ഫുട്സാലും, ഇടവപ്പാതി ടൂർണമെന്റും
<യ> വി. മനോജ്

ഇടുങ്ങിയ വഴികളിലും വീട്ടുമുറികളിലും പന്തു തട്ടിക്കളിക്കുന്നത് ലാറ്റിനമേരിക്കയിൽ എല്ലായ്പോഴും നിറഞ്ഞുകാണാം. ഫുട്ബോളിന്റെ ചെറുപാഠങ്ങൾ പലതും ഇവിടങ്ങളിൽ നിന്നു പഠിച്ചിറങ്ങി പിൽക്കാലത്ത് കാൽപ്പന്തുകളിയിൽ വിസ്മയക്കുതിപ്പുകൾ സൃഷ്ടിച്ചവരുടെ വൻനിര തന്നെയുണ്ട് ലോക ഫുട്ബോളിൽ. പടുകൂറ്റൻ സ്റ്റേഡിയങ്ങളിൽ മാത്രമല്ല, എല്ലായിടത്തും ഫുട്ബോളിനു വോരോട്ടമുണ്ട്. പുതിയ രൂപ ഭാവങ്ങളിലൂടെ ആരാധകരെ അതു പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെയാണ് ചെന്നൈയിലും മലപ്പുറത്തും കാൽപ്പന്തുകളിയുടെ വ്യത്യസ്ത കാഴ്ചകൾ കാണുന്നത്. ഒരു വശത്ത് ലോക ഫുട്ബോളിലെ മഹാരഥൻമാരിൽ ചിലർ പ്രതാപകാലം ഓർമിപ്പിച്ചു ഫുട്സാൽ എന്ന പേരിൽ ചെന്നൈയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പന്തുകളിക്കുമ്പോൾ ഫുട്ബോളിനെ ഹൃദയത്തോടു ചേർത്ത മലപ്പുറത്ത് ചെളിയിലാണ് പന്തുകളി. ഒന്ന് ഇൻഡോറിലെങ്കിൽ മറ്റൊന്ന് ഔട്ട്ഡോറിൽ. കളിയ്ക്കു ചില വ്യത്യാസങ്ങൾ മാത്രമേയുള്ളൂ.

കളിയാരാധകർക്ക് ആസ്വദിക്കാൻ ചടുലമായ നീക്കങ്ങളും തന്ത്രങ്ങളും ഡ്രിബ്ലിംഗും വേണ്ടുവോളമുണ്ട് രണ്ടിലും. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലും ഗോവയിലുമായാണ് പ്രീമിയർ ഫുട്സാൽ അരങ്ങേറുന്നത്. ബ്രസീൽതാരം റൊണാൾഡീഞ്ഞോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രിയതാരമായിരുന്ന ഗിഗ്സ്, അർജന്റീനയുടെ ഹെർനൻ ക്രെസ്പോ, സ്പാനിഷ്താരം സാൽഗാഡോ, ഫാൽക്കാവോ തുടങ്ങിയ വൻനിരയാണ് ഫുട്സാലിൽ കളിക്കുന്നത്. അഞ്ചു പേർ അടങ്ങുന്ന ഫുട്സാലിൽ ഇരുപതു മിനിറ്റ് വീതമുള്ള രണ്ടു പകുതികളിലായാണ് മത്സരം.

മാർക്വിതാരം ഉൾപ്പെടെ 12താരങ്ങൾ ഉൾപ്പെട്ടതാണ് ടീം. ഇതിൽ അഞ്ച് ഇന്ത്യൻ താരങ്ങളുമുണ്ട്. ഇൻഡോർ കോർട്ടിലാണ് കളി. കൊച്ചി, ബംഗളൂരൂ, ചെന്നൈ, ഗോവ, കൊൽക്കത്ത, മുംബൈ നഗരങ്ങളുടെ പേരിലുള്ള ഫ്രാഞ്ചൈസി ടീമുകളാണ് കളിക്കുന്നത്. ഇതിനിടെ ഗോവ ടീമിലെ സൂപ്പർതാരം റൊണാൾഡീഞ്ഞോ ഗോളടിച്ചുകൂട്ടി നാട്ടിലേക്കു മടങ്ങി. ബംഗളൂരൂ ടീമിനെതിരേ അഞ്ചു ഗോളടിച്ചു തകർപ്പൻ ജയവുമായാണ് നാട്ടിൽ നടക്കുന്ന ഗെയിംസുമായി ബന്ധപ്പെട്ടു റൊണാൾഡീഞ്ഞോ മടങ്ങിയത്. സാധാരണ കളിക്കുന്ന ഫുട്ബോളിനേക്കാൾ ചെറുതാണ് (നമ്പർ–4) ഫുട്സാലിന് ഉപയോഗിക്കുന്നത്. ചെറിയ ഗ്രൗണ്ടും പോസ്റ്റുമാണ് ഫുട്സാലിനു വേണ്ടത്. ഇങ്ങനെ ഒട്ടേറെ വിശേഷങ്ങളുമായി ഫുട്സാൽ ആവേശമായിക്കഴിഞ്ഞു.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ21ംമ2.ഷുഴ മഹശഴി=ഹലളേ>

ഇടവപ്പാതി ഫുട്ബോൾ അഥവാ ചെളിപ്പന്തുകളി

ചെന്നൈയിൽ ഫുട്സാൽ എങ്കിൽ മലപ്പുറത്തു ചെളി പന്തുകളിയാണ് ഹരം. ഫുട്ബോൾ സിരകളിലൊഴുകുന്ന മലപ്പുറത്ത് ഇടവപ്പാതിയിൽ ചെളി പന്തുകളി നടന്നുവരികയാണ്. പുൽമൈതാനങ്ങളിൽ കണ്ടു ശീലിച്ച കളിയല്ല ഇത്. ചെളി നിറഞ്ഞ പാടത്ത് പന്തിനു വേണ്ടിയുള്ള മത്സരം ഓരോ നിമിഷവും ആവേശം വിതറുന്നതായിരുന്നു, മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കഴിഞ്ഞ രണ്ടു ദിനങ്ങളിലായി നടത്തിയ ചെളി പന്തുകളി. മലപ്പുറത്തിനടുത്ത് കോഡൂരിലാണ് ചെളിപന്തുകളി ‘മഡ്മസ’ സംഘടിപ്പിച്ചത്. കോഡൂരിലെ പാടത്ത് ട്രാക്ടർ ഉപയോഗിച്ചു 30 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ഉഴുതു മറിച്ചാണ് ഗ്രൗണ്ട് ഒരുക്കിയത്. ചുറ്റും കമുകു കൊണ്ടു കാണികൾക്ക് ഇരിപ്പടവും സജ്‌ജമാക്കി. യുവാക്കളുടെ ക്രിയാത്മകത കായിക രംഗത്തുപയോഗിച്ചു ലഹരിയെ ചെറുക്കുക എന്ന ലക്ഷ്യമായിരുന്നു മത്സരത്തിനു പിന്നിൽ. എക്സൈസ് വകുപ്പ് കമ്മീഷണർ ഋഷിരാജ് സിംഗ് ആണ് നിറഞ്ഞ കാണികൾക്കു മുന്നിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. യുവാക്കളുടെ കർമശേഷി ക്രിയാത്മകമായി ഉപയോഗിച്ച് ലഹരിയെ തയുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു.


ഡിടിപിസിയുടെ നേതൃത്വത്തിൽ നടത്തിയ മഡ് ഫുട്ബോൾ അടക്കമുള്ള പരിപാടികൾ പ്രശംസനീയമാണ്. മറ്റു പല പദ്ധതികളിലെന്ന പോലെ മലപ്പുറം ലഹരിവിരുദ്ധ പ്രവർത്തനത്തിലും സംസ്‌ഥാനത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതു രണ്ടാം തവണയാണ് മലപ്പുറത്ത് ചെളി പന്തുകളി ഡിടിപിസി സംഘടിപ്പിക്കുന്നത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയിൽ നിന്നുള്ള പ്രണവം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബായിരുന്നു ചാമ്പ്യൻമാർ. ഇത്തവണ സംസ്‌ഥാന താരങ്ങൾ അടക്കമുള്ളവർ പങ്കെടുത്ത മത്സരത്തിൽ 24 ടീമുകളാണ് പങ്കെടുത്തത്. ആദ്യദിനത്തിൽ പ്രീക്വാർട്ടർ വരെയുള്ള മത്സരങ്ങളായിരുന്നു. ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ രണ്ടാംദിനത്തിലും നടന്നു. സാധാരണ ഫുട്ബോളിൽ നിന്നു വ്യത്യസ്തമായിരുന്നു ചെളിപന്തുകളിയുടെ നിയമങ്ങൾ. പത്തു മിനിറ്റ് വീതമുള്ള രണ്ടു പകുതിയായാണ് മത്സരം. മൂന്നു സബ്സ്റ്റിറ്റ്യൂട്ട് അടക്കം എട്ടുപേരാണ് ഒരു ടീമിലുണ്ടാവുക. കളിക്കിടെ ചളി കണ്ണിൽ പുരണ്ടാൽ റഫറിയുടെ അനുവാദമില്ലാതെ പുറത്തുപോകാം. ചെളിയിൽ പന്തു നിർത്താൻ കഴിയാത്തതിനാൽ പെനാൽറ്റി അടിക്കുന്നതും രസകരമായിരുന്നു. സഹതാരം ഇട്ടുകൊടുക്കുന്ന പന്ത് നിലത്തുവീഴും മുമ്പേ പോസ്റ്റിലേക്ക് അടിക്കണം. സ്തീകളടക്കം നിരവധി പേരാണ് മത്സരം കാണാനെത്തിയിരുന്നത്. കളിക്കാർ പന്തുതട്ടുന്നതും വീഴുന്നതും കാണികളിൽ ഹരം കൊള്ളിക്കുന്നതായിരുന്നു. ഇതിനിടെ ഗോളവസരങ്ങൾ പാഴാകുന്നതാണ് ഏറെ കൗതുകകരം. ആവേശം അലതല്ലിയ ചെളിപ്പന്തുകളിയിൽ വളാഞ്ചേരി സഫാ കോളജ് ആണ് വിജയികളായത്. കരുവാരക്കുണ്ട് റോക്ക് ബോയ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ഗോളിനു തോൽപ്പിച്ചാണ് സഫാ കേളേജ് കിരീടം സ്വന്തമാക്കിയത്. മികച്ച കളിക്കാരനായി റോക്ക് ബോയ്സിന്റെ കെ. ആഷിഖിനെയും ഗോൾകീപ്പറായി ഷാജിയെയും തെരഞ്ഞെടുത്തു. സഫാ കോളജിന്റെ നൗഷാദാണ് ടോപ് സ്കോറർ. ഫൈനലിലെ മികച്ച കളിക്കാരനായി സഫാ കോളജിലെ ഷംനാസിനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് കളക്ടർ എസ്. വെങ്കടേശപതി ട്രോഫികൾ നൽകി. വിജയികൾക്കു 25000 രൂപയും രണ്ടാം സ്‌ഥാനക്കാർക്കു 15000 രൂപയുമായിരുന്നു സമ്മാനം. ഗോകുലം ഗ്രൂപ്പായിരുന്നു സ്പോൺസർമാർ. ഇതിന്റെ തുടർച്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം മത്സരങ്ങൾ നടത്താൻ ഡിടിപിസിക്ക് പദ്ധതിയുണ്ട്. ഇതിനിടെ ടൂർണമെന്റ് നടത്താൻ പലരും രംഗത്തു വന്നിട്ടുണ്ട്. ഓഗസ്റ്റ് ആദ്യവാരത്തിൽ തിരൂർ പടിഞ്ഞാറെക്കര ബീച്ചിൽ ബീച്ച് ഫുട്ബോൾ നടത്താൻ ഒരുങ്ങുകയാണ് ഡിടിപിസി. പ്രതിരോധ കുത്തിവയ്പിന്റെ പ്രചാരണത്തിനാണ് മത്സരം സംഘടിപ്പിക്കുന്നത്. അതേസമയം ഇടവപ്പാതിയിൽ ഇത്തരം പ്രത്യേകമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ മാത്രമല്ല മലപ്പുറത്തു നടക്കുന്നത്.