കുണ്ട്. അതിസമർഥരും മികച്ച പരിശീലനം ലഭിച്ചവരുമായ വ്യോമസേനാ പൈലറ്റുമാരും എൻജിനിയർമാരും എല്ലാ വർഷവും ഇവിടെ നിന്നു പുറത്തിറങ്ങുന്നുണ്ട്. വർഷം മൂവായിരത്തിലധികം സേനാ അംഗങ്ങൾ ഇവിടെ പരിശീലനം നടത്തി പുറത്തിറങ്ങുന്നുണ്ട്. എയ്റോനോട്ടിക്കൽ എൻജിനിയറിംഗിൽ എംടെക് ബിരുദവും ബിഎസ്സി ഡിഗ്രിയും ഇവിടെ നിന്നെടുക്കാം. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ബിരുദമാണ് പരിശീലനം പൂർത്തിയാകുന്നവർക്ക് ലഭിക്കുന്നത്. മുന്നൂറോളം ഡിപ്ലോമ കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്. എയർ വെപ്പൺ, എയർ എൻജിനിയറിംഗ്, എയർ ഇലക്ട്രിക്കൽസ്, ഏവിയോണിക്സ് എന്നീ നാലു മേഖലകളിലുള്ള പരിശീലനമാണു നൽകുന്നത്.


നാവികസേനയുടെയും കരസേനയുടെയും അംഗങ്ങൾക്കു പുറമെ പല ലോകരാജ്യങ്ങളിൽ നിന്നുള്ള നാവികസേനാ അംഗങ്ങളും പരിശീലനത്തിനായി ഇവിടെ എത്താറുണ്ട്. മികച്ച പരിശീലനവും സൗകര്യങ്ങളും തന്നെയാണ് വിവിധരാജ്യങ്ങളിൽ നിന്നുള്ള നാവികസേനാംഗങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. എഐസിടിഇയുടെ സെന്റർ ഫോർ എക്സലൻസ് അംഗീകാരവും സെന്ററിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പട്ടാളത്തിന്റെ കരുത്തായി രാജ്യത്തെ കാക്കുന്ന വ്യോമസേനയുടെ കരുത്തും ഇവിടെ നിന്ന് പരിശീലനം പൂർത്തിയായവരാണ്. പൈലറ്റുമാർ, എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലുള്ളവർ, ഒബ്സർവർമാർ തുടങ്ങിയവരെല്ലാം ഇവിടെ പരിശീലനം നേടിയവരാണ്.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗില18ൃമ2.ഷുഴ മഹശഴി=ഹലളേ>

പാഠപുസ്തകത്തിനപ്പുറം

പാഠപുസ്തകത്തിൽ ഒതുങ്ങുന്നതല്ല ഇവിടത്തെ പരിശീലനം. ഇവിടെ എത്തുന്ന വിദ്യാർഥികൾക്കു പരിശീലനത്തിനായി നാവികസേനയുടെ 14 എയർക്രാഫ്റ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും പുതിയ മിഗ് കെ 29 ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സിമുലേറ്റർ എൻഐഎടിയിൽ സ്‌ഥാപിച്ചിട്ടുണ്ട്. വിമാനങ്ങളെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും അടിമുടി അറിയാനുള്ള സൗകര്യം ഇവിടെ ഉണ്ട്.

ഇതെല്ലാം പരിശീലനത്തിനെത്തുന്നവർക്കു സഹായകമാണ്. നാവികസേന ഉപയോഗിക്കുന്ന എല്ലാ എയർക്രാഫ്റ്റുകളെക്കുറിച്ചുമുള്ള അറിവ് ഇവിടെ നിന്നു ലഭിക്കുന്നു. ഇത് തന്നെയാണ് എൻഐഎടിയെ മറ്റു കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നതും.

ലാബുകൾ ഉൾപ്പെടെ ഏറ്റവും അത്യാധുനിക സജ്‌ജീകരണങ്ങളാണ് എൻഐഎടിയിൽ ഒരുക്കിയിരിക്കുന്നത്.

സെന്ററിനെ രാജ്യത്തെ ഏറ്റവും മികച്ച എയ്റോനോട്ടിക്കൽ പരിശീലന കേന്ദ്രമാക്കുന്നതും പ്രാക്ടിക്കൽ അടിസ്‌ഥാനമാക്കിയുള്ള ഈ പരിശീലനമാണ്. പരിശീലനസമയത്ത് ആവശ്യമായ എല്ലാവിധ പ്രായോഗിക സഹായങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മികച്ച പരിശീലനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ സെന്റർ മുൻപന്തിയിലാണ്.

ഇ–ലേണിംഗ് സംവിധാനം

വിദ്യാർഥികൾക്കു സഹായകമായി ഇ–ലേണിംഗ് സംവിധാനവും മികച്ച ലൈബ്രറിയും ഇവിടുണ്ട്. നേവൽ ഏവിയേഷൻ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റം എന്ന ഇ–ലേണിംഗ് സംവിധാനത്തിലുള്ള എണ്ണൂറിലേറെ ഇ–ബുക്കും 800 വീഡിയോയും 1444 പവർപോയിന്റ് പ്രസന്റേഷനും ഇവിടെയുണ്ട്. പതിനായിരത്തിലേറെ പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയും പ്രത്യേകതയാണ്.

എയ്റോനോട്ടിക്കൽ പരിശീലനത്തിൽ ഏറെ പ്രധാനപ്പെട്ട വിൻഡ് ടണൽ സൗകര്യവും ഇവിടെ ലഭ്യമാണ്. മികച്ച പരിശീലനം നേടിയ നൂറിലേറെ അധ്യാപകർ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജിയിലുണ്ട്.

രാജ്യത്തിനായി അറുപതു വർഷത്തെ സേവനം പൂർത്തിയാക്കുകയാണ് ഈ കേന്ദ്രം. ഇന്ത്യയുടെ മിസൈൽ മാൻ ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ പിന്തുണ മികച്ച പൈലറ്റുമാരെയും എൻജിനിയർമാരെയും രാജ്യത്തിന് നൽകിയ ഈ പ്രസ്‌ഥാനത്തിന് പിന്നിലുണ്ടെന്നത് തന്നെ അഭിമാനകരമാണ്. ദീർഘവീക്ഷണമുള്ള ആ മനുഷ്യന്റെ അഗ്നിച്ചിറകുകളിലേറിയാണ് എൻഐഎടി യാത്ര തുടരുന്നത്.

<യ> –അരുൺ സെബാസ്റ്റ്യൻ