ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രകാരൻ
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രകാരനെന്ന് ശിവദാസ് വാസുവിനെ വിശേഷിപ്പിച്ചാൽ അതു തെറ്റല്ല. അത്രയ്ക്കു മനോഹരമാണ് ശിവദാസ് കാൻവാസിലേക്കു കോറിയിട്ട ചിത്രങ്ങൾ. വരച്ചതേത്, യാഥാർഥ്യമേത് എന്നുപോലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടാൽ സംശയിച്ചുപോകും.

ചിത്രകലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശിവദാസ് അടുത്തിടെ ഒരു ആദിവാസി മൂപ്പന്റെ ചിത്രം വരച്ചിരുന്നു. ജീവൻ തുടിക്കുന്ന ആ ചിത്രം സോഷ്യൽമീഡിയ ഏറ്റെടുത്തുവെന്നുവേണം പറയാൻ. ഫെയ്സ്ബുക്കിലെ ചിത്രകാരൻമാരുടെ സർകാസം, ചെന്നൈ മീംസ് എന്നീ ഗ്രൂപ്പുകളിലൂടെ ചിത്രം വൈറലായിരിക്കുകയാണ്. ഇതിനോടകം രണ്ടുലക്ഷത്തിലേറെപ്പേർ ഈ ചിത്രത്തിനു ലൈക്ക് ചെയ്തു.

സോഫ്റ്റ് പേസ്റ്റൽ മാധ്യമത്തിലൂടെയാണ് ആദിവാസിമൂപ്പന്റെ ജീവൻ തുടിക്കുന്ന ചിത്രം ശിവദാസ് വരച്ചത്. ഓയിൽ പെയിന്റ്, അക്രിലിക്, സ്റ്റംപ് വർക്ക്, ചാർക്കോൾ പെൻസിൽ തുടങ്ങിയ മാധ്യമങ്ങളിൽ വരച്ചു മികവു തെളിയിച്ച ശിവദാസ് കേരളത്തിൽ ത്രിമാനചിത്രകല ആദ്യമായി പരീക്ഷിച്ചു വിജയിച്ച കലാകാരൻ കൂടിയാണ്.

<യ> ഗുരുക്കൻമാരില്ലാതെയുള്ള തുടക്കം

ആലപ്പുഴ തൈയിൽപുരയിടം തിരുമല വാർഡിൽ വാസുവിന്റെയും ലീലയുടെയും മകനായ ശിവദാസ് വാസുവിനു ചിത്രകലയിൽ ഗുരുക്കന്മാരില്ല. റോഡരികിലെ കൂറ്റൻ ഹോൾഡിങ്ങുകളിൽ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരന്മാരെ നിരീക്ഷിച്ചാണ് വര പഠിച്ചത്. വീട്ടിലെ ചുറ്റുപാടുകൾ ആധികാരികമായി ചിത്രരചന പഠിക്കുന്നതിനു തടസമായപ്പോൾ ഇന്റർനെറ്റിനെ ഗുരുവായി സ്വീകരിച്ചു.

ലോകോത്തര കലാകാരന്മാരുടെ ട്യൂടടോറിയൽ വീഡിയോകൾ യൂട്യൂബിൽ കണ്ടായിരുന്നു പരിശീലനം. ആർട്ട് സ്കൂളിൽ പഠിക്കാൻ പോകാൻ കഴിയാത്തതിനാൽ അവിടെ പഠിക്കുന്ന കൂട്ടുകാരോടു സംശയം ചോദിച്ചും പുതിയ രീതികൾ മനസിലാക്കിയും വീട്ടിലെത്തി വരച്ചു പരിശീലിച്ചാണ് വരയിൽ മുന്നേറിയത്. ചിത്രകാരന്മാരുടെ ഫെയ്സ്ബുക്ക്, വാട്സ് ആപ് കൂട്ടായ്മകളിലൂടെയും പുതിയ രീതികൾ പരിചയപ്പെടാൻ ശിവദാസ് ശ്രമിക്കുന്നു.

<യ> സോഫ്റ്റ് പേസ്റ്റൽ പോർട്രെയ്റ്റ്

പോർട്രെയ്റ്റ് ഡ്രോയിംഗി ൽ സാമ്പ്രദായിക രീതികളെ മാറ്റിമറിച്ചുള്ള പുതിയൊരു ചിത്ര രചനാ രീതിയാണ് ശിവദാസ് ചെയ്യുന്നത്. ബേസിക് സ്കെച്ചസ് ഇടാതെ നേരിട്ട് പെയിന്റ് ചെയ്യുന്ന രീതിയാ ണിത്. സോഫ്റ്റ് പേസ്റ്റൽ വർക്കുകൾക്ക് നമ്മുടെ രാജ്യ ത്ത് പ്രചാരം സിദ്ധിച്ചു വരുന്ന തേയുള്ളൂ. 30, 40 മിനിട്ടു കൊണ്ട് ലൈവ് പോർട്രെയ്റ്റും 10 മിനിട്ടു കൊണ്ട് വൺ ലൈൻ പോർട്രെയ്റ്റും ശിവദാസ് ചെയ്യുന്നു.

കേരളത്തിൽ അധികം പേർക്കു പരിചിതമല്ലാത്ത സോഫ്റ്റ് പേസ്റ്റൽ പെയിന്റിംഗ് ശൈലി മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള ഉദ്യമത്തിലാണിപ്പോൾ ശിവദാസ്. ഓയിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള മറ്റു ചിത്രരചനാ ശൈലികളെ അപേക്ഷിച്ചു സോഫ്റ്റ് പേസ്റ്റൽ ലളിതമാണെങ്കിലും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ സോഫ്റ്റ് പേസ്റ്റൽ ഉപയോഗിച്ചു ചിത്രങ്ങൾ മികവോടെ വരയ്ക്കാൻ കഴിയുകയുള്ളൂവെന്നു ശിവദാസ് പറയുന്നു. പേസ്റ്റലിന്റെ ഷെയ്ഡുകൾ ലഭിക്കാനുള്ള പ്രയാസവും വിലക്കൂടുതലുമാണ് ചിത്രകാരന്മാർക്കുള്ള വെല്ലുവിളി.




<യ> ത്രിമാന ചിത്രരചനയെക്കുറിച്ച്

പത്തുവർഷത്തോളമായി ത്രിമാനചിത്ര കല ശിവദാസ് സ്വായ ത്തമാക്കിയിട്ട്. നിരപ്പായ പ്രതലത്തിൽ വലിയ ഏരിയാ യിലാണ് ഇതു ചെയ്യുന്നത്. ഒരു പ്രത്യേക ആംഗിളിൽ ചിത്രത്തിനു ത്രിമാന സ്വഭാവം കൈവരുന്നു. 100 മുതൽ 300–400 സ്ക്വയർ ഫീറ്റിലാണ് ഇതു വരയ്ക്കുന്നത്. ഫൈൻ ഓയിൽ കാൻവാസ് ഷീറ്റിലാണ് ഇത്തരം ചിത്രങ്ങൾ വരയ്ക്കുക.

വിദേശ രാജ്യങ്ങളിൽ ബിസിനസ് പ്രമോഷനായും ഷോപ്പിംഗ് മാളുകളിൽ ജനശ്രദ്ധ ആകർഷിക്കുന്നതിനുമായി വ്യാപകമായി ഉപയോ ഗിക്കുന്ന ത്രിമാന ചിത്രകല നമ്മു ടെ രാജ്യത്ത് പരിചിതമായി വരുന്നതേ യുള്ളു. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിൽ ശിവദാസിന്റെ ത്രിമാന ചിത്രങ്ങൾക്കു വൻ പ്രചാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ത്രിമാനചിത്രകല ചെയ്തത് ശിവദാസാണ്. മുംബൈ കാൻഡിവലിയിൽ ഗ്രോവൽ മാളിലാണ് അതു ചെയ്തത്.

വാർത്താ മാധ്യമങ്ങളിലും എക്സിബിഷൻ കാണാനെത്തിയ വർ ക്കിടയിലും സോഷ്യൽമീഡിയകളിലും വൻ വരവേല്പാണ് അന്നു ലഭിച്ചത്. ത്രിമാനചിത്രങ്ങളുടെ അളവുകൾ പ്രത്യേകരീതിയിലായതു കൊണ്ട് നിരപ്പായ പ്രതലത്തിൽ ചെയ്യുന്നതു തന്നെ ശ്രമകരമാണ്. എന്നിരു ന്നാലും ഉയർച്ച താഴ്ചയുള്ള പ്രതലത്തിലും മനുഷ്യശരീരത്തിലും ത്രിമാന ചിത്രങ്ങൾ വരച്ചിട്ടുണ്ട്.

<യ> കാരിക്കേച്ചർ ഡ്രോയിംഗ്

ഗ്രാഫിക് പെൻ ഉപയോഗിച്ച് ഫോട്ടോഷോപ്പിലും ലൈവ് കാരി ക്കേച്ചറും ചെയ്യാറുണ്ട്. ഗിഫ്റ്റ് കൊടുക്കാനായും മറ്റും നിരവധിപ്പേർ കാരിക്കേച്ചറുകൾ ചെയ്യിച്ചിട്ടുണ്ട്. കൊച്ചിയിൽ ബിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച ലൈവ് കാരിക്കേച്ചർ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. പത്രമാധ്യമങ്ങളിലും കാരിക്കേച്ചറുകൾ വരച്ചിട്ടുണ്ട്.

ചിത്രരചന കൂടാതെ ഫോട്ടോഗ്രഫിയിൽ താത്പര്യമുണ്ട്. കഴിഞ്ഞ യിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രം പകർത്തിയിരുന്നു. പത്രങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കഥാ, കവിതാ രചനയിലും തത്പരനാണ്.

<യ> അംഗീകാരങ്ങളും അവസരങ്ങളും

വിവിധരാജ്യങ്ങളിലെ ചിത്രകാരന്മാർ ഉൾപ്പെടുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ ആർട്ട് ഡ്രീമേഴ്സിൽ ശിവദാസ് വരച്ച ഹോളിവുഡ് നടൻ മൊർഗാൻ ഫ്രീമാന്റെ ചിത്രത്തിനു വലിയ അംഗീകാരമാണ് ലഭിച്ചത്.
വലുതും ചെറുതുമായ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. നിരവധി ചിത്രപ്രദർശന ങ്ങൾ സംഘടിപ്പിച്ച ശിവദാസ് ത്രിമാനം, പോർട്രെയ്റ്റ് ഡ്രോയിംഗുകൾ ചെയ്യാനായി നിരവധി തവണ വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട്. സംസ്‌ഥാന പോലീസ് വകുപ്പിന് പിടികിട്ടാപ്പുള്ളികളുടെ ചിത്രങ്ങൾ വരച്ചു നൽകകുക പതിവാണ്.

മുഖ്യമന്ത്രിയടക്കം നിരവധി പ്രമുഖർക്ക് അവരുടെ ചിത്രങ്ങൾ വരച്ചു നൽകിയ ശിവദാസിന് നിരവധി പത്രമാധ്യമങ്ങളിലും ടിവി ചാനലുകളിലും കവറേജ് ലഭിച്ചിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമി നിയമസഭയിൽ സംഘടിപ്പിച്ച ചിരിവര സഭയിലും പങ്കെടുക്കുകയും ഇതിൽ ഉപഹാരം ലഭിക്കുകയും ചെയ്തു.

പുന്നപ്രവടക്ക് കപ്പക്കട എട്ടിൽച്ചിറയിൽ താമസക്കാരനായ ശിവദാസ് വാസുവിന്റെ ഭാര്യ: സോഫിമോൾ. മക്കൾ: അക്ഷര, അഭയ്.
ശിവദാസ് വാസുവിന്റെ ഫോൺ: 9562628850.

–നിയാസ് മുസ്തഫ