സ്വന്തം സർഗാലയയിലേക്ക്
സ്വന്തം സർഗാലയയിലേക്ക്
സാമൂതിരിയുടെ പടനായകൻ കുഞ്ഞാലിമരയ്ക്കാരുടെ ധീര ചരിത്രമുറങ്ങുന്ന കടത്തനാടൻ മണ്ണാണ് ഇരിങ്ങൽ. പടക്കപ്പലുകളെ നിരീക്ഷിക്കാൻ മരയ്ക്കാർ കയറി നിന്ന പാറയുടെ അവശേഷിപ്പുണ്ടിവിടെ. അതിനു ചുറ്റിലുമുള്ള ഇരുപതേക്കർ ഇപ്പോൾ വിനോദസഞ്ചാരികളുടെ ഇഷ്‌ട ഇടമാണ്. പ്രകൃതിഭംഗിക്കൊപ്പം കരവിരുതിന്റെ വിസ്മയങ്ങൾ സമ്മേളിക്കുന്ന സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ യശസുയർത്തി മുന്നേറുന്ന സംരംഭം.
2011 ഫെബ്രുവരിയിലാണ് കേരളത്തിലെ ആദ്യ കരകൗശലഗ്രാമമായ സർഗാലയയുടെ പിറവി. സംസ്‌ഥാന ടൂറിസം വകുപ്പിന്റെ സംരംഭങ്ങളിലൊന്നാണിത്. സഹകരണമേഖലയിലെ മാതൃകാ സ്‌ഥാപനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് വേറിട്ട ആശയം പ്രായോഗികമാക്കിയതും പ്രഫഷണൽ മികവോടെ മുന്നോട്ടുകൊണ്ടുപോകുന്നതും. പരമ്പരാഗത കരകൗശല വിദഗ്ധർക്കു പരിശീലനവും പ്രോത്സാഹനവും നൽകുകയും അവർക്ക് ആധുനിക സംവിധാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് സർഗാലയ ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യം. കരകൗശലമേഖലയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ വൻ കുതിപ്പാണു ചുരുങ്ങിയ വർഷം കൊണ്ട് സർഗാലയ കൈവരിച്ചതെന്ന് വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം സാക്ഷ്യപ്പെടുത്തുന്നു.

ക്രാഫ്റ്റ് വില്ലേജിന്റെ ഏറ്റവും വലിയ പ്രത്യേകത വിവിധ കരകൗശല ഉത്പന്നങ്ങളുടെ നിർമാണം തത്സമയം കാണാം എന്നതാണ്. മുപ്പതിലേറെ സ്‌ഥിരം സ്റ്റാളുകളുണ്ടിവിടെ. പെയിന്റിംഗുകൾ, കളിമൺ പാത്രങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ, ആഭരണങ്ങൾ, ഗൃഹാലങ്കാര സാമഗ്രികൾ, ഫർണിച്ചറുകൾ എന്നിവയുടെയെല്ലാം പിറവിയെടുക്കുന്നത് സന്ദർശകർക്കു മുന്നിലാണ്.

ഉല്ലാസയാത്രാ സംഘങ്ങൾക്ക് സർഗാലയ ഹൃദ്യമായ അനുഭവമാകും. ഒരു ദിവസം മുഴുവൻ രസകരമായി ചെലവിടാവുന്ന ഇടമാണിത്. കരകൗശല സ്റ്റാളുകൾക്ക് പുറമേ പെഡൽ ബോട്ടിംഗ്, അക്വേറിയം തുടങ്ങി നിരവധി സൗകര്യങ്ങൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സർഗാലയയോടു ചേർന്നുള്ള മൂരാട് പുഴയാണ് മറ്റൊരു ഹൈലൈറ്റ്. ഇവിടെ മോട്ടോർബോട്ടിംഗ് സൗകര്യം ലഭ്യമാണ്. നാടൻ ഭക്ഷണം ലഭിക്കുന്ന കഫ്റ്റീരിയ, ഏതു തരം ചടങ്ങിനും യോജിച്ച ഓഡിറ്റോറിയങ്ങൾ, അതിവിശാലമായ പാർക്കിംഗ് സൗകര്യം തുടങ്ങിയവ സർഗാലയയെ മികച്ച റിസപ്ഷൻ സെന്ററാക്കി മാറ്റുന്നു.



ആറുവർഷമായി നടന്നുവരുന്ന അന്താരാഷ്ട്ര കരകൗശല മേള സർഗാലയയുടെ പ്രവർത്തനത്തിലെ നാഴികക്കല്ലാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരെ അണിനിരത്തിയൊരുക്കുന്ന മേള സന്ദർശിക്കാൻ തദ്ദേശീയരും വിദേശികളുമൊക്കെയായി ലക്ഷക്കണക്കിനു പേരെത്തുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദസഞ്ചാര പദ്ധതിക്കുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം സർഗാലയയ്ക്ക് ലഭിച്ചിട്ടുണ്ട്. വേൾഡ് ക്രാഫ്റ്റ് കൗൺസിലിന്റെ മികച്ച കരകൗശല ഉത്പന്നത്തിനുള്ള പുരസ്കാരം സർഗാലയയിലെ സ്‌ഥിരം കരകൗശലവിദഗ്ധനായ എൻ.സി. അയ്യപ്പനെ തേടിയെത്തി. ടൂറിസംരംഗത്ത് സമഗ്രസംഭാവനനൽകി ആഗോളമാതൃക സൃഷ്‌ടിച്ചതിനു കേരള ടൂറിസംവകുപ്പിന്റെ പ്രത്യേകബഹുമതിയും സർഗാലയ സ്വന്തമാക്കി. ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ടൂറിസംവകുപ്പിന്റെ അവാർഡ് അടുത്തിടെയാണ് സർഗാലയ അധികൃതർ ഏറ്റുവാങ്ങിയത്.


കോഴിക്കോട്–കണ്ണൂർ റൂട്ടിൽ പയ്യോളിക്കും വടകരയ്ക്കും ഇടയിലാണ് ഇരിങ്ങൽ. വടകരയാണ് സമീപത്തെ പ്രധാന റെയിൽവേ സ്റ്റേഷൻ.

കോഴിക്കോട് നഗരത്തിലേക്ക് സർഗാലയയിൽ നിന്ന് 40 കിലോമീറ്ററാണ് ദൂരം. നഗരത്തിലെത്തിയാൽ മിഠായിത്തെരുവും മാനാഞ്ചിറ സ്ക്വയറും ബീച്ചുമൊക്കെ സന്ദർശിക്കാം. കാപ്പാട് ബീച്ചിലെത്താൻ 30 കിലോമീറ്റർ യാത്ര മതി. സർഗാലയയ്ക്കു തൊട്ടടുത്താണ് കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം. പ്രസിദ്ധമായ വടകര ലോകനാർകാവ് ക്ഷേത്രത്തിലേക്ക് ഒമ്പത് കിലോമീറ്റർ ദൂരമേയുള്ളൂ. മാഹി (18കി.മീ) തലശേരി കോട്ട (27 കി.മീ) മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് (36 കി.മീ) എന്നിങ്ങനെയാണ് സമീപ ടൂറിസം സ്പോട്ടുകളിലേക്കുള്ള ദൂരം.

മുതിർന്നവർക്ക് 30രൂപയും 15വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് ഇരുപതു രൂപയുമാണ് സർഗാലയയിലെ പ്രവേശന നിരക്ക്. സ്കൂൾ വിനോദയാത്രാ സംഘങ്ങൾക്ക് പ്രത്യേക പാക്കേജ് ലഭ്യമാണ്. രാവിലെ പത്തുമുതൽ വൈകുന്നേരം ആറു വരെയാണ് പ്രവർത്തന സമയം. തിങ്കളാഴ്ച അവധിയാണ്. എന്നാൽ പൊതുഅവധിദിനങ്ങളായ തിങ്കളാഴ്ചകളിൽ സർഗാലയ പ്രവർത്തിക്കും. ഫോൺ– 944630 4222, 0496 260 6015.

സൂപ്പർഹിറ്റായി ഉഗാണ്ടൻ ഉത്പന്നങ്ങൾ



ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ ആറാമത് അന്താരാഷ്ര്‌ട കരകൗശലമേളയിൽ ജനശ്രദ്ധയാകർഷിച്ച്് ഉഗാണ്ടയിൽ നിന്നുള്ള കരകൗശല ഉത്പന്നങ്ങൾ. ഉഗാണ്ടയിലെ മിസിൻഡി ജില്ലയിൽ കലാകാരികളായ ജോസ്ലിൻ ആൻഡലിൻ, മറിയം നന്ഡാവുല എന്നിവരാണ് തങ്ങൾ നിർമിച്ച ഉത്പന്നങ്ങളുടെ വൻ ശ്രേണിയുമായി മേളയിലെത്തിയത്.

വുഡ്കാർവിംഗ്സ്, ഓയിൽ പെയിന്റിംഗുകൾ, വാട്ടർകളർ പെയിന്റിംഗുകൾ, ബാടിക്, കാൻഡോ ഓൺ കോട്ടൺ, ബീഡ് ആൻഡ് പേപ്പർ ജ്വല്ലറി ഐറ്റംസ്, കിൻറ്റഗെ മെറ്റീരിയൽസ്, സാലഡ്സ്പൂൺസ്, വയർ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ, ബാഗുകൾ തുടങ്ങിയവ സ്റ്റാളിലുണ്ടായിരുന്നു. ഭൂരിഭാഗവും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇന്ത്യയിൽ കലാകാരന്മാർക്കു ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതായി ജോസ്്ലിനും മറിയവും പറഞ്ഞു. തങ്ങളുടെ നാട്ടിലേക്കാൾ മെച്ചപ്പെട്ട വില ഉത്പന്നങ്ങൾക്കു ലഭിക്കുന്നു. ഇവിടത്തെ സർക്കാരും കലാകാരന്മാർക്കു നല്ല പിന്തുണ നൽകുന്നു –ഇരുവരും കൂട്ടിച്ചേർത്തു.

ടി.വി.ജോഷി
ഫോട്ടോ– രമേഷ് കോട്ടൂളി