പാലാ കടപ്പാട്ടൂർ മഹാദേവന്റെ അവതാരചരിതം ഓട്ടൻതുള്ളലായി അരങ്ങിൽ
പാലാ കടപ്പാട്ടൂർ മഹാദേവന്റെ അവതാരചരിതം ഓട്ടൻതുള്ളലായി അരങ്ങിൽ
കോട്ടയം: പാലാ കടപ്പാട്ടൂർ മഹാദേവന്റെ അവതാര ചരിതം ഓട്ടൻതുള്ളലായി അരങ്ങിലെത്തുന്നു. പ്രശസ്ത തുള്ളൽ കലാകാരൻ പാലാ കെ.ആർ. മണിയാണ് കടപ്പാട്ടൂരപ്പന്റെ കഥ തുള്ളലായി ആദ്യമായി അരങ്ങിലെത്തിക്കുന്നത്. കടപ്പാട്ടുർ ക്ഷേത്രത്തിലെ വിഗ്രഹ ദർശനദിനാഘോഷത്തിന്റെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് 2.30ന് ദീപാരാധനയ്ക്കുശേഷമാണു ക്ഷേത്രസന്നിധിയിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത്.

കെ.ആർ. മണി തന്നെ എഴുതി വിഎൻഎസ് വടക്കേമഠം മേവിട, പ്രഫ. ശ്രീലകം വേണുഗോപാൽ എന്നിവർ ചിട്ടപ്പെടുത്തിയ കഥയ്ക്ക് കടപ്പാട്ടൂർ പുരേഖ ചരിതം എന്നാണ് പേരിട്ടിരിക്കുന്നത്. കലാമണ്ഡലം പ്രഭാകരനാണ് ഓട്ടൻതുള്ളലിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ വർഷങ്ങളായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചു വന്നിരുന്ന പാലാ കെ.ആർ. മണി വർഷങ്ങളായി കടപ്പാട്ടൂരിൽ ദർശനത്തിനു പതിവായി പങ്കെടുക്കുന്ന ഭക്‌തനാണ്. അമ്പലത്തിൽ നിന്നു കിട്ടിയ പുസ്തകത്തിൽ കടപ്പാട്ടൂരപ്പന്റെ കഥ വായിച്ച മണി ഇത് ഓട്ടൻ തുള്ളലായി അവതരിപ്പിക്കാനായി കഥ എഴുതുകയായിരുന്നു.

അമ്പലത്തിന്റെ ചരിത്രം സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ വായിച്ചു പഠിച്ചാണ് തുള്ളലിനായി കഥ എഴുതിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളാണു കഥ തുള്ളലായി അവതരിപ്പിക്കാൻ അനുമതി നൽകിയത്. ’കടപ്പാട്ടൂർ പുരം തന്നിൽ വിളങ്ങും ശ്രീ മഹാദേവൻ... തിരുഅവതാരം ചെയ്തതറിഞ്ഞേ കഥാഭാഗം...’ എന്ന പ്രാരംഭ ഈരടികളോടെ തുടങ്ങുന്ന തുള്ളൽ 45 മിനിറ്റ് നീണ്ടുനില്കും. മരം വെട്ടിയപ്പോൾ വിഗ്രഹം കാണുന്നതു മുതൽ ഇന്നത്തെ കടപ്പാട്ടൂർ ക്ഷേത്രത്തിന്റെ പുരോഗതിയും വളർച്ചയും വരെ കഥയിലുണ്ട്. കലാമണ്ഡലം പ്രഭാകരനും, നാരായണനുമാണ് പാട്ട് പാടുന്നത്. പ്രണവും രാകേഷ് മോഹൻ മൃദംഗവും കലാമണ്ഡലം പുരുഷൻ ഇടയ്ക്കയുമായി പിന്നണിയിലുണ്ട്.


പ്രശസ്ത തുള്ളൽ വിദഗ്ധൻ പാലാ പോണാട് കുന്നത്തോലിക്കൽ കെ.ആർ. രാമൻകുട്ടിയുടെ മകനാണ് കെ.ആർ. മണി. പിതാവിൽനിന്നും തുള്ളലിൽ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയ മണി കേരള കലാമണ്ഡലത്തിൽ ഉപരിപഠനം നടത്തി. കഴിഞ്ഞ 30 വർഷത്തിലധികമായി കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ അരങ്ങുകളിലും ദൂരദർശൻ, ആകാശവാണി തുടങ്ങിയ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും തുള്ളൽ അവതരിപ്പിച്ചു വരുന്നു. കൂടാതെ സ്കൂൾ യുവജനോത്സവങ്ങളിൽ നിരവധി കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു.

കല്യാണസൗഗന്ധികം, ഗുരുഡഗർവഭംഗം, പാഞ്ചാലി സ്വയംവരം, സന്താനഗോപാലം, കിരാതം, കൃഷ്ണനാർജുന വിജയം, അക്ഷയ പാത്രം തുടങ്ങിയ കഥകളാണു പ്രധാനമായും അവതരിപ്പിച്ചു വരുന്നത്. സ്വന്തമായി കഥ എഴുതി ചിട്ടപ്പെടുത്തി നിരവധി വേദികളിലും ഓട്ടൻ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. അഖില കേരള തുള്ളൽ കലാസമിതിയുടെ സെക്രട്ടറി കൂടിയായ മണിക്ക് കലാ രംഗത്ത് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.