കടക്കാനാകാത്ത വാറണ്ടി കടമ്പ
കടക്കാനാകാത്ത വാറണ്ടി കടമ്പ
സ്വകാര്യ മേഖലയിൽ ഏഴുമുതൽ ഒന്പതു ലക്ഷം വരെയും സർക്കാർ മേഖലയിൽ ശ്രുതിതരംഗ പദ്ധതിപ്രകാരവും ചികിത്സയ്ക്ക് വിധേയരായ കുട്ടികൾ നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി ഇംപ്ലാന്റേഷനിൽ ഉപയോഗിച്ചിരിക്കുന്ന സ്പീച്ച് പ്രോസസറിൻറെ വാറണ്ടി കാലാവധി തീരുന്നതാണ്. സ്വകാര്യ മേഖലയിൽ നടത്തുന്ന ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്ന സൗണ്ട ്പ്രോസസറിന് മൂന്നുവർഷ കാലവധിയാണ് കന്പനികൾ നൽകുന്നത്. ശ്രുതിതരംഗം പദ്ധതിയിൽ നാലുവർഷ കാലാവധി കന്പനികൾ സർക്കാരുമായുള്ള ധാരണപ്രകാരം നൽകുന്നുണ്ട്. ഈ സമയപരിധി കഴിഞ്ഞാൽ സൗണ്ട് പ്രോസസറുകൾ തകരാറിലായി തുടങ്ങും. പലപ്പോഴും പ്രോസസർ മാറ്റിവയ്ക്കുകമാത്രമാകും ഏക പോംവഴി. ഇലകട്രോണിക് ഉപകരണമായതിനാൽ ഇവയ്ക്കു നാലു വർഷത്തിലധികം പ്രവർത്തനക്ഷമതയുണ്ടാകാൻ സാധ്യതയും കുറവാണ്.

വാറണ്ടി പിരിയിഡിനുശേഷം തകരാറിലാകുന്നവ നന്നാക്കുന്നതിനായി ഭീമമായ തുകയാണ് പലപ്പോഴും ആവശ്യമായി വരുക. ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ കിടപ്പാടം അടക്കം വിറ്റു വാങ്ങിയവർക്ക് വീണ്ടും ഇതിനായി ഭീമമായ തുക ചിലവഴിക്കുകയെന്നത് സ്വപ്നം മാത്രമാണ്. 2012 ൽ ശ്രുതിതരംഗം പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തിയ കുട്ടികൾക്ക് ഘടിപ്പിച്ച സ്പീച്ച് പ്രോസസറുകളുടെ വാറണ്ടി ഇതിനോടകം അവസാനിച്ചുകഴിഞ്ഞു. ഇവർ ഉപയോഗിക്കുന്ന സ്പീച്ച് പ്രോസസറുകൾക്ക് തകരാറുകൾ ഒന്നും വരുത്തരുതേയെന്ന പ്രാർഥനയിലാണ് മാതാപിതാക്കൾ. സ്പീച്ച് പ്രോസസർ തകരാറിലായാൽ മറ്റൊന്ന് വാങ്ങാനുള്ള നിവൃത്തിയില്ലാത്തതിനാൽ ശബ്ദത്തിൻറെ ലോകത്തേക്ക് തിരിയെത്തിയ തങ്ങളുടെ കുട്ടികൾ വീണ്ടും നിശബ്ദതയുടെ ലോകത്ത് വീണ്ടും അകപ്പെടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
യന്ത്രം വിൽക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും വിദേശകന്പനികൾ
കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കുള്ള യന്ത്രങ്ങൾ വിൽക്കുന്നതും ഇവയ്ക്ക് അറ്റകുറ്റപ്പണി ആവശ്യമായി വന്നാൽ നടത്തുന്നതും വിദേശ കന്പനികളാണ്. മൂന്നു വിദേശകന്പനികളാണ് പ്രധാനമായും ഈ യന്ത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നത്. യന്ത്രങ്ങളുടെ മോഡലുകൾക്കനുസരിച്ചു ആറുലക്ഷം മുതൽ 13 ലക്ഷം വരെ വിലയുള്ള ഉപകരണങ്ങൾ ഇവർ വിതരണം ചെയ്യുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ മാതാപിതാക്കളെ കന്പനി പ്രതിനിധികൾ സമീപിക്കുകയും വിവിധ തരത്തിലുള്ള യന്ത്രങ്ങൾ പരിചയപ്പെടുത്തുകയും സാന്പത്തിക സ്‌ഥിതിയനുസരിച്ചു ഇവ മാതാപിതാക്കൾ വാങ്ങുകയുമാണ് ചെയ്യുന്നത്. കോക്ലിയർ ഇംപ്ലാൻറ് സർജറിയുമായ ബന്ധപ്പെട്ട ഉപയോഗിക്കുന്ന ഇന്റേണൽ ഇംപ്ലാൻറിനു ദീർഘനാളത്തെ പ്രവർത്തനം ഉറപ്പാക്കാനാകുമെങ്കിലും പുറത്ത് ഘടിപ്പിക്കുന്ന സൗണ്ട് പ്രോസസറിൻറെ കാലാവധി പലപ്പോഴും അഞ്ചുവർഷം വരെ മാത്രമാണ് ലഭിക്കുക. യന്ത്രങ്ങളുടെ അറ്റകുറ്റപണികളും കന്പനി ചുമതലയിലാണ് നടത്തുന്നത്. കേരളത്തിൽ ഇവ സർവീസ് നടത്തുന്നതിനുള്ള സെൻററുകൾ ഇല്ലാത്തതിനാൽ പലപ്പോഴും ദിവസങ്ങളോ, ആഴ്ചകളോ അറ്റകുറ്റപണികൾക്കായി വേണ്ടിവരുന്നതും പതിവാണ്. കേരളത്തിൽ നിന്നും ഇവ കൊറിയർ സർവീസ് മുഖേന മുംബൈയിലെ സർവീസിംഗ് സെൻററിലെത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിനായി കൂടുതൽ സമയം ആവശ്യമായി വന്നാൽ അത് ചികിത്സയ്ക്ക് വിധേയനായ ആളുടെ കേൾവിയ്ക്കും സംസാരശേഷി തിരിച്ചുലഭിക്കുന്നതിനും ബുദ്ധിമുട്ടുമുണ്ടാക്കുന്നുണ്ട്.


പണമുണ്ട്: വേണ്ടത് ഇച്ഛാശക്‌തി

കഴിഞ്ഞ സർക്കാരിൻറെ അവസാനഘട്ടത്തിൽ ചേർന്ന സാമൂഹ്യസുരക്ഷ മിഷൻ ഗവേണിംഗ് ബോഡി കോക്ലിയർ ഇംപ്ലാൻറ് ഉപകരണങ്ങളുടെ വാറണ്ടി കൂട്ടാൻ തീരുമാനിച്ചിരുന്നു. പദ്ധതി പ്രകാരം അപേക്ഷിച്ച കുട്ടികളുടെ മുഴുവൻ ശസ്ത്രക്രിയ നടത്തിയാലും ശ്രുതി തരംഗത്തിനു അനുവദിച്ച തുകയിൽ കോടികൾ ബാക്കിയുണ്ടാകുമെന്ന വിലയിരുത്തലിൻറെ അടിസ്‌ഥാനത്തിലായിരുന്നു ഈ തീരുമാനം. ഭരണം മാറിയതോടെ പിന്നീട് ഇതുസംബന്ധിച്ച യാതൊരു നടപടിയും സാമൂഹ്യസുരക്ഷ മിഷൻറെ ഭാഗത്തുനിന്നും ഉണ്ടായില്ല. തീരുമാനം സംബന്ധിച്ച പ്രൊപ്പോസൽ മിഷനിൽ നിന്നും സർക്കാരിലേക്ക് നൽകി സർക്കാർ ഉത്തരവ് വാങ്ങിയാൽ പദ്ധതിക്കായി മാറ്റി വച്ച തുക തന്നെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുപയോഗിക്കാമെങ്കിലും എന്തു കൊണ്ടോ അത്് നീണ്ടുപോകുകയാണ്.

പ്രശ്നം സബ്മിഷനായി സഭയിലുമെത്തി

കോക്ലിയർ ഇംപ്ലാൻറ് സർജറിക്ക് വിധേയരായവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന സാന്പത്തിക മാനസിക ബുദ്ധിമുട്ടുകൾഅധികൃതരുടെ ശ്രദ്ധയിൽ ഇതിനോടകം വ്യക്‌തിപരമായും സംഘടനാ തലത്തിലുമൊക്കെ അറിയിച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുൻ സാമൂഹ്യക്ഷേമമന്ത്രിയായിരുന്ന ഡോ. എം. കെ. മുനീർഎംഎൽഎ ഇത് സംബന്ധിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് സഭയിൽ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസ് നൽകിയിരുന്നു. പദ്ധതിയെക്കുറിച്ചും അതിൻറെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന ശ്രദ്ധ ക്ഷണിക്കൽ സഭയിൽ അവതരിപ്പിച്ചതോടെ വിഷയം അധികൃതരുടെ മുന്നിലെ സജീവ ചർച്ചയായിട്ടുണ്ട്. കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയയ്ക്ക് ശ്രുതിതരംഗം പദ്ധതി പ്രകാരം വിധേയരായ ശ്രവണ വൈകല്യമുള്ള കുട്ടികളിൽ ഘടിപ്പിച്ച സ്പീച്ച് പ്രോസസറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാറണ്ടി കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഗുണഭോക്‌താക്കൾക്ക് കൂടുതൽ സാന്പത്തിക ഭാരമുണ്ടാകാതിരിക്കുന്നതിനായി ഇത്തരം ഉപകരണങ്ങളുടെ വാറണ്ടി കാലാവധി വർധിപ്പിക്കുകയോ അല്ലെങ്കിൽ ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്തുന്നതിനുള്ള കരാർ സർക്കാർ നൽകുകയോ ചിലവാകുന്ന പണം സർക്കാർ രക്ഷിതാക്കൾക്ക് തിരികെ നൽകുന്നതിനുള്ള സംവിധാനമോ എർപ്പെടുത്തണമെന്നതായിരുന്നു ശ്രദ്ധ ക്ഷണിക്കലിലെ ആവശ്യം. പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേൾവിയുടെ ലോകത്തേക്ക് തിരിച്ചെത്തിയ കുരുന്നുകളും അവരുടെ രക്ഷിതാക്കളും.

(തുടരും)