കിലുകിലെ കിലുങ്ങിയ കിലുക്കം
<യ> ചിരിപ്പിച്ചു മുന്നേറിയ 25 വർഷങ്ങൾ

കോടമഞ്ഞു പുതച്ച ഊട്ടിയിലെ ഒരു പ്രഭാതം. റെയിൽവേ സ്റ്റേഷൻ. ഘട... ഘട... ശബ്ദത്തോടെ പുകതുപ്പി കിതച്ചുകൊണ്ട് ഒരു ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക്. പ്ലാറ്റ്ഫോം ബഞ്ചിൽ മയങ്ങിക്കിടന്ന പോർട്ടർമാരും ഗൈഡുകളും സജീവമായി. സ്റ്റേഷൻ ഉണർന്നു. ട്രെയിനിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഒരു വെള്ള കുട. വെള്ളിമണിമുത്തുകളുടെ കിലുക്കവുമായി പാദസ്വരമണിഞ്ഞ കാലുകൾ പ്ലാറ്റ്ഫോമിൽ വന്നു പതിച്ചു. ‘പാർവതി തമ്പുരാട്ടി’... ആ കാലുകൾ മലയാള സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് നടന്നു കയറിയിട്ട് 25 വർഷം പിന്നിട്ടു. സിനിമാ കൊട്ടകയിൽ ചിരിയുടെ അടങ്ങാത്ത അലകൾ സമ്മാനിച്ച പാദസ്വരത്തിന്റെ കിലുക്കത്തിൽ മഞ്ഞു പൊതിഞ്ഞപ്പോൾ പാർവതി തമ്പുരാട്ടി ‘നന്ദിനി’യായി. ആ മഞ്ഞിന്റെ നനവ്, അച്ഛനെ തിരഞ്ഞിറങ്ങിയ അനാഥ പെൺകുട്ടിയുടെ നൊമ്പരമായി പ്രേക്ഷകനിലേക്ക് പടർന്നിറങ്ങി.

1991ലെ സ്വാതന്ത്ര്യദിന പുലരി. അന്നായിരുന്നു പാർവതി തമ്പുരാട്ടി എന്ന നന്ദിനിയുടെ പാദസ്വര ‘കിലുക്കം’ മലയാളികൾ ആദ്യമായി കേട്ടത്. നന്ദിനി ഒറ്റക്കായിരുന്നില്ല. കൂടെ ജോജിയും ഫോട്ടോഗ്രാഫർ ഓഫ് ഇന്ത്യ എന്ന് സ്വയം പരിചയപ്പെടുത്തിയ നിശ്ചലും റിട്ടയേഡ് ജസ്റ്റിസ് പിള്ളയും അദ്ദേഹത്തിന്റെ പാചകക്കാരൻ കിട്ടുണ്ണിയും ഉണ്ടായിരുന്നു. ബോയിംഗ് ബോയിംഗ്, അരം+അരം= കിന്നരം എന്നീ പ്രിയദർശൻ ചിത്രങ്ങളും കൊട്ടകകളെ ചിരിയിൽ ആറാടിച്ചവയായിരുന്നെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായാണ് കിലുക്കത്തെ പ്രിയദർശനും മലയാളക്കരയും കാണുന്നത്. ചിരിച്ചു ചിരിച്ചു മണ്ണുകപ്പുമ്പോൾ ഉള്ളിൽ കൊളുത്തി വലിക്കുന്ന ചില നീറ്റലുകൾ... അതായിരുന്നു കിലുക്കത്തിന്റെ വ്യത്യസ്തത. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കിലുക്കം.

<യ> ജോജിയും നിശ്ചലും

ടൂറിസ്റ്റ് ഗൈഡായ ജോജി എന്ന യുവാവ്. വെൽകം ടൂ ഊട്ടി നൈസ് ടു മീറ്റ് യു എന്ന ഒറ്റ ഇംഗ്ലീഷ് വാചകം മാത്രം കൈമുതലാക്കി തനിക്കും തന്റെ കൂട്ടുകാരൻ ജോജിക്കും അന്നന്നത്തെ അന്നത്തിനു കഷ്‌ടപ്പെടുന്ന നിശ്ചൽ. ഇണക്കങ്ങളും പിണക്കങ്ങളും ശണ്ഠയും കൊച്ചു കൊച്ചു സ്വാർഥതകളും അസൂയയും കുശുമ്പും നിറഞ്ഞ ഇവരുടെ സൗഹൃദം. നിരവധി ബന്ധുക്കളും സ്വന്തരക്‌തത്തിൽ പിറന്ന മക്കളും ഉണ്ടെങ്കിലും ഒരു വലിയ ബംഗ്ലാവിൽ ഒറ്റയ്ക്കു കഴിയേണ്ടിവരുന്ന റിട്ടയേഡ് ജസ്റ്റിസ് പിള്ളയുടെ ആത്മ സംഘർഷങ്ങൾ. അതിനെല്ലാം ഇരയാകേണ്ടി വരുന്ന കിട്ടുണ്ണി എന്ന വേലക്കാരന്റെ ദയനീയത. കത്തുകളിലൂടെ താൻ അറിഞ്ഞ അച്ഛനെ പുനർനിർമിക്കാനുള്ള നന്ദിനിയുടെ ശ്രമങ്ങൾ. അങ്ങനെ ബന്ധങ്ങളുടെ നൂലിഴകളെ ഭംഗിയായി നെയ്തെടുക്കുന്നു കിലുക്കം.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ22്മ2.ഷുഴ മഹശഴി=ഹലളേ>

സിനിമ ഒരു വ്യക്‌തിയുടെ കലയല്ല. ഒരു കൂട്ടായ്മയുടെ ഫലമാണത്. തന്റെ ഈ അഭിപ്രായത്തെ കിലുക്കത്തിലൂടെ പ്രിയദർശൻ അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാവാം ഇനിയൊരു കിലുക്കം എടുക്കാനുള്ള ധൈര്യമില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നതും. കിലുക്കത്തിനെ 25 വർഷത്തിനപ്പുറവും സജീവമായി നിലനിർത്തുന്നതും അതേ കൂട്ടായ്മ തന്നെ...

<യ> ഗൗരവക്കാരനായ എഴുത്തുകാരൻ

സർവകലാശാല, സുഖമോ ദേവി, ആയിരപ്പറ, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകൾ മലയാളികൾക്കു സമ്മാനിച്ച അതേ തൂലികയിൽ നിന്നാണു കിലുക്കവും പിറന്നത്. പൊതുവെ ഗൗരവവും വിഷാദവും നിറഞ്ഞു നിന്ന കഥകളായിരുന്നു വേണു നാഗവള്ളി സിനിമകളിലധികവും. തമാശപ്പടം എന്ന ലേബലിനപ്പുറത്തേക്കു കിലുക്കത്തെ വളർത്തിയതും ആ തൂലികയുടെ മികവു തന്നെ. കിലുക്കം കണ്ട് ആർത്തുചിരിക്കുന്ന പലർക്കും അറിയില്ല ഇത് എഴുതിയതു വേണു നാഗവള്ളിയാണെന്ന കാര്യം.

ഒരു പെൺകുട്ടി ജീവിതത്തിൽ നേരിടുന്ന കഷ്‌ടപ്പാടുകളായിരുന്നു കിലുക്കത്തിനായി പ്രിയദർശന്റെ ഉള്ളിൽ വിരിഞ്ഞ ആദ്യ ആശയം. എന്റെ സൂര്യപുത്രിക്ക് സിനിമയുടെ ജോലിയിൽ ആയിരുന്ന ഫാസിലാണ് പ്രിയന് കഥയിൽ പുതിയ വഴിത്തിരിവ് നൽകിയത്. അമ്മയെ അന്വേഷിച്ചിറങ്ങുന്ന മകളുടെ കഥ പറഞ്ഞ എന്റെ സൂര്യപുത്രിയുടെ കഥ തിരിച്ചിടാനായിരുന്നുഫാസിലിന്റെ ഉപദേശം. അങ്ങനെയാണ് അച്ഛനെ അന്വേഷിച്ചിറങ്ങുന്ന നന്ദിനിയുടെ കഥയായി കിലുക്കം രൂപാന്തരപ്പെടുന്നത്. അക്കാലത്തെ പ്രിയദർശൻ സിനിമകൾ പോലെ തന്നെ ഷൂട്ടിംഗിനിടയിലാണ് കിലുക്കത്തിന്റേയും രചന പുരോഗമിച്ചത്. ഷൂട്ടിംഗിനൊപ്പം സംഭാഷണങ്ങൾ എഴുതി. ഫോട്ടോഗ്രാഫറായ ജഗതിയുടെ കഥാപാത്രത്തിന് നിശ്ചൽ എന്ന പേരിട്ടത് വേണു നാഗവള്ളിയായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അതുല്യപ്രതിഭകളുടെ അഭാവം മാത്രമല്ല വേണു നാഗവള്ളിയുടെ അസാന്നിധ്യവും ഇനിയൊരു കിലുക്കം സംഭവിക്കാത്തതിനു പിന്നിലുള്ള കാരണമാകുന്നു.

<യ> പോരടിച്ച കോമ്പിനേഷനുകൾ

കൊട്ടകയിൽ ചിരി പടർത്തിയ കിലുക്കം അഭിനേതാക്കളുടെ കോമ്പിനേഷൻ കൊണ്ട് സമ്പന്നമായിരുന്നു. എല്ലാവരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. കൂടെയുള്ള നടന്റെ അഭിനയം തന്റെ അഭിനയത്തെ സ്വാധീനിക്കാറുണ്ടെന്ന് മോഹൻലാൽ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കിലുക്കം അതു വ്യക്‌തമാക്കുന്നുമുണ്ട്. മോഹൻലാൽ–ജഗതി, മോഹൻലാൽ–തിലകൻ, മോഹൻലാൽ–രേവതി, തിലകൻ–രേവതി, തിലകൻ–ഇന്നസെന്റ് അങ്ങനെ നീളുകയാണ് കിലുക്കം മലയാളികൾക്ക് സമ്മാനിച്ച രസതന്ത്രത്തിന്റെ കൂട്ടുകൾ. പ്രേക്ഷകരെ ചിരിപ്പിക്കാൻ മത്സരിക്കുകയായിരുന്നു ഇവർ. കിലുക്കത്തിലെ രസകരമായ സംഭാഷണങ്ങൾ മലയാളിയുടെ ദൈനംദിന ജീവിതത്തിൽ പോലും കടന്നു വരുന്നു. ഈ സംഭാഷണങ്ങളിൽ നടീനടൻമാർക്കും വലിയ പങ്കുണ്ടെന്നു സംവിധായകൻ സമ്മതിക്കുന്നു. തിലകനെ ഒളിഞ്ഞു നോക്കാൻ പോകുന്ന ജഗതി ഗ്ലാസിൽ പറ്റിയിരുന്ന മഞ്ഞു തുടച്ചു കളയുന്ന ഒരു രംഗമുണ്ടായിരുന്നു. കൈകൊണ്ട് തുടയ്ക്കുവാനായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഷോട്ട് തുടങ്ങിയപ്പോൾ ഗ്ലാസിലെ മഞ്ഞ് അദ്ദേഹം നക്കി തോർത്തുകയായിരുന്നു. അതു കൊട്ടകയിൽ പടർത്തിയ ചിരി ചില്ലറയല്ല. അതിനേക്കുറിച്ചു ചോദിച്ചപ്പോൾ മഞ്ഞു പെയ്തുകൊണ്ടിരിക്കുമ്പോൾ കോട്ടിൽ നിന്നും ആരും കൈ എടുക്കില്ലെന്നായിരുന്നത്രെ ജഗതിയുടെ മറുപടി.


വളരെ ഗൗരവമുള്ള കഥാപാത്രമായിരുന്നു തിലകൻ അവതരിപ്പിച്ച റിട്ടയേഡ് ജസ്റ്റിസ് പിള്ള. പക്ഷെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ അദ്ദേഹവും പിന്നോട്ടു പോയില്ല. കിട്ടുണ്ണിയേട്ടന് ലോട്ടറിയടിക്കുന്ന രംഗവും അതിനു ശേഷം തന്നെ ഒരു കഴുതയെപ്പോലെ പണിയെടുപ്പിച്ച മുതലാളിയോടുള്ള കിട്ടുണ്ണിയുടെ പ്രതികരണവും ലോട്ടറി അടിച്ചില്ല എന്നു തിരിച്ചറിഞ്ഞ ശേഷം മടങ്ങിവരുന്ന കിട്ടുണ്ണിയും പ്രേക്ഷന് ഒരിക്കലും മറക്കാനാകാത്ത ചിരി വിരുന്നാണു സമ്മാനിച്ചത്.

ജഗതിയും മോഹൻലാലും ചേർന്നു പ്രേക്ഷകർക്കു സമ്മാനിച്ച ചിരി നിമിഷങ്ങൾ ഏറെയാണ്. ഞാനും ജോജിയും അടിച്ചു പിരിഞ്ഞു, മുഛേ ഹിന്ദി മാലു ഊ..ഊ.., ചാറു കൂട്ടി നക്കിയാൽ മതി തുടങ്ങിയ നിശ്ചലിന്റെ രസകരമായ സംഭാഷണങ്ങൾ മലയാളികൾ എറ്റെടുത്തു. കോമഡി രംഗങ്ങളിൽ മാത്രമല്ല ഇമോഷണൽ രംഗങ്ങളിലും ഈ കോമ്പിനേഷനുകൾ മികച്ചുനിന്നു. മോഹൻലാൽ–രേവതി, തിലകൻ–രേവതി കൂട്ടുകെട്ടുകളും നൊമ്പരത്തിന്റെ ചില്ലുകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ പതിപ്പിക്കുന്നുണ്ട്. 1991ലെ മികച്ച നടനുള്ള സംസ്‌ഥാന പുരസ്കാരം മോഹൻലാലും മികച്ച രണ്ടാമത്തെ നടനുള്ള സംസ്‌ഥാന പുരസ്കാരം ജഗതിയും സ്വന്തമാക്കിയതും കിലുക്കത്തിലെ അഭിനയത്തിനായിരുന്നു.

<യ> ഊട്ടിയുടെ സൗന്ദര്യം നിറഞ്ഞു നിന്ന ഫ്രെയിമുകൾ

കോടമഞ്ഞു പുതച്ച ഊട്ടിയുടെ സൗന്ദര്യം ഫ്രെയിമുകളിലാക്കിയത് എസ്. കുമാർ ആയിരുന്നു. കിലുക്കത്തിനു മുൻപും പിൻപും ഒട്ടനവധി മലയാള സിനിമകൾക്ക് ഊട്ടി ലൊക്കേഷൻ ആയിട്ടുണ്ടെങ്കിലും ഇത്രമനോഹരമായി ഊട്ടിയെ ആരും ചിത്രീകരിച്ചിട്ടില്ല. കിലുക്കത്തിലെ തമാശകളോടൊപ്പം നമ്മുടെ മനസിലേക്ക് വരുന്ന ദൃശ്യങ്ങൾ എസ്. കുമാറിലെ ഛായാഗ്രാഹകന്റെ മിടുക്കായിരുന്നു. മികച്ച ഛായാഗ്രഹകനുള്ള സംസ്‌ഥാന പുരസ്കാരവും ഈ ചിത്രത്തിലുടെ എസ്. കുമാർ സ്വന്തമാക്കി.

<യ> മനസിൽ തൊട്ട ‘കിലുകിൽ പമ്പരം’

കിലുക്കത്തിലെ ചിരി പോലെ തന്നെ പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്ന ഒന്നാണ് കിലുകിൽ പമ്പരം എന്നു തുടങ്ങുന്ന ഗാനം. മലയാളികൾ നെഞ്ചോടു ചേർത്ത ഗാനം. എസ്.പി. വെങ്കിടേഷായിരുന്നു സംഗീതം ചിട്ടപ്പെടുത്തിയത്. മുത്തശി എന്ന ചിത്രത്തിലെ ഹർഷ ബാഷ്പം തൂകി എന്ന ഗാനം പോലെ ഒന്ന് കിലുക്കത്തിലും വേണമെന്നായിരുന്നു പ്രിയദർശന്റെ ആവശ്യം. ഹർഷബാഷ്പം ചിട്ടപ്പെടുത്തിയ അതേ നീലാംബരി രാഗത്തിൽ തന്നെയാണ് എസ്.പി. വെങ്കിടേഷ് കിലുകിൽ പമ്പരം ചിട്ടപ്പെടുത്തിയതും. ബിച്ചു തിരുമലയുടേതായിരുന്നു വരികൾ. ചിത്രത്തിലെ പാട്ടുകളോരോന്നും ഒന്നിനൊന്നു മികച്ചവയായിരുന്നു. മികച്ച ഗായകനുള്ള സംസ്‌ഥാന പുരസ്കാരം കിലുക്കത്തിലൂടെ എം.ജി. ശ്രീകുമാറിന് ലഭിച്ചു.

<യ> എഡിറ്റിംഗ് ടേബിളിലെ കിലുക്കം

ഒരു എഡിറ്ററുടെ കയ്യടക്കം തെളിഞ്ഞു നിന്ന സിനിമ ആയിരുന്നു കിലുക്കം. പ്രാഥമിക എഡിറ്റിംഗ് ജോലികൾ പൂർത്തിയാക്കിയപ്പോൾ സിനിമയുടെ ദൈർഘ്യം നാലു മണിക്കൂറിൽ അധികമായിരുന്നു. ഒരു മണിക്കൂറിലധികം ഭാഗങ്ങളാണ് ചിത്രത്തിൽ നിന്നു മുറിച്ചു നീക്കിയത്. പക്ഷെ ഒരിടത്തുപോലും അത്തരത്തിലൊരു മുറിച്ചുമാറ്റൽ നമുക്ക് തിരിച്ചറിയാനായില്ല. അവിടെയായിരുന്നു എൻ. ഗോപാലകൃഷ്ണൻ എന്ന എഡിറ്ററുടെ മികവ്. ആ വർഷത്തെ മികച്ച എഡിറ്റർക്കുള്ള സംസ്‌ഥാന പുരസ്കാരവും അദ്ദേഹത്തിനായിരുന്നു. സിനിമയിലുടനീളം 20 മിനിറ്റോളം വരുന്ന വേഷമായിരുന്നു ജഗദീഷിന് സിനിമയിൽ. എന്നാൽ ഈ വെട്ടിച്ചുരുക്കലിൽ കേവലം ഒന്നു രണ്ടു സീനുകളിലെ സാന്നിധ്യം മാത്രമായി ജഗദീഷിന്റെ കഥാപാത്രം ചുരുങ്ങി. ഒന്നിലധികം പ്രാവശ്യം കിലുക്കം കാണാത്ത മലയാളികൾ ഇന്നുണ്ടാകില്ല. പക്ഷെ ഇപ്പോഴും ഈ വെട്ടിച്ചുരുക്കലിന്റെ കഥ പലർക്കും അജ്‌ഞാതമാണ്. അത്രമേൽ സൂക്ഷ്മമായാണ് അവർ സിനിമയെ മൂന്ന് മണിക്കൂറിലേക്ക് പുനഃക്രമീകരിച്ചത്.

ഇവയെല്ലാം ഒന്നൊന്നിനു മേൽ മുഴച്ചു നിൽക്കാതെ കൃത്യമായി കോർത്തിണക്കുന്നതിലായിരുന്നു പ്രിയദർശൻ എന്ന സംവിധായകന്റെ വിജയം. ഷൂട്ടിംഗിനിടയിൽ താൻ ഒരിക്കലും ചിരിച്ചിട്ടില്ലെന്ന് പ്രിയൻ പറഞ്ഞിട്ടുണ്ട്. നമ്മൾ ചിരിച്ചാൽ ആ ചിരി അതു പോലെ തിയറ്ററിൽ ഉണ്ടാകില്ലത്രെ. ലോട്ടറി അടിച്ചെന്നറിഞ്ഞ് ബോധം കെട്ടു വീഴുന്ന കിട്ടുണ്ണി നിലത്തു വീണ ശേഷം വീണ്ടും തലപൊക്കി ചിരിച്ച ശേഷം വീണ്ടും ബോധം കെട്ടു വീഴുന്നത് തിയറ്ററിൽ നിലയ്ക്കാത്ത ചിരിയാണ് സമ്മാനിച്ചത്. അത് പ്രിയന്റെ നിർദേശമായിരുന്നെന്ന് കിട്ടുണ്ണിയെ അവതരിപ്പിച്ച ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.

<യ> അവാർഡിലും കിലുങ്ങി

1991ലെ അഞ്ച് സംസ്‌ഥാന അവാർഡുകൾ, മൂന്നൂറ് ദിവസം തുടർച്ചയായി തിയറ്ററിൽ പ്രദർശനം, അഞ്ചു കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമ, അക്കാലത്തെ കളക്ഷൻ റെക്കോർഡ് നേടിയ സിനിമ, ഇരുപത്തഞ്ചു കൊല്ലത്തിനിപ്പുറം ഇന്നും കിലുക്കം ചർച്ച ചെയ്യപ്പെടുന്നു. കിലുക്കത്തിലെ ചിരി പടർത്തുന്ന ഡയലോഗുകൾ കാണുകയോ കേൾക്കുകയോ ഉപയോഗിക്കുകയോ ചെയ്യാതെ മലയാളിയുടെ ഒരു ദിനം കടന്നുപോകുന്നില്ല. പുതുമ നഷ്‌ടപ്പെടാത്ത തമാശകളും മനം കുളിർപ്പിക്കുന്ന ദൃശ്യ മികവും മടുപ്പിക്കാത്ത ആഖ്യാനവുമായി തുടരുകയാണ് കിലുക്കത്തിന്റെ ജൈത്രയാത്ര...

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ22്മ3.ഷുഴ മഹശഴി=ഹലളേ>