പുഞ്ചിരി തൂകട്ടെ ബാലസൗഹൃദ കേരളം–6
പുഞ്ചിരി തൂകട്ടെ ബാലസൗഹൃദ കേരളം–6
മലപ്പുറം ജില്ലയിലെ മലയോര മേഖലയിലാണ് കുട്ടികളുടെ വീട്. എയ്ഡ്സ് ബാധിതരായി മരിച്ച മാതാപിതാക്കളുടെ കുട്ടികൾ. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അവരെ ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു. പഠനം, ചികിത്സ എന്നിവ ബാധ്യതയാകുമെന്നതിനാൽ ബന്ധുക്കൾ കൈയൊഴിഞ്ഞു. എന്നാൽ, നിറകണ്ണുകളോടെ ചിൽഡ്രൻസ് ഹോമിലേക്ക് പോകാൻ തയാറായ കുട്ടികളെ ബന്ധുക്കളുടെ എതിർപ്പ് മറികടന്നു അവരുടെ മുത്തൾി മാറോടണക്കുകയായിരുന്നു. കുട്ടികൾക്ക് വേണ്ടി ശക്‌തമായി വാദിച്ച മുത്തശി ആരെന്തുപറഞ്ഞാലും ഒറ്റപ്പെടുത്തിയാലും കുഞ്ഞുമക്കളെ നോക്കുമെന്ന നിലപാടെടുത്തു. അങ്ങനെ രണ്ടു കുട്ടികളെ അവർ വളർത്തി വലുതാക്കി. കൃത്യമായി പ്രതിരോധമരുന്നുകൊടുത്തു. പോഷകഹാരസമൃദ്ധമായ ഭക്ഷണം കൊടുത്തു.

സാധാരണകുട്ടികളെ പോലെ തന്നെ പരിപാലിച്ചു. ഇന്നിപ്പോൾ വാർധക്യശയ്യയിലായ മുത്തൾിയെ ആ കുട്ടികളാണ് നോക്കുന്നത്. രണ്ടുകുട്ടികളിൽ ഒരാൾ ജോലിക്കുപോയി കിട്ടുന്ന പണത്തിലാണ് അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. പരിപാലനവും ശ്രദ്ധയും പ്രതിരോധമരുന്നുമുണ്ടെങ്കിൽ എച്ച്ഐവി ബാധിതരായ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നു തെളിയിക്കുന്നതാണിത്. എച്ച്ഐവി ബാധിതരായ കുട്ടികളെ നോക്കാനാരുമില്ലാതെ ഉപേക്ഷിക്കുന്ന കാലത്ത് ഈ അമ്മൂമ്മയുടെ കരുതൽ ഇന്നത്തെ കാലത്ത് അപൂർവങ്ങളിൽ ഒന്നാണ്. എച്ച്ഐവി മൂലം ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾ പലതും കാണാമറയത്താണ്. ചിലർ സ്വകാര്യസ്ഥാപനങ്ങൾ നടത്തുന്ന അഭയകേന്ദ്രങ്ങളിൽ എത്തപ്പെടുന്നു. മറ്റു ചിലർ ഒളിച്ചോടുന്നു. എച്ച്ഐവി ബാധിതരായ കുട്ടികൾക്ക് നേരെയുള്ള സമൂഹത്തിന്റെ വിലക്ക് ഇന്നും തുടരുകയാണ്. സ്കൂളുകളിൽ എച്ച്ഐവി ബാധിതരായ കുട്ടികൾ എത്തിയാൽ പ്രതിഷേധവുമായി രംഗത്തെത്തുന്നതും കുറഞ്ഞിട്ടില്ല. പഠനവും ചികിത്സാസംവിധാനങ്ങളും അവർക്ക് നിഷേധിക്കപ്പെടുന്നു.

എച്ച്ഐവി ആൻഡ് എയ്ഡ്സ് പ്രതിരോധ നിയന്ത്രണ ഭേദഗതി ബിൽ പ്രാവർത്തികമായെങ്കിലും എച്ച്ഐവി ബാധിതരായ കുട്ടികൾക്കുള്ള വിദഗ്ധസേവനവും അവകാശങ്ങളും ഇന്നും ചോദ്യചിഹ്നമാണ്. മെഡിക്കൽ കോളജുകളിലും എആർടി (ആന്റി റിട്രോ വയറൽ ട്രീറ്റ്മെന്റ്) ക്ലിനിക്കുകളിലും പീഡിയാട്രീഷ്യനും പ്രത്യേകം കൗൺസിലറുമില്ലാതെയാണ് കുട്ടികളുടെ ചികിത്സകൾ പ്രഹസനമാക്കുന്നത്. മെഡിക്കൽ കോളജുകളിലും എആർടി സെന്ററുകളിലും എച്ച്്ഐവി ബാധിതരായവർക്കുള്ള ഡോക്ടർമാരും കൗൺസിലർമാരുമുണ്ടെങ്കിലും കുട്ടികൾക്ക് പ്രത്യേകമായി ഇത്തരം സംവിധാനങ്ങളില്ലാത്തത് അനീതിയാണെന്നാണ്് ചൈൽഡ് വെൽഫയർ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. മറ്റു മാരകരോഗങ്ങൾക്കെല്ലാം വിദഗ്ധസേവനം നൽകുന്ന സർക്കാർ എയ്ഡ്സ് ബാധിതരായ കുട്ടികളുടെ അവകാശസംരക്ഷണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. ലോകരോഗ്യസംഘടന എച്ച്ഐവി ബാധിതരായ കുട്ടികളെ പ്രത്യേകം പരിഗണിക്കുമ്പോൾ സംസ്‌ഥാനത്തെ ആരോഗ്യമേഖല അവരോടു അയിത്തം കൽപിക്കുകയാണ്.

മെഡിക്കൽ കോളജുകളിലും പോലും എച്ച്ഐവി ബാധിച്ച കുട്ടികളുടെ ഓപ്പറേഷനു വിമുഖത കാണിക്കുന്നതായി പരാതിയുണ്ട്. സംസ്‌ഥാന എയ്ഡ്സ് കൺടോൾ സൊസൈറ്റിയുടെ കണക്കുപ്രകാരം നിലവിൽ സംസ്‌ഥാനത്ത് 904 കുട്ടികളാണ് എച്ച്ഐവി ബാധിതരായി ചികിത്സയിലുള്ളത്. എച്ച്ഐവി ബാധിതരായ 919 ഗർഭിണികളിലും എആർടി സെന്ററുകളിൽ ചികിത്സ തേടിയിട്ടുണ്ട്. 485 ആൺകുട്ടികളും 419 പെൺകുട്ടികളും. എആർടി സെന്ററുകൾ വഴി പ്രതിരോധശേഷിക്കായുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത് 526 കുട്ടികൾക്കാണെന്നും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ അറിയിച്ചു. 271 ആൺകുട്ടികൾക്കും 255 പെൺകുട്ടികൾക്കും മരുന്നുവിതരണം ചെയ്യുന്നു. മലപ്പുറം സെന്ററിന്റെ കീഴിൽ തന്നെ 42 എച്ച്ഐവി ബാധിതരായ കുട്ടികൾ അതിജീവനത്തിന്റെ പാതയിലാണ്. സംസ്‌ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും കാസർഗോഡ്, എറണാകുളം ജനറൽ ആശുപത്രികളിലും സൗജന്യവിദഗ്ധ ചികിത്സ നൽകുന്ന ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട, തിരൂർ, മഞ്ചേരി, മാനന്തവാടി, പൈനാവ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലും നെയ്യാറ്റിൻകര, കൊട്ടാരക്കര, പുനലൂർ, താലൂക്ക് ആശുപത്രികളിലും എആർടി സെന്ററുകൾ പ്രവർത്തിക്കുന്നു.

സർക്കാർ അവഗണന

സർക്കാർ മേഖലയിൽ പ്രത്യേകം പാർപ്പിട സൗകര്യമില്ലാത്തതും എയ്ഡ്സ് മൂലം ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ദുരിതക്കയത്തിലാക്കുന്നുണ്ട്. എയ്ഡ്സ് ബാധിതരായ കുട്ടികളെ അനാഥാലയത്തിൽ പാർപ്പിക്കാതെ ബന്ധുക്കൾ ഏറ്റെടുത്തു സംരക്ഷിക്കണമെന്നാണു നിബന്ധന. കുട്ടികളുടെ സംരക്ഷണത്തിനു ഇത്തരം ദത്തെടുക്കൽ തന്നെയാണ് പൂർണപരിഹാരമെങ്കിലും ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ ജീവിതം ചോദ്യ ചിഹ്നമായി തുടരുന്നു. എആർടി സെന്ററുകളിൽ പ്രതിരോധശേഷിക്കായുള്ള മരുന്നുകളുടെ അപര്യാപ്തതയും കുട്ടികളുടെ വലക്കുന്നുണ്ട്. പലയിടത്തും എയ്ഡ്സ് പ്രതിരോധ ശേഷിക്കുള്ള മരുന്നുകളുടെ കുറവും കുട്ടികളെ ദുരിതത്തിലാക്കുന്നു. ആരോഗ്യശേഷി, വയസ്, തൂക്കം എന്നിവക്കനുസരിച്ചാണ് മരുന്നു നൽകുന്നത്. എല്ലാ ദിവസവും ഒരെണ്ണം വീതം മരുന്നു വേണം. മരുന്നുകിട്ടാതെ വരുമ്പോൾ സമയത്തിനു കിട്ടാതെ വരുമ്പോൾ മാനസികമായി സമ്മർദമുണ്ടാക്കുന്നു. പ്രതിരോധശേഷി തന്നെ തകാറിലാക്കുന്നു. വേറെ രോഗങ്ങൾക്കും കീഴ്പ്പെടുന്നു. പാർശ്വഫലങ്ങളും കുട്ടികൾ അനുഭവിക്കേണ്ടി വരുന്നു. വിറ്റാമിൻ ടാബ്ലറ്റ് അടക്കമുള്ളവയും പലയിടത്തും നൽകുന്നില്ലെന്ന പരാതിയുണ്ട്. അനുബന്ധ അസുഖം വന്നാൽ മരുന്നു വേറെ സ്‌ഥലത്തു നിന്നു വാങ്ങണം.


ആദിവാസി കുട്ടികളിലെയും ഇതരസംസ്‌ഥാന തൊഴിലാളികളുടെ കുട്ടികളിലെ എച്ച്ഐവി പരിശോധനയും പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കണം. എച്ച്ഐവി ബാധിതരായ അമ്മമാരിൽ നിന്നു കുട്ടികളിലേക്ക് എച്ച്ഐവി പകരുന്നത് തടയാനുള്ള തീവ്രയജ്‌ഞത്തിലാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി. ഉപേക്ഷിക്കപ്പെടുന്നതും നിർധനരുമായ കുട്ടികൾക്കുള്ള ബാലമന്ദിരങ്ങൾ കൂണുപോലെയുണ്ട്. സമൂഹത്തിന്റെ കാരുണ്യവും ഒപ്പമുണ്ട്. എന്നാൽ എയ്്ഡ്സ് ബാധിതരായ കുട്ടികൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും പ്രവണത കുറഞ്ഞിട്ടില്ല.



കൈത്താങ്ങാകണം നമ്മൾ

വിദേശരാജ്യങ്ങൾ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കർശനനിയമങ്ങൾ പാലിക്കുമ്പോൾ ഇന്ത്യ ബാലാവകാശസംരക്ഷണത്തിൽ പിച്ചവയ്ക്കുകയാണ്. സാമൂഹികയാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനുള്ള പ്രായം അവർക്കായിട്ടില്ലാത്തതിനാൽ പൊതുസമൂഹവും സർക്കാരുമാണ് കുട്ടികളുടെ ക്ഷേമത്തിൽ ജാഗ്രത പുലർത്തേണ്ടത്. കുട്ടികളുടെ അവകാശങ്ങൾ രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ഭാവപൗരൻമാരെ വാർത്തെടുക്കാൻ ഉതകുന്ന സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ജാഗ്രത പുലർത്തണം.മറ്റു സംവിധാനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ മാനസികവ്യാപാരങ്ങളും കണക്കിലെടുത്താവണം ശിശുക്ഷേമപദ്ധതികൾ. സുരക്ഷിതമായ ബാല്യകാലം അവർക്ക് ഉറപ്പുവരുത്തണം.

ബാലനീതി നിയമപ്രകാരം നിർബന്ധമാക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ കൗൺസിലിംഗ് സൗകര്യം മിക്കതിലുമില്ല എന്നതു ഞെട്ടിക്കുന്ന വസ്തുതയാണ്. അനാഥർക്ക് സംവരണം, റേഷൻ കാർഡ്, ബിപിൽ കാർഡ്, തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, ഇലക്്ഷൻ കാർഡ്, സ്വയം തൊഴിലിനുള്ള ലോണുകൾ എന്നീ വാഗ്ദാനങ്ങൾ പൂർണമായ തോതിൽ നടപ്പാക്കിയിട്ടില്ല. ഓർഫനേജുകളിൽ 100 കുട്ടികൾക്ക് 25 ജീവനക്കാരെന്ന കണക്കിന് ഉദ്യോഗസ്‌ഥരെയും മറ്റും നിയമിക്കണമെന്ന് ബാലനീതി നിയമം റൂൾ 68 (9) പ്രകാരവും ശയ്യോപകരണങ്ങൾ, ഭക്ഷണക്രമം എന്നിവ റൂൾ 44 പ്രകാരവും വ്യവസ്‌ഥയുണ്ട്. എന്നാൽ അതൊന്നും പാലിക്കപ്പെടുന്നില്ല. അച്ഛനും അമ്മയുമില്ലാത്ത കുട്ടികൾ സംബന്ധിച്ച വിവരങ്ങൾ അനാഥാലയങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഇതിനായി ജില്ലാ പ്രൊട്ടക്ഷൻ കൗൺസിൽ പലയിടത്തും നോട്ടീസ് കൊടുത്തുകഴിഞ്ഞു.

സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്കുള്ള സഹായം കണ്ടെത്തുന്ന പദ്ധതി എല്ലായിടത്തും വിജയകരമാക്കണം. നിലവിൽ സ്പോൺസർഷിപ്പ് പദ്ധതിയിലൂടെ 2000 രൂപയാണ് കുട്ടികൾക്ക് നൽകുന്നത്. ഈവർഷം 216 പേർക്കാണ് സഹായം നൽകിയത്. തീരദേശ, മലയോര, ആദിവാസി മേഖലകളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ, ചികിത്സാ പദ്ധതികൾ കാര്യക്ഷമമാക്കണം. ബാലമന്ദിരങ്ങളിൽ വയസ്, കേസ് ഹിസ്റ്ററി എന്നിവ അനുസരിച്ചു കുട്ടികളെ പാർപ്പിക്കണം. അതിനായി പ്രത്യേകം കേയർ പ്ലാൻ ആവിഷ്കരിക്കണം. വിദ്യാഭ്യാസത്തിനായി പ്രത്യേക സെന്ററുകളാണ് ആവശ്യം. കുട്ടികളുടെ കലാകായിക വാസനകൾ പോഷിപ്പിക്കാനും സംവിധാനങ്ങൾ വേണം. 18 വയസ് ആകുമ്പോഴേക്കും കുട്ടികളെ സ്വയംപര്യാപ്തമാക്കണം.

കേരളത്തിൽ ജനസംഖ്യയുടെ 6.7 ശതമാനമാണ് വിധവകൾ. ജനസംഖ്യാഅനുപാതത്തിൽ കണക്കിലെടുത്താൽ ഇന്ത്യയിൽ തന്നെ കേരളം മുൻനിരയിലാണ്. ഭർത്താവ് മരണപ്പെട്ടവരോ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവരോ ആയവരാണ് അധികവും. ദാരിദ്ര്യത്താൽ കുട്ടികളെ സുരക്ഷിതമാക്കാൻ അനാഥാലയങ്ങളിൽ പാർപ്പിക്കാൻ നിർധനരായ വിധവകൾ നിർബന്ധിതരാകുന്നു. മനുഷ്യവകാശകമ്മീഷൻ, തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിലെ അധികൃതർ, സാമൂഹികക്ഷേമവകുപ്പ് അധികൃതർ എന്നിവർ അനാഥാലയങ്ങളിൽ സന്ദർശനം നടത്തുന്നത് നിർബന്ധമാക്കണം. അനാഥമന്ദിരങ്ങൾ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധികൃതർ അനാഥാലയങ്ങളിൽ നിരന്തര സന്ദർശനം നടത്തുന്നത് പതിവാക്കണം.

കുട്ടികളുടെ സംരക്ഷണത്തിനു മലപ്പുറം ജില്ലയിൽ സാമൂഹികനീതി വകുപ്പും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും നടപ്പാക്കുന്ന ഒപ്പം പദ്ധതിയും യൂണിസെഫിന്റെ ബാലസൗഹൃദപഞ്ചായത്ത് പദ്ധതിയും മാതൃകയാണ്. 2016ലെ ബാലനീതി നിയമം കേന്ദ്രസംസ്‌ഥാനസർക്കാരുകൾ കർശനമായി നടപ്പാക്കാൻ ശ്രമിക്കുന്നത് ശുഭസൂചനയാണ്. കർശനമായ നിയമങ്ങളായതിനാൽ അടിസ്‌ഥാനസൗകര്യങ്ങളില്ലാത്ത അനാഥാലയങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങിയിട്ടുമുണ്ട്.

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കണക്കുപ്രകാരം സംസ്‌ഥാനത്ത് 1,295 ഓർഫനേജുകളാണുള്ളത്. ഇതിൽ 50 ഓളം ഓർഫനേജുകൾ അടച്ചുപൂട്ടിക്കഴിഞ്ഞു. കുട്ടികളുടെ സന്തോഷകരവും സുരക്ഷിതവുമായ ജീവിതം മുൻനിർത്തി ബാലമന്ദിരങ്ങളും അനാഥാലയങ്ങളുമില്ലാത്ത നാടാണ് രാജ്യത്തിന്റെ സ്വപ്നം. ബാലസൗഹൃദസംസ്‌ഥാനമെന്ന കേരളത്തിന്റെ ഖ്യാതി പേരിൽ മാത്രമൊതുങ്ങരുത്. സമനസുകളായ കുടുംബങ്ങളും സമൂഹവും ഇത്തരം കുട്ടികളെ ഏറ്റെടുക്കുന്ന പദ്ധതികൾ പൂർണമായി വിജയമാകുന്നതുവരെ ബാലമന്ദിരങ്ങളും അനാഥാലയങ്ങളും ബാലസൗഹൃകേന്ദ്രങ്ങളായി മാറ്റേണ്ടതും ഭരണകൂടത്തിന്റെ കടമയാണ്.

കടപ്പാട്: യൂണിസെഫ് പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

രഞ്ജിത്ത് ജോൺ