കാളയെ കെട്ടാൻ കയറെടുത്ത പീറ്റ
കാളയെ കെട്ടാൻ കയറെടുത്ത പീറ്റ
കാളപെറ്റെന്നു കേട്ടപ്പോൾ ആരെങ്കിലും കയറെടുത്തിട്ടുണ്ടോ എന്ന ചോദ്യമുയർന്നാൽ തമിഴ് മക്കൾ പറയും അത് പീറ്റയാണെന്ന്. കാരണം സംഗതിയുടെ കിടപ്പുവശം കൃത്യമായി മനസിലാക്കാതെയാണത്രേ തങ്ങളുടെ കാളകളെ പിടിച്ചുകെട്ടാൻ പീറ്റ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് ആനിമൽ) എത്തിയത്. കാളകളെ കൈകാര്യംചെയ്യാൻ തങ്ങളുണ്ടെന്നിരിക്കെ തമിഴൻറെ ജീവശ്വാസമായ സാംസ്കാരിക പൈതൃകത്തിൽ പിടിച്ച് തൂങ്ങേണ്ട വല്ല കാര്യവും പീറ്റയ്ക്കുണ്ടോ എന്നാണ് അവരുടെ ചോദ്യം.

ഏതായാലും അൽപ്പം കഴമ്പില്ലാതെ പീറ്റ ഇക്കര്യത്തിലെന്നല്ല, ഏത് മൃഗാവകാശ പ്രശ്നത്തിലായാലും ഇടപെടുമോ എന്ന് ചോദിക്കുന്നവരുണ്ട്. ജെല്ലിക്കെട്ട് വിഷയത്തിൽ സംഗതിയുടെ ന്യായാന്യായം അവിടെ നിൽക്കട്ടെ. കാരണം പ്രശ്നം ഇപ്പോഴും ചൂടുള്ള ചർച്ചാവിഷയംതന്നെ .

എന്തൊക്കെയായാലും പീറ്റ ചില്ലറക്കാരല്ല എന്ന് ഇതുവരെ ലോകമെന്പാടും അവർ നടത്തിയിട്ടുള്ള പോരാട്ടകഥകൾ അറിഞ്ഞാൽ ബോധ്യമാകും. 1980 ൽ അമേരിക്കയിലെ വെർജീനിയയിൽ പീറ്റ സ്‌ഥാപിതമായ അന്നു മുതൽ ഇന്നുവരെ പീറ്റയ്ക്ക് അപൂർവമായി മാത്രമേ തോൽവി അറിയേണ്ടിവന്നിട്ടുള്ളൂ. കാരണം ഇടപെടുന്ന കാര്യങ്ങളെല്ലാം മൃഗങ്ങളുടെ ഭാഗത്ത് ന്യായമുള്ളവയാണ്. ഭക്ഷണമാക്കാനും ധരിക്കാനും പരീക്ഷണങ്ങൾ നടത്താനും വിനോദോപാധിയാക്കാനും ദുരുപയോഗംചെയ്യാനും മൃഗങ്ങൾ നമ്മുടെ സ്വന്തമല്ല. എന്നതാണ് പീറ്റയുടെ മുദ്രാവാക്യം തന്നെ.

സ്‌ഥാപിതമായതിൻറെ പിറ്റേവർഷംതന്നെ സംഘടന ലോക വാർത്തകളിൽ നിറഞ്ഞു. അമേരിക്കൻ ലബോറട്ടറികളിൽ കുരങ്ങുകളിൽ നടക്കുന്നത് ക്രൂരത നിറഞ്ഞ പരീക്ഷണ നിരീക്ഷണങ്ങളാണെന്ന് സംഘടന ചൂണ്ടിക്കാട്ടി രംഗത്തെത്തിയതിനെ തുടർന്ന് വൻ പ്രതിഷേധമാണുയർന്നത.് സംഘടനയുടെ സ്‌ഥാപക ഇൻഗ്രിഡ് ന്യൂക്രിക്കിൻറെ നേതൃത്വത്തിൽ ഫോട്ടോകൾ അടക്കമുള്ള തെളിവുകൾ നിരത്തിയാണ് പീറ്റ പ്രശ്നം അവതരിപ്പിച്ചത്. സിൽവർ സ്പ്രിംഗ് മങ്കീസ് എന്നപേരിൽ പ്രസിദ്ധമായ ഈ പോരാട്ടത്തിന് നേതൃത്വം വഹിച്ചത് സംഘടനയിലെ പാച്ചെയോ എന്ന പ്രവർത്തകനാണ്. പരീക്ഷണത്തെപ്പറ്റി അറിഞ്ഞ സംഘടന പാച്ചയോയെ ഒരു സന്നദ്ധ പ്രവർത്തകനായി കുരങ്ങു പരീക്ഷണം നടക്കുന്ന മേരിലാൻഡിലെ ലബോറട്ടറിിൽ കയറിക്കൂടാൻ സഹായിച്ചു. തുടർന്ന് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പാച്ചയോ നേരിൽ ബോധ്യപ്പെട്ട് സംഘടിപ്പിക്കുകയായിരുന്നു. അതിന് ഏറെ ഫലവുമുണ്ടായി.അമേരിക്കയുടെ വിവിധ ലബോറട്ടറികളിൽ പോലീസ് പരിശോധനയുണ്ടായി. അങ്ങനെ സുപ്രീംകോടതിവരെ കേസ് നടത്തി അമേരിക്കയിലെ ആനിമൽ വെൽഫെയർ ആക്ടിൽ കാതലായ മാറ്റം കൊണ്ടുവരാൻ സംഘടനയ്ക്ക് കഴിഞ്ഞു. തുടർന്ന് സർക്കാരിൻറെയും സൈന്യത്തിൻറെയും വിവിധ ആവശ്യങ്ങൾക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നതിന് അമേരിക്കയിൽ ഏറെ കുറവുവന്നു. മാത്രമല്ല നായ്ക്കളടക്കം ഉള്ള മൃഗങ്ങളെ സൈന്യത്തിൽ ഉപയോഗിക്കുന്നതിന് വ്യക്‌തമായ മാനദണ്ഡങ്ങളും നിലവിൽ വന്നു.

രോമക്കുപ്പായം ധരിക്കൽ, ഇറച്ചി ഭക്ഷണം, മൃഗ പരീക്ഷണങ്ങൾ തുടങ്ങിയവയ്ക്കതിരേയുള്ള പോരാട്ടമാണ് പീറ്റ ലോകമെന്പാടും നടത്തി ശ്രദ്ധ ആകർഷിച്ചിട്ടുള്ള പ്രധാന വിഷയങ്ങൾ. തോലെടുക്കാൻ മൃഗങ്ങളെ കൊല്ലുന്നതിനെതിരേയും ശക്‌തമായ പ്രക്ഷോഭ പരിപാടികൾ പീറ്റ നടത്തുകയുണ്ടായി. വിയറ്റ്നാം, അമേരിക്ക, ആഫിക്ക തുടങ്ങിയ രാജ്യങ്ങളിൽ തോലെടുക്കാൻ മുതലകളെ വളരെ മൃഗീയമായി കൊല്ലുന്നതിനെതിരേ സംഘടന രംഗത്തുവന്നത് 2015 ൽ ആണ് . മുതലത്തോലുകൊണ്ട് ഉണ്ടാക്കുന്ന ബാഗുകൾക്കും മറ്റും വൻ ഡിമാൻഡാണുള്ളത്. മുതല ഫാമുകളിൽ അവയെ കൊല്ലുന്നതിനുമുന്പ് ഷോക്കേൽപ്പിക്കുകയും തുടർന്നു മൂർച്ചയേറിയ ഉപകരണം അവയുടെ തലയിലേക്ക് അടിച്ചുകയറ്റുന്നതിൻറെയും ദൃശ്യങ്ങൾ സഹിതമാണ് സംഘടന നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നത്.

അമേരിക്കൻ സൈന്യത്തിൻറെ വൂണ്ട് ലബോറട്ടറിയിൽ മൃഗങ്ങളെ മുറിവേൽപ്പിച്ചു നടത്തിവന്ന പരീക്ഷണങ്ങൾ പീറ്റയുടെ പ്രവർത്തന ഫലമായി നിർത്താൻ കഴിഞ്ഞു.1963 ൽ ആയിരുന്നു ഇത്. 1987ൽ മെക്സിക്കോയിൽ നിന്ന് കലിഫോർണിയയിലേക്ക് പരീക്ഷണ നിരീക്ഷണങ്ങൾക്കായി അലഞ്ഞുതിരിയുന്ന നായ്ക്കളെ കയറ്റിയയ്ക്കാനുള്ള നീക്കം തടയാൻ പീറ്റയ്ക്കു കഴിഞ്ഞു.

ടോക്കിയോയിൽ 1992 ൽ നടന്ന രോമവിരുദ്ധ നഗ്ന പ്രതിഷേധം വ്യത്യസ്തമായി. രോമക്കുപ്പായങ്ങൾ ധരിക്കുന്നതിനേക്കാൾ ഭേദം നഗ്നനായി നടക്കുന്നതാണ് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനം. 1993ൽ പീറ്റ ഉയർത്തിയ പ്രതിഷേധത്തിൻറെ ഫലമായി ജീവനുള്ള മൃഗങ്ങളെ ഉപയോഗിച്ച് ലോകമെന്പാടും നടത്തിവന്ന അപകട നിരീക്ഷണപരീക്ഷണ (കാർ ക്രാഷ് ടെസ്റ്റ്)ങ്ങൾക്ക് എന്നന്നേക്കുമായി അവസാനമായി. പീറ്റയുടെ മനഃസാക്ഷി ഉണർത്തൽ പരിപാടിയുടെ ഭാഗമായി അമേരിക്കയും ഫ്രാൻസും റഷ്യയും സംയുക്‌തമായി നടത്താനിരുന്ന വാന പരീക്ഷണം ഉപേക്ഷിക്കേണ്ടിവന്നു. പ്രത്യേക പരീക്ഷണത്തിനായി കുരങ്ങുകളെ ബഹിരാകാശത്തേക്ക് അയയ്ക്കാനായിരുന്നു നാസയിൽ പദ്ധതി തയാറായിക്കൊണ്ടിരുന്നത്.


രോമം കത്രിച്ചെടുക്കുന്നതിനിടെ ആടുകളെ വളരെ ക്രൂരമായി വേദനിപ്പിച്ചു രസിച്ച ഓസ്ട്രേലിയക്കാർക്ക് ശിക്ഷവാങ്ങി നൽകാൻ പീറ്റയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു ഈ ഇടപെടൽ. ഇത്തരത്തിൽ മൃഗങ്ങളുടെ അവകാശങ്ങൾക്കായി പീറ്റ ലോകമെന്പാടും നടത്തിയിട്ടുള്ള പോരാട്ടങ്ങൾ നിരവധിയാണ്.

പീറ്റയുടെ ഇടപെടലിനെ തുടർന്ന് സർക്കസിൽ ആനയെ ഉപയോഗിക്കുന്നത് പ്രമുഖ ആഗോള സർക്കസ് കന്പനികൾ നിർത്തൽചെയ്യുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ബൊളീവിയൻ മിലിട്ടറി മൃഗങ്ങളിൽ നടത്തിവന്ന പരിശീലനത്തിൻറെ ഭാഗമായി നായ്ക്കളെ കുത്തിക്കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പീറ്റ പൊതുജനമധ്യത്തിൽ എത്തിച്ച് അവയ്ക്കുവേണ്ടി വാദിച്ചു. ഒരു മാസത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ മിലിട്ടറി മൃഗങ്ങൾ മരണപ്പെടുന്ന ഇത്തരം പരീക്ഷണങ്ങൾ നിർത്താൻ തയാറായി. 2009 ൽ ആയിരുന്നു ഈ പ്രക്ഷോഭം.

2011 ൽ രാസാക്രമണ പരിശീലനത്തിൽ നിന്ന് കുരങ്ങുകളെ ഒഴിവാക്കിക്കൊണ്ട് അമേരിക്കൻ മിലിട്ടറി ഉത്തരവായി. പീറ്റയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്.സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ പരീക്ഷിക്കാൻ മൃങ്ങളെ ഉപയോഗിക്കുന്നത് തടയാൻ നടത്തിയ പീറ്റയുടെ ശ്രമങ്ങളും ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. മൃഗങ്ങളെ ഉപയോഗിക്കാതെ ഈ പരീക്ഷണങ്ങൾ നടത്താനുള്ള പരിശീലനം ചൈനയ്ക്ക് നൽകിയാണ് പീറ്റ ഇക്കാര്യത്തിൽ വിജയിച്ചത്. 2012ൽ നടത്തിയ ഈ ഇടപെടൽ ലോകത്തെന്പാടും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉണ്ടാക്കുന്നവർക്ക് പ്രചോദനവും മാർഗദർശിയുമായി.

2000 ജനുവരിയിൽ ആണ് പീറ്റ ഇന്ത്യയിലെ പ്രവർത്തനം മുംബൈ ആസ്‌ഥാനമാക്കി തുടങ്ങിയത്. ജെല്ലിക്കെട്ട് അടക്കമുള്ള കാര്യങ്ങളിൽ പീറ്റ ഇടപെട്ട് നടത്തിയിട്ടുള്ള നീക്കങ്ങൾ മൃഗസംരക്ഷണം സംബന്ധിച്ച് പുതിയ ഒരു അവബോധം സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും മൃഗക്രൂരതകൾക്കെതിരേയുള്ള അന്വേഷണം, അവലോകനം, ബോധവത്കരണം ഇതിനായി ഉന്നത വ്യക്‌തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പ്രത്യേക പരിപാടികൾ തുടങ്ങിയവയാണ് പീറ്റ ഇന്ത്യയിൽ നടത്തിവരുന്നത്.

2005 ൽ പീറ്റ ബംഗളൂരുവിൽ കെഎഫ്സിക്കെതിരേ നടത്തിയ പ്രതിഷേധം ലോകമെന്പാടും ഏറെ ചർച്ചചെയ്യപ്പെട്ടു. ഇവിടെ കോഴികളെ വളരെ ക്രൂരമായാണ് കൊല്ലുന്നതിനു മുന്പ് കൈകാര്യംചെയ്തുവന്നത് എന്നായിരുന്നു സംഘടനയുടെ ആരോപണം. അതുകൊണ്ട് ഇക്കാര്യത്തിൽ കാതലായ മാറ്റം കൊണ്ടുവരാതെ അവിടെനിന്ന് ഭക്ഷണം കഴിക്കരുതെന്നും പീറ്റ ആഹ്വാനം നടത്തിയിരുന്നു.

മുംബൈയിൽ കുതിരകൾക്കും ഡ്രൈവർമാർക്കും ലൈസൻസിൻറെ കാലാവധി തീർന്നിട്ടും സവാരി നടത്തുന്നതിനെതിരേ സംഘടന രംഗത്തുവന്നത് അടുത്തയിടെയാണ്.

പട്ടം പറത്തലിനിടെ അതിൻറെ നൂലിൽ കുടുങ്ങി നിരവധി പക്ഷികൾക്ക് പരിക്കേൽക്കുകയും ചാകുകയും ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടി പീറ്റ രംഗത്തുവന്നത് 2014 ലിലാണ്. ഇതേത്തുടർന്ന്് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ അപകടകരമായ നൂലുകൾ പട്ടം പറത്തലിന് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണിപ്പോൾ. ഇക്കാര്യത്തിലുള്ള അടുത്ത വാദം അടുത്തമാസം ഒന്നിനാണ് നടക്കുക. അന്ന് അന്തിമവിധിയും തങ്ങൾക്കനുകൂലമായി ഉണ്ടാകും എന്ന വിശ്വാസത്തിലാണ് പീറ്റ.

നിയമം നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തമിഴ്നാട്ടിലെ നായ് പ്രജനന സംരക്ഷണ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടതിനു പിന്നിലും പീറ്റയാണ്.

ലോകത്തിലെ ഏറ്റവും വലിയ മൃഗാവകാശ സംരക്ഷണ സംഘടനയായ പീറ്റയ്ക്ക് 50 ലക്ഷത്തോളം അംഗങ്ങളാണ് ലോകത്താകമാനം ഉള്ളത്. 300 ജോലിക്കാരുമുണ്ട്. പണ്ഡിറ്റ് രവിശങ്കർ, അനുഷ്ക ശങ്കർ, ശിൽപ്പ ഷെട്ടി, യന ഗുപ്ത, മഹിമ ചൗധരി, ജിയ ഖാൻ, അനൂപ് ദേശായി തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ ഇന്ത്യയിൽ പീറ്റയുടെ പ്രവർത്തനങ്ങളുമായി കൈകോർത്തിട്ടുള്ളവരാണ്.
–ജോസി ജോസഫ്