പുലിമുരുകന്റെ പിൻഗാമികൾ
കേരളത്തിലും പുറത്തും പുലിമുരുകൻ തിയറ്ററുകളിൽ നിന്ന് പണം വാരുകയാണ്. പുലിയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് സീനുകൾ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മൃഗങ്ങളുമായുള്ള ഫൈറ്റ് സീനുകളും മൃഗങ്ങളോടൊപ്പമുള്ള മറ്റു രസകരമായ സീനുകളും മലയാള സിനിമയിൽ പണ്ടു മുതൽക്കേ ഉണ്ട്.

മലയാളത്തിനു പുറമെ തമിഴിലും ഹിന്ദിയിലുമൊക്കെ ഇത്തരം ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുള്ള നിരവധി സിനിമകളുണ്ട്. ഇന്നത്തെയത്ര സാങ്കേതിക മികവോ ഗ്രാഫിക്സിന്റെ അതിപ്രസരമോ ഇല്ലാതെയാണ് അന്നെല്ലാം അത്തരം രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്.

മലയാളത്തിൽ ആന വളർത്തിയ വാനമ്പാടി പോലുള്ള ആദ്യകാല സിനിമകൾ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളുമൊക്കെ ആവിഷ്കരിച്ച സിനിമയാണ്. ആദ്യകാല മലയാള സിനിമയിൽ നായകന്റെ ഹീറോയിസം കാണിക്കാനും വില്ലന്റെ ക്രൂരതകൾ പ്രകടിപ്പിക്കാനും വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് പതിവായിരുന്നു. വില്ലന്റെ സങ്കേതത്തിൽ സിംഹമോ, പുലിയോ കടുവയോ സ്റ്റോക്കുണ്ടാകും. നായകനെ ഈ കൂട്ടിലേക്ക് കയറിൽ കെട്ടി കൊണ്ടുവന്നത് തള്ളുന്നതും നായകൻ പതിനെട്ടടവും പയറ്റി അവയോട് മല്ലടിച്ച് ഒടുവിൽ അവയെ കീഴ്പ്പെടുത്തി വിജയിച്ച് വില്ലന്റെ നേർക്ക് വരുമ്പോൾ വില്ലൻ (മിക്കവാറും ജോസ് പ്രകാശോ ബാലൻ കെ നായരോ ആയിരിക്കും) അമ്പരന്ന് ഞെട്ടിത്തരിക്കുന്നതും ഉച്ചത്തിൽ ബാക്ഗ്രൗണ്ട് മ്യൂസിക് പരക്കുന്നതും ഒരിടക്കാലത്തെ പതിവ് ആക്ഷൻസിനിമ രംഗങ്ങളിലെ സ്‌ഥിരം സ്വീക്വൻസുകളായിരുന്നു.

അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയിൽ നടൻ ജയൻ ആനക്കൊമ്പിൽ തൂങ്ങി അഭിനയിച്ചിട്ടുണ്ട്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ജയൻ അന്ന് ആ സീനിൽ അഭിനയിച്ചതെന്ന് കേട്ടിട്ടുണ്ട്.

പുലിയോടും സിംഹത്തോടും കരടിയോടുമൊക്കെ ജയൻ ഏറ്റുമുട്ടുന്ന സിനിമകൾ അക്കാലത്ത് തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു.തച്ചോളി തറവാട്ടിലെയും പാലാട്ട് വീട്ടിലെയും കടത്തനാട്ടെ വീരൻമാരുടെയും കഥകൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച വടക്കൻപാട്ട് സിനിമകളിൽ പുലിയും കടുവയും ആനയുമൊക്കെയായുള്ള ഏറ്റുമുട്ടലുകൾ ഒഴിച്ചുകൂടാനാവാത്ത രംഗങ്ങളായിരുന്നു. മുതലയുമായുള്ള മൽപ്പിടിത്തം വടക്കൻപാട്ട് സിനിമകളിൽ ഉണ്ടായിരുന്നു. വന്യമൃഗങ്ങളോടേറ്റുമുട്ടി വിജയിക്കുന്ന നായകന്റെ വീരപരിവേഷം ഒന്നുവേറെ തന്നെയായിരുന്നു.

ഇടഞ്ഞ കൊമ്പനെ തളച്ചവരിൽ പുലിമുരുകനുമുണ്ട്. അനിൽ സംവിധാനം ചെയ്ത അടിവേരുകൾ എന്ന സിനിമയിൽ ജിപ്പിൽ വരുന്ന കാർത്തികയ്ക്ക് നേരെ വിനയൻ എന്ന ആന ചെല്ലുമ്പോൾ കാട്ടുവള്ളികളിൽ തൂങ്ങിയാടി ആനയുടെ മുകളിലൂടെ പറന്നെത്തി ജീപ്പിന്റെ ബോണറ്റിൽ ലാൻഡു ചെയ്ത് ആനയെ വിരട്ടി മടക്കി അയയ്ക്കുന്നുണ്ട് മോഹൻലാൽ.

രുദ്രസിംഹാസനം എന്ന സിനിമയിൽ ഇടഞ്ഞ് ആളുകളെ കൊന്ന് കൊലവിളി വിളിച്ച് നിൽക്കുന്ന ആനയെ വെടിവെച്ചു കൊല്ലും മുമ്പ് പാഞ്ഞെത്തി ആനയെ തളയ്ക്കുന്നത് സുരേഷ്ഗോപിയാണ്.

കുടുംബസമേതത്തിൽ മധുവാണ് ഈ ഡ്യൂട്ടി ചെയ്തത്. പ്രായിക്കര പാപ്പൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നടൻ മുരളി ഇടഞ്ഞ ആനയെ തളയ്ക്കുന്നുണ്ട്. ജഗദീഷും ഭീമൻരഘുവും കുതിരവട്ടം പപ്പുവുമൊക്കെ ഈ സിനിമയിൽ ആനപ്പുറം കയറി.

മമ്മുട്ടി പുലിയെ പിടിക്കാനെത്തുന്ന മൃഗയ ലോഹിതദാസിന്റെ തൂലികയിൽ വിരിഞ്ഞ മനോഹരമായ ചിത്രമായിരുന്നു. ഐ.വി.ശശിയെന്ന സംവിധായകന്റെ എല്ലാ മികവും പ്രകടമാക്കിയ മൃഗയയിലെ ഹൈലൈറ്റ് മമ്മുട്ടിയുടെ വാറുണ്ണിയും പുലിയും തമ്മിൽ ഏറ്റുമുട്ടുന്ന ക്ലൈമാക്സ് രംഗം തന്നെയാണ്. പുലി നാട്ടിലിറങ്ങിയുണ്ടാക്കുന്ന പ്രശ്നങ്ങളും പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതും ഒടുവിൽ വാറുണ്ണിയെത്തി പുലിയെ കൊല്ലുന്നതുമെല്ലാമാണ് മൃഗയയിൽ. ഗ്രാഫിക്സോ മറ്റു സാങ്കേതികസഹായങ്ങളോ മൃഗയയിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും മമ്മുട്ടി തന്നെയാണ് പുലിയുമായി ഏറ്റുമുട്ടിയതെന്നും രണ്ടു സീനുകളിൽ മാത്രമാണ് ഡ്യൂപ്പുണ്ടായിരുന്നതെന്നും ഐ.വി.ശശി തന്നെ പറഞ്ഞിട്ടുണ്ട്.


തെരുവുനായ്കൾ ഇന്ന് കേരളത്തിലെ വലിയ പ്രശ്നമാണെങ്കിൽ ഈ പ്രശ്നം വർഷങ്ങൾക്കു മുമ്പേ തന്നെ സിനിമയിൽ പ്രമേയമായി വന്നിട്ടുണ്ട്. വി.എം.വിനു സംവിധാനം ചെയ്ത ആകാശത്തിലെ പറവകൾ എന്ന സിനിമയിലാണ് തെരുവുനായ്ക്കൾ ഒരു ഗ്രാമത്തിന് ഭീഷണിയായി മാറുന്ന കഥ അവതരിപ്പിച്ചത്. അതിൽ നായ്ക്കളെ പിടികൂടാനെത്തുന്നത് കലാഭവൻ മണിയാണ്. മണിക്കും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നുണ്ടെങ്കിലും മണി നിരവധി നായ്ക്കളെ അതിൽ കൊന്നൊടുക്കുന്നുണ്ട്.

ഇടഞ്ഞ ആനയെ തളച്ചവർക്കൊപ്പം തന്നെ ഇടയാത്ത ആനയുമായി മലയാളസിനിമയിൽ വിലസിയവരും ഉണ്ട്. രാപ്പകലിൽ സലിംകുമാറിനൊപ്പം ആനപ്പുറത്തേറിയത് നയൻതാരയാണ്. സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിൽ കൊച്ചിൻഹനീഫയാണ് ആനപാപ്പാൻ. ജയറാം തിരുവമ്പാടി തമ്പാനിലും ആനച്ചന്തത്തിലും ആനയ്ക്കൊപ്പം അഭിനയിച്ചു. ഗോഡ്ഫാദറിൽ ആനയെക്കൊണ്ട് പനിനീരു തളിപ്പിച്ചുകൊണ്ട് ആനപ്പാറ അച്ചാമ്മ തകർത്തു.

തുറുപ്പുഗുലാനിലെ ആനയും മമ്മുട്ടിയും ചിരിക്കാൻ വക തന്നപ്പോൾ റോഡ് റോളർ വലിച്ചുകൊണ്ടുപോകുന്ന ആന വെള്ളാനകളുടെ നാട്ടിൽ ചിരിപടർത്തി. പുണ്യാളൻ അഗർബത്തീസിൽ ആനയ്ക്കു പിന്നാലെ ആനപ്പിണ്ടം തേടി പോയത് ജയസൂര്യയും അജു വർഗീസും. മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ എന്ന സിനിമയിൽ മുകേഷ് ആനപ്പുറമെത്തുന്നുണ്ട്.

വന്യമൃഗങ്ങൾ മാത്രമല്ല നാട്ടുമൃഗങ്ങളും താരങ്ങളായിട്ടുണ്ട് മലയാളത്തിൽ. ആടുകൾ അടുത്തിടെ മലയാള സിനിമയിൽ സജീവമാകുന്നത് കണ്ടു. ആട് ഒരു ഭീകര ജീവി, ജംനാപ്യാരി എന്നീ സിനിമകളിൽ ആടിനായിരുന്നു പ്രാധാന്യം.

കുതിരയെ പിടിച്ചുകെട്ടി മെരുക്കുന്ന രംഗങ്ങളും മലയാള സിനിമയിൽ നിരവധി വന്നിട്ടുണ്ട്. വടക്കൻപാട്ടുകളിൽ ഇത്തരം രംഗങ്ങൾ ധാരാളമുണ്ടായിരുന്നു. വ്രതം എന്ന സിനിമയിൽ കമൽഹാസനായിരുന്നു ഇത് ചെയ്തത്. ശരപഞ്ജരത്തിലെ ജയനും കുതിരയും ഇന്നും ഹിറ്റാണ്. ജാക്ക്പോട്ടിൽ മമ്മുട്ടി ഹോഴ്സ് റൈഡിംഗ് നടത്തി.

രാജമാണിക്യത്തിൽ പോത്തുകൾ സ്ക്രീനിൽ നിറഞ്ഞു. പോത്തുകൾ കൂട്ടമായി നിൽക്കുന്നിടത്തെ ഫൈറ്റ് സീൻ രാജമാണിക്യത്തിലെ നല്ലൊരു രംഗമായിരുന്നു.

നരസിംഹത്തിലും നാട്ടുരാജാവിലുമൊക്കെ ഗർജിക്കുന്ന സിംഹങ്ങൾ മോഹൻലാലിന്റെ മീശപിരിച്ചുവെച്ച മുഖത്തിനൊപ്പം സ്ക്രീനിൽ നിറഞ്ഞപ്പോൾ ആരാധകർ ആഹ്ലാദാരാവങ്ങളോടെ തിയേറ്ററിൽ കൈയടിനേടി. രഞ്ജിത് സംവിധാനം ചെയ്ത ലീലയിൽ ക്ലൈമാക്സിൽ വരുന്ന ആന പ്രധാന കഥാപാത്രമാകുന്നുണ്ട്.

റിംഗ് മാസ്റ്ററിൽ മുന്തിയ ഇനം നായ്ക്കളായിരുന്നു അഭിനയിച്ചത്. ഗ്രാഫിക്സിൽ ജനിച്ച ഈച്ച എന്ന കിടിലൻ രാജമൗലി ചിത്രത്തെയും ഓർക്കാതെ വയ്യ.

തമിഴിൽ എം.ജി.ആർ മുതൽക്ക് തുടങ്ങുന്നു വന്യമൃഗങ്ങളുമായുള്ള പോരാട്ടവീരകഥകൾ. രജനീകാന്തും പുലിയും കടുവയുമൊക്കെയായി ഫൈറ്റ് ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ അമിതാഭ് ബച്ചനും ഇത്തരത്തിലുള്ള ഫൈറ്റുകൾ വന്യമൃഗങ്ങളുമായി നടത്തിയ സിനിമകൾ ഹിറ്റായിട്ടുണ്ട്.

ഏതുഭാഷയിലുള്ള സിനിമയായാലും ഇത്തരം രംഗങ്ങൾ പ്രേക്ഷകര ഹരം കൊള്ളിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരം രംഗങ്ങൾ കൂടുതൽ പെർഫെക്ഷനോടെ ഇന്നും സിനിമകളിൽ ഉപയോഗപ്പെടുത്തുന്നത്. പുലിമുരുകൻ എന്ന പവർപാക്ക്ഡ് ആക്ഷൻ സിനിമയിൽ സാങ്കേതിക മികവുകൂടി ഉപയോഗപ്പെടുത്തി പുലിയുമായുള്ള ഫൈറ്റ് സ്വീക്വൻസുകൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതും അതുകൊണ്ടാണ.്

–ഋഷി