അക്ഷരങ്ങൾ സമ്മാനിച്ച ജീവിതം
അക്ഷരങ്ങൾ സമ്മാനിച്ച ജീവിതം
മാർച്ച് 8 ലോക വനിതാദിനം

സ്രിയോഷി ഭക്ഷി. കൊൽക്കത്തയിലെ വളർന്നു വരുന്ന എഴുത്തുകാർക്കിടയിൽ സുപരിചിതമാണ് ഈ പേര്. എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, നിരവധിപേർക്ക് ജീവിക്കാൻ പ്രേരണയായ പെൺകുട്ടി എന്ന നിലയിലും സ്രിയോഷി പ്രശസ്തയാണ്. ജീവിതം കൈവിട്ടു പോയ എന്നു കരുതിയിടത്തു നിന്ന് പഴയതിലും കരുത്തോടെ ഉയർന്നു വന്ന കഥയാണ് അവൾക്ക് പറയാനുള്ളത്.

കാലം മൂന്നു വർഷം പിന്നോട്ടു മാറി. കൊൽക്കത്തിയിലെ പ്രമുഖ കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ് സ്രിയോഷി. കാണാൻ ആരോഗ്യവതിയായിരുന്ന അവളോട് എല്ലാവരും ചോജിച്ചു തുടങ്ങി എന്തു പറ്റി, ക്ഷീണമാണല്ലോ എന്നൊക്കെ. ആദ്യമൊന്നും സാരമാക്കിയില്ലെങ്കിലും പതിയെ അവൾക്കും തോന്നിത്തുടങ്ങി. വണ്ണം കുറയുന്നുണ്ട്, ക്ഷീണമാണ്, വിശപ്പില്ല. എന്താണ് കാരണമെന്ന് അറിയാൻ പല ഡോക്ടർമാരെയും കണ്ടെങ്കിലും എല്ലാവരുടേയും മറുപടി ഒന്നു തന്നെ– ‘പ്രശ്നമൊന്നുമില്ല!’. ഉത്തരം കേട്ട് അവളും വീട്ടുകാരും സമാധാനിച്ചു. പക്ഷേ സ്രിയോഷിയുടെ അവസ്‌ഥ ദിവസേന വഷളായിക്കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കെയാണ് കുടുംബസുഹൃത്തായ ഡോക്ടറിനടുത്ത് അവൾ എത്തുന്നത്. രോഗകാരണം അദ്ദേഹം കണ്ടെത്തി. തീവ്രമായ ക്ഷയമാണ് അവളെ കാർന്നു തിന്നുകൊണ്ടിരുന്നത്. ‘അസുഖം എന്താണെന്നറിഞ്ഞപ്പോഴത്തെ അവസ്‌ഥ പറഞ്ഞറിയിക്കാനാവില്ല. ഡോക്ടറിനും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും അദ്ദേഹം ഞങ്ങളോട് ചികിത്സ തുടങ്ങാം എന്നു പറഞ്ഞു. പക്ഷേ എനിക്ക് എവിടെയോ ഒരല്പം പ്രതീക്ഷയുണ്ടായിരുന്നു രോഗം ഭേദമാകുമെന്ന്.’– സ്രിയോഷി പറയുന്നു.

2014ൽ അവളുടെ ചികിത്സ ആരംഭിച്ചു. ദിവസേനയുള്ള മരുന്നും രക്‌തപരിശോധനയും ബെഡ് റസ്റ്റുമൊക്കെയായി ആകെ കഠിനമായിരുന്നു ചികിത്സാകാലമെന്നാണ് അവൾ പറയുന്നത്. ‘ചികിത്സയെക്കാൾ ബുദ്ധിമുട്ട്് തോന്നിയത് ഒറ്റപ്പെട്ട് കഴിയേണ്ടി വന്നപ്പോഴാണ്. സൂഹൃത്തുക്കളെ കാണാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സാധിക്കാതെ വന്നതോടെ അവരെല്ലാവരും എന്നെ വിട്ടുപോയി. അതിനേക്കാൾ എന്നെ മുറിപ്പെടുത്തിയത് അച്ഛനും അമ്മയും എന്നിൽ നിന്ന് അകലാൻ ശ്രമിച്ചപ്പോഴാണ്. രോഗം പകർന്നാലോ എന്നു പേടിച്ച് എൻറെയടുത്ത് വരാനോ സംസാരിക്കാനോപോലും അവർ ഭയക്കുന്നത് എനിക്കു മനസിലായിത്തുടങ്ങി.’ സ്രിയോഷി പറയുന്നു.

രണ്ടു മാസത്തിനുശേഷവും അവളുടെ ആരോഗ്യത്തിൽ മാറ്റമൊന്നും വന്നില്ല. മാത്രമല്ല അവളുടെ വ്യക്‌തിത്വത്തേയും രോഗം ബാധിച്ചു തുടങ്ങിയിരുന്നു. എപ്പോഴും സന്തോഷത്തോടെ നടന്നിരുന്ന സ്രിയോഷി ആരോടും സംസാരിക്കാതെയായി.

പക്ഷേ ജീവിതം അവളെ കൈയൊഴിഞ്ഞില്ല. പ്രതീക്ഷ അവൾക്കു മുന്നിലേക്ക് എത്തിയത് ജയദീപ് എന്ന സുഹൃത്തിൻറെ രൂപത്തിലായിരുന്നു. എല്ലാത്തിനേയും പോസിറ്റീവായി മാത്രം കാണാൻ അയാൾ അവളെ പ്രേരിപ്പിച്ചു. കുട്ടിക്കാലം മുതൽ എഴുതാൻ കഴിവുണ്ടായിരുന്നു സ്രിയോഷിക്ക്. ഇതറിയാമായിരുന്ന ജയദീപ് അവളോട് വീണ്ടും എഴുതണം എന്നു പറഞ്ഞു. വായിക്കാൻ നല്ല പുസ്തകങ്ങൾ സമ്മാനിച്ചു.

എല്ലായിടത്തും ഒറ്റപ്പെടുകയാണ് എന്നു തോന്നിയ സ്രിയോഷിക്ക് അക്ഷരങ്ങൾ നല്ല ചങ്ങാതിയായി മാറി. ദിവസങ്ങൾ മുന്നോട്ടുപോയി. തുടന്നു നടത്തിയിരുന്ന ഓരോ പരിശോധനകളിലും അവളുടെ ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടുകൊണ്ടേയിരുന്നു. അവൾ പതുക്കെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കൊൽക്കത്ത സർവകലാശാലയിൽ എംഎ ജേർണലിസം ചെയ്യുകയാണ് സ്രിയോഷി ഇപ്പോൾ.

വിഷമഘട്ടങ്ങളിൽ തനിക്ക് തുണയായത് അക്ഷരങ്ങളാണെന്നാണ് സിയോഷി പറയുന്നത്. ‘ഉള്ളിലെ എല്ലാ വികാരങ്ങളെയും ഞാൻ അക്ഷരങ്ങളാക്കി മാറ്റി. സന്തോഷവും വിഷമവും ഒറ്റപ്പെടലും സൗഹൃദങ്ങളുമെല്ലാം എൻറെ കവിതകളിലും കഥകളിലുമുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ ആ അക്ഷരങ്ങളാണ് എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്.’


രോഗത്തിൽ നിന്നു മുക്‌തിനേടിക്കൊണ്ടിരിക്കുകയാണ് സ്രിയോഷി. അവളും സുഹൃത്തു ചേർന്നാരംഭിച്ച സ്റ്റാർട്ടപ്പിൻറെ വിജയത്തിൻറെ മധുരവും സ്രിയോഷിയെ വേഗത്തിൽ ജീവിതത്തിലേക്ക് കൊണ്ടു വരുകയാണ്.

വനിതാദിനത്തിന്റെ നാൾവഴികൾ

മാർച്ച് 8 അന്താരാഷ്്ട്രവനിതാ ദിനം. ലോകമെന്പാടുമുള്ള വനിതകൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും ചിന്തിക്കുവാനും മനസിലാക്കുവാനുമുള്ള ദിനം. നൂറ്റാണ്ടുകളായി തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി, നിരവധി സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെയും അവർ സഹിച്ച കഷ്‌ടപ്പാടുകളുടെയും ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ വനിതാ ദിനവും. കഴിഞ്ഞ ഒരു നൂറ്റാണ്ടായി വർഷംതോറും ആഘോഷിക്കപ്പെടുന്ന വനിതാ ദിനത്തിനും പറയാൻ ഒരു ചരിത്രമുണ്ട്.

പല സ്ത്രീപക്ഷ പ്രസ്‌ഥാനങ്ങളുടെയും ചിന്തകളുടെയും തറവാടായ അമേരിക്കയിലാണ് ആദ്യമായി ദേശീയ വനിതാ ദിനാഘോഷം സംഘടിപ്പിക്കപ്പെട്ടത്.1909 ഫെബ്രുവരി 28 നായിരുന്നു ഇത്. ന്യൂയോർക്കിലെ ടെക്സ്റ്റൈൽസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് തൊഴിൽ വേതനം ഉയർത്തണമെന്നും തൊഴിൽ സമയം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭവും അന്ന് നടന്നു.1910 ൽ കോപ്പൻഹേഗനിൽ നടന്ന സ്ത്രീകളുടെ അന്താരാഷ്്ട്ര സമ്മേളനത്തിൽവച്ചാണ് ലോകമെന്പാടും സ്ത്രീകൾക്കായി ഒരു ദിനം കൊണ്ടാടണം എന്ന തീരുമാനമുണ്ടാകുന്നത്. മാർച്ച് 19 ആയിരുന്നു അവർ തെരഞ്ഞെടുത്ത തിയതി. പിന്നീടിങ്ങോട്ട് പല വർഷങ്ങളിൽ ഈ ദിവസം വനിതാ ദിനമായി ആഘോഷിക്കപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെയും പോരാടാൻ ഈ ദിനം പ്രേരണയായി.

1975 ഐക്യരാഷ്്ട്രസഭ അന്താരാഷ്്്ട്രവനിതാ വർഷമായി ആചരിച്ചിരുന്നു. ആ വർഷം മുതൽ മാർച്ച് എട്ട് അന്താരാഷ്്ട്ര വനിതാ ദിനമായി യുഎൻ പ്രഖ്യാപിച്ചു.എല്ലാവർഷവും വനിതകളുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ കേന്ദ്രീകരിച്ചാണ് വനിതാ ദിനാഘോഷം സംഘടിപ്പിക്കുക. മാറുന്ന ലോകത്ത് സ്ത്രീകൾ, 2030ൽ 50 50 എന്നതാണ് ഇത്തവണത്തെ വിചിന്തന വിഷയം. തൊഴിൽ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങൾ തടയുക, ഇവിടെ ലിംഗസമത്വം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പരന്പരാഗതമായി സ്ത്രീകൾ ചെയ്തുവരുന്ന ഗാർഹിക ജോലികൾക്കുപരി സമൂഹത്തിൻറെ മുഖ്യധാര തൊഴിലുകളിലേക്ക് ലോകമെന്പാടുമുള്ള സ്ത്രീകളെ കൈപിടിച്ചു നടത്താൻ യുഎൻ ആഗ്രഹിക്കുന്നു. മാറുന്ന ലോകത്തിൽ സ്ത്രീകൾ ഒന്നിലും പിന്നിലാകാതിരിക്കാൻ അവർക്ക് കന്പ്യൂട്ടർ ഇൻറർനെറ്റ് സംവിധാനങ്ങളുടെ ഉപയോഗത്തിൽ പരിശീലനം നൽകാനുള്ള പദ്ധതി യുഎൻ വനിതാ വിഭാഗം ആരംഭിച്ചുകഴിഞ്ഞു.

ജീവിതത്തിൻറെ പല കോണുകളിലും സ്ത്രീകൾ ഇന്നു തിളങ്ങുന്നുണ്ടെങ്കിലും അവർക്കെതിരേയുള്ള അക്രമങ്ങൾ അനുദിനം പെരുകുകയാണ്. പ്രസ്താവനകളും പ്രസംഗങ്ങളും പ്രതിജ്‌ഞകളുമല്ല ഇവയൊക്കെ നിറവേറ്റാനുള്ള കർമ്മപരിപാടികളാണ് നമുക്ക് ആവശ്യം.സ്ത്രീകൾക്കായി പ്രത്യേകദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഒരു ദിവസമെങ്കിലും സ്ത്രീ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും വാർത്തകൾ ഇല്ലാത്ത് ഒരു ദിനത്തിനായി നമുക്ക് ആഗ്രഹിക്കാം.