ദേ...മാഷ്....
മാഷുമ്മാരെ ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ... ചൂരൽക്കഷായത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവരുണ്ടോ... ഈ രണ്ടു ചോദ്യങ്ങൾക്കും ഇല്ലായെന്നായിരിക്കും ഉത്തരം. രണ്ടെണ്ണം കിട്ടിയാലും അതു നന്നാകാൻ വേണ്ടിയായിരുന്നുവെന്ന് കാലം തെളിയിച്ച കാര്യമാണ്. പ്രിയപ്പെട്ട മാഷുമ്മാരെ കുറിച്ചുള്ള ഓർമകൾ മനസിലുണ്ടെങ്കിലും അവയെല്ലാം പൊടിതട്ടിയെടുക്കാൻ സിനിമ പിടിത്തക്കാർ കാണിച്ച ശുഷ്കാന്തിയോളം വരില്ല മറ്റൊന്നും. ചില സിനിമകളിലെ അധ്യാപകരെ കാണുമ്പോൾ തോന്നില്ലേ ഇതു നമ്മുടെ സ്കൂളിലെ ആന്റണി മാഷല്ലേയെന്ന്... അല്ലെങ്കിൽ ഇതു നമ്മുടെ കോളജിലെ ജോയി സാറല്ലെയെന്നെല്ലാം... അത്രത്തോളം ഹൃദ്യമായിട്ടാണ് അത്തരം വേഷങ്ങൾ നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ പകർന്നാടിയിട്ടുള്ളത്. അവർപോലും അറിയാതെ അവർ ഒരുപാട് മാഷുമ്മാരുടെ പ്രതിരൂപങ്ങൾ ആയിട്ടുണ്ട്. ഇത്രയൊക്കെ പറയാൻ കാരണം ആനന്ദത്തിലെ ചാക്കോ സാറാണ്(ഡോ. റോണി ഡേവിഡ്). മലയാള സിനിമയിലെ മാഷുമ്മാരെ കുറിച്ചുള്ള ഓർമപ്പെടുത്തലിലേക്ക് കയറൂരി വിട്ടതിന്റെ എല്ലാ ക്രെഡിറ്റും ചാക്കോ സാറിന് അവകാശപ്പെട്ടതാണ്. ഒന്നു ചുറ്റി കറങ്ങിയേച്ചും വരാം മലയാള സിനിമയിലെ പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം.

ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപമെന്താടാ...

ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം എന്താടാ= ബബ്ബ ബബ്ബ ബബ്ബ അല്ല... ഉത്തരം പറയടാ... എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ വിറപ്പിച്ച സ്ഫടികത്തിലെ ചാക്കോ മാഷിനെ ആരും മറക്കാനിടയില്ല. തോമസ് ചാക്കോയുടെ(മോഹൻലാൽ) അച്ഛനും സ്കൂളിലെ ഹെഡ്മാസ്റ്ററുമായ ചാക്കോ മാഷിനെ തിലകൻ അനശ്വരമാക്കിയപ്പോൾ മലയാളികൾ ഒന്നടങ്കം ഒരു ഡയലോഗ് കാണാതെ പഠിച്ചു...‘ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്’. തിലകനെന്ന നടന വിസ്മയത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ചാക്കോമാഷിനെ പ്രതിപാദിക്കാതെ ആർക്കും കടന്നു പോകാനാവില്ല. അന്നത്തെ കാലഘട്ടത്തിൽ അത്തരത്തിലുള്ള അധ്യാപകർ നിരവധി സ്കൂളുകളിൽ ഉണ്ടായിരുന്നിരിക്കണം. 1995–ൽ സംവിധായകൻ ഭദ്രൻ സ്ഫടികം എന്ന ചിത്രത്തിലൂടെ അത്തരത്തിലുള്ള ഒരു കടുംപിടിത്തക്കാരനായ മാഷിനെ തിലകനിലൂടെ രേഖപ്പെടുത്തിയപ്പോൾ പ്രേക്ഷകമനസിലേക്ക് ചാക്കോ മാഷ് ആഴത്തിലിറങ്ങി ചെല്ലുകയും ചെയ്തു.

സാൾട്ട് മാംഗോ ട്രീ

ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രത്തിൽ മോഹൻലാൽ ദിവാകരൻ മാഷായി എത്തി കുട്ടികൾക്ക് ഉപ്പുമാവിന്റെ ഇംഗ്ലീഷ് പറഞ്ഞു കൊടുക്കുന്ന രംഗം ഓർമയില്ലേ. ഉപ്പെന്നു പറഞ്ഞാൽ സാൾട്ട് മാവ് എന്നു പറഞ്ഞാൽ മാംഗോ ട്രീ അപ്പോൾ ഉപ്പുമാവിന്റെ ഇംഗ്ലീഷ് സാൾട്ട് മാംഗോ ട്രീ. ഒരുപാട് കള്ളനാണയങ്ങൾ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിച്ച് അധ്യാപകരെന്ന പേരിൽ സ്കൂളുകളിൽ കയറി പറ്റിയ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ ചിത്രത്തിൽ മോഹൻലാൽ അവരിൽ ഒരാളുടെ പ്രതീകമായാണ് ചിത്രത്തിൽ എത്തുന്നത്. ദിവാകരൻ മാഷിന്റെ മണ്ടത്തരങ്ങൾ ചിരിച്ച് രസിക്കാനുള്ള തമാശകളായി മാറിയപ്പോൾ ഇത്തരത്തിൽ അധ്യാപകരായി കയറി കൂടുന്നവരെ നന്നേ പരിഹസിക്കാനും ചിത്രം മറന്നില്ല. അതിനു ശേഷം ചെപ്പിലും പിന്നീട് ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും എല്ലാം അധ്യാപകനായി മോഹൻലാൽ വേഷമിട്ടിട്ടുണ്ടെങ്കിലും ദിവാകരൻ മാഷ് തന്നെയാണ് വേറിട്ടുനിൽക്കുന്നത്.പെൺകുട്ടികളുടെ രോമാഞ്ചമായ പ്രഫ.നന്ദകുമാർ

സ്നേഹമുള്ള സിംഹം, തനിയാവർത്തനം എന്നീ സിനിമകൾ ഉൾപ്പടെ നിരവധി അധ്യാപക വേഷങ്ങൾ മമ്മൂട്ടി ചെയ്തിട്ടുണ്ടെങ്കിലും 1995–ൽ പുറത്തിറങ്ങിയ മഴയെത്തും മുമ്പേയിലെ ഇൻഷർട്ട് ചെയ്ത് ടിപ്പ് ടോപ്പായി ഗേൾസ് കോളജിലേക്കെത്തുന്ന പ്രഫ.നന്ദകുമാർ തന്നെയാണ് മമ്മൂട്ടിക്ക് നന്നായി ഇണങ്ങിയ മാഷ് വേഷമെന്ന് പ്രേക്ഷകപക്ഷം. ഇംഗ്ലീഷ് മണിമണിയായി മൊഴിഞ്ഞ് പെൺകുട്ടികളുടെ ഇഷ്‌ടപ്പെട്ട സാറായി മഴയെത്തും മുമ്പേയിൽ മമ്മൂട്ടി തിളങ്ങിയപ്പോൾ അത് ഒരുവിധപ്പെട്ട ഗേൾസ് കോളജുകളിലെ പുരുഷാധ്യാപകർക്ക് അല്പം അസൂയ ഉണ്ടാക്കിയെന്നുള്ളതും നേരു തന്നെ. കഥാഗതി മറ്റുപലതിലേക്കും വഴിമാറിയെങ്കിലും കാമ്പസിനുള്ളിലും പുറത്തും പലസുന്ദരിമാരുടെയും പ്രിയപ്പെട്ട സാറായി നന്ദകുമാർ മാറിയപ്പോൾ യഥാർഥ ജീവിത്തിൽ ജുബ്ബാ വേഷധാരികളായ പ്രഫസർമാർ പതുക്കെ ടിപ്പ് ടോപ്പ് ട്രൻഡിലേക്ക് വഴിമാറിയെന്നത് മറ്റൊരു സത്യം.

മുകേഷിന്റെ ക്ലാസായ മാഷ് വേഷങ്ങൾ

നടനാണ്, അവതാരകനാണ് ഇപ്പോൾ എംഎൽഎയുമാണ് മുകേഷ്. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ അധ്യാപക വേഷങ്ങൾ പലകുറി മുകേഷിനെ തേടിയെത്തിയിട്ടുണ്ട്. 1994–ൽ പുറത്തിറങ്ങിയ മലപ്പുറം ഹാജി മഹാനായ ജോജിയിലെ മുകേഷ് ചെയ്ത അധ്യാപക വേഷം ഇന്നും ജനമനസുകളിൽ തങ്ങി നിൽപ്പുണ്ട്. ജീവിക്കാനായി ആൾമാറാട്ടം നടത്തി അധ്യാപകനാകുന്ന ജോജിയുടെ കഥയാണ് സിനിമ പറയുന്നത്. സുഹൃത്തായ കുഞ്ഞാലിക്കുട്ടി(സിദ്ദിഖ്)ക്ക് കിട്ടിയ അവസരം വിദ്യാസമ്പന്നനായ ജോജി(മുകേഷ്) ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന നൂലാമാലകൾ ബിഗ്സ്ക്രീനിൽ മുകേഷ് നന്നായി പകർന്നാടിയപ്പോൾ പ്രേക്ഷകമനസുകളിലേക്ക് നല്ലൊരു അധ്യാപകനായി മുകേഷ് നടന്നു കയറുകയായിരുന്നു. വസ്ത്രധാരണത്തിലും നടപ്പിലുമെല്ലാം സൗമ്യശീലനായ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട അധ്യാപകനായി മുകേഷ് മാറിയപ്പോൾ വീണ്ടും വീണ്ടും അധ്യാപക വേഷങ്ങൾ മുകേഷിനെ തേടിയെത്തി.


അലിയാരു മാഷും വട്ടോളി പൊറിഞ്ചുവും

സ്പീഡ് ട്രാക്കിലും ഒളിമ്പ്യൻ അന്തോണി ആദത്തിലുമെല്ലാം ജഗതി പി.ടി മാഷായി എത്തിയപ്പോൾ പ്രേക്ഷകർ വാതോരാതെ ചിരിച്ചിട്ടുണ്ട്. മുകേഷിനൊപ്പം മലപ്പുറം ഹാജി മഹാനായ ജോജിയിൽ ഡ്രിൽ മാഷായി എത്തി മികച്ച പ്രകടനം നടത്തിയപ്പോൾ വർഷങ്ങൾക്കിപ്പുറത്തും ആ വേഷം ജനമനസുകളിൽ നിറഞ്ഞു നിൽക്കുകയാണ്. സത്യം വിളിച്ചു പറയാനായി പരക്കം പായുന്ന അലിയാര് മാഷും കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിച്ച് മത്സരത്തിന് കൊണ്ടുപോയി ഒടുവിൽ തോറ്റ് തുന്നംപാടി വരുന്ന വട്ടോളി പൊറിഞ്ചുവും സ്പീഡ് ട്രാക്കിലെ കുഞ്ഞവറയും എല്ലാവരും ഓർത്തിരിക്കുന്ന അധ്യാപക വേഷങ്ങൾ തന്നെയാണ്.

സൗമ്യനായ അധ്യാപകൻ

വിരലിൽ എണ്ണാവുന്നതിലേറെ അധ്യാപക വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് നെടുമുടി വേണു. എന്നിരുന്നാലും സ്ഫടികത്തിലെ രാവുണ്ണി മാഷ് തന്നെയാണ് ഇന്നും പ്രേക്ഷക മനസിൽ തലഉയർത്തി നിൽക്കുന്ന കഥാപാത്രം. തോമസ് ചാക്കോയുടെ പരീക്ഷ പേപ്പറിൽ ഹെഡ്മാഷിന്റെ നിർബന്ധത്തിന് വഴങ്ങി ചുവന്ന മഷി വരയ്ക്കേണ്ടി വന്ന അധ്യാപകനെ മലയാളി അത്രപെട്ടെന്നൊന്നും മറക്കില്ല. ഒടുവിൽ രാജികൊടുത്ത് ചാക്കോ മാഷ് ഹെഡ്മാഷായുള്ള സ്കൂളിൽ ഞാനുണ്ടാവില്ലായെന്നു പറഞ്ഞ് പടിയിറങ്ങുന്ന രംഗം ഇന്നും മറക്കാൻ പറ്റില്ല. വന്ദനത്തിൽ ചുറുചുറുക്കുള്ള കോളജ് പ്രഫസറായി വേഷമിട്ടപ്പോൾ വിദ്യാർഥികൾ ഒപ്പം കൂടുകയും പിന്നീട് ഒരു അധ്യാപകന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമെല്ലാം നെടുമുടി വേണു നന്നായി കൈകാര്യം ചെയ്തു. പ്രഫസർ വില്ലനായി മാറുന്ന ചിത്രമായി വന്ദനം മാറിയപ്പോളും നെടുമുടി വേണു അവതരിപ്പിച്ച പ്രഫസർ വേഷം പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു.

ദിലീപും പൃഥ്വിരാജും വിജയ്ബാബുവും

സദാനന്ദന്റെ സമയത്തിൽ ജ്യോതിഷത്തിൽ വിശ്വസിക്കുന്ന അധ്യാപകനായി ദിലീപ് എത്തിയപ്പോൾ ഇതുവരെ കണ്ടു പരിചയിച്ച അധ്യാപക വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒന്നായി ആ കഥാപാത്രം പ്രേക്ഷകർക്ക് തോന്നിയത് ദിലീപിന്റെ അഭിനയ മികവുകൊണ്ട് തന്നെയാണ്. മാണിക്യക്കല്ലിൽ പൃഥ്വിരാജ് നാട്ടിൻപുറത്തെ സ്കൂളിൽ അധ്യാപകനായി എത്തുന്നുണ്ട്. എങ്ങനെയെങ്കിലും അധ്യാപന ജോലി നടത്തി മാസാ മാസാ ശമ്പളം മേടിക്കുന്ന അധ്യാപകരിൽ നിന്നുംവേറിട്ട് വിദ്യാർഥികളുടെ പക്ഷം ചേർന്ന് അവരെ നേർവഴിക്ക് നടത്തുക വഴി സ്കൂളിന്റെ യശസ് ഉയർത്തുന്ന അധ്യാപകനായി പൃഥ്വി മാണിക്യക്കല്ലിൽ നിറഞ്ഞു നിന്നു. മങ്കിപെന്നിലൂടെ കർക്കശക്കാരനും പിന്നീട് സൗമ്യശീലനുമായ അധ്യാപകനായി മാറി വിജയ് ബാബു ജനമനസുകളിൽ ഇടംപിടിച്ചപ്പോൾ വിദ്യാർഥികളോടുള്ള മനോഭാവത്തിൽ അധ്യാപകർ വരുത്തേണ്ട മാറ്റങ്ങൾ വിജയ്ബാബുവിലൂടെ ചിത്രത്തിൽ കൃത്യമായി വരച്ചിട്ടുണ്ട്.

പിടി മാഷും വിമൽ സാറും

മലർ മിസിന്റെ പുറകെ നടക്കുന്ന വിമൽ സാറായി വിനയ് ഫോർട്ട് പ്രേമത്തിൽ എത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന അധ്യാപക വേഷങ്ങൾക്ക് ഒരു പുതിയ മുഖം കൈവരുകയായിരുന്നു. ജാവ സിമ്പിളാണ് പവർഫുള്ളുമാണെന്നെല്ലാം വിമൽ സാർ പറയുമ്പോൾ തിയറ്ററുകളിൽ ചിരി ഉണർന്നത് അത്തരത്തിലുള്ള രസികന്മാരായ അധ്യാപകർ ഇപ്പോഴും കോളജുകളിൽ ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു.

വിമൽ സാറിന്റെ ഒപ്പം കൂടി പിടി മാഷായി സൗബിനും കൂടി എത്തിയതോടെ ജഗതി ശ്രീകുമാർ അനശ്വരമാക്കിയ നിരവധി പിടി മാഷുമാരെ കുറിച്ച് ഓർത്തുപോകുന്നത് സ്വഭാവികം മാത്രം.തന്റെതായ മാനറിസങ്ങളിലൂടെ സൗബിൻ ആ വേഷം മികവുറ്റതാക്കിയപ്പോൾ ഈ രണ്ടു നടന്മാർക്കും ബ്രേക്ക് ത്രൂ ആവുകയായിരുന്നു പ്രേമം.

ആനന്ദത്തിലെ ചാക്കോ സാർ

ഗണേഷ് രാജിന്റെ ആനന്ദത്തിൽ ചാക്കോ സാറായി എത്തുന്നത് ഡോ. റോണി ഡേവിഡാണ്. വേറിട്ട അഭിനയ ശൈലിയിലൂടെ റോണി ഈ വേഷം മികവുറ്റതാക്കിയപ്പോൾ കർക്കശക്കാരനായ അധ്യാപകനിൽ നിന്ന് ലോലനായ അധ്യാപകനിലേക്കുള്ള ചുവടുമാറ്റം യുവമനസുകകൾക്ക് നന്നേ ബോധിച്ചു. മലയാള സിനിമയിലെ അധ്യാപകരുടെ നിരയിലേക്ക് റോണിയും കൂടി കടന്നു വന്നതോടെ ഓൾഡ് ജനറേഷനിൽ നിന്നു ന്യൂജനറേഷൻ അധ്യാപകർക്കുണ്ടായിട്ടുള്ള മാറ്റങ്ങൾ കൃത്യമായി പ്രകടമായി.. പണ്ടൊക്കെ പേടിയോടെ കണ്ടിരുന്ന അധ്യാപകരെ കുറിച്ച് ഇന്നത്തെ ന്യൂജനറേഷൻ പിള്ളേർ പരസ്പരം പറയുന്നത് മാഷുമ്മാര് മുത്താണ് ബ്രോ എന്നാണ്. കാലം പോയ ഒരു പോക്കേ...

–വി.ശ്രീകാന്ത്