സ്വാദോടെ കഴിക്കുന്നതു വെറും ചവറ്
സ്വാദോടെ കഴിക്കുന്നതു വെറും ചവറ്
<യ>തോമസ് വർഗീസ്

ചവറുപോലെ വലിച്ചെറിയേണ്ടതാണു പലപ്പോഴും നമ്മൾ അതീവ രുചിയോടെ അകത്താക്കുന്നത്. ജങ്ക് ഫുഡിനെ (പോഷകാശം കുറഞ്ഞ ആഹാരം) കുറിച്ച് ആരോഗ്യവിദഗ്ധരുടെ അഭിപ്രായമാണിത്. ഉപ്പും പഞ്ചാസാരയും കൊഴുപ്പും മറ്റു രാസവസ്തുക്കളും അമിതമായി ചേർത്താണ് അതുണ്ടാക്കുന്നത്. അങ്ങനെയുണ്ടാക്കുന്ന ചില രുചിക്കൂട്ടുകൾക്ക് ആളുകൾ പ്രത്യേകിച്ചു കുട്ടികൾ വളരെ വേഗം അടിമകളാകും.

ആരെയും മോഹിപ്പിക്കുന്ന പായ്ക്കറ്റുകളിൽ കടകളിൽ സ്‌ഥാനം പിടിക്കുന്ന അവയിലേക്കാവും കുട്ടികളുടെ നോട്ടം ആദ്യം എത്തുന്നത്. തുടക്കത്തിൽ മാതാപിതാക്കളെ ശല്യപ്പെടുത്തിയാവും അവർ അതു വാങ്ങി കഴിക്കുന്നത്. പിന്നെ പോക്കറ്റ് മണിയായി കിട്ടുന്നതത്രയും ഇതിനായി ചെലവിടും. മറ്റൊരു രുചിയും പിടിക്കാതെ വരുന്നതോടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങും. പിന്നെ സാവധാനത്തിൽ രോഗികളായി മാറും.

ജങ്ക് ഫുഡിനു പിന്നിൽ പതിയിരിക്കുന്ന ദുരന്തം ആരും മനസിലാക്കുന്നില്ല എന്നതാണു സത്യം. പഞ്ചസാരയുടെയും പൂരിത കൊഴുപ്പിന്റെയും അമിതമായ ഉപയോഗമാണു ജങ്ക് ഫുഡുകളിൽ കണ്ടുവരുന്നത്. സ്വാദ് കൂട്ടുന്നതിനായി, കാൻസറിനു കാരണമാകുമെന്നു തെളിയിക്കപ്പെട്ട അജ്നാമോട്ടോയും ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ആണ് ഏറ്റവും അപകടകാരി.

ജങ്ക് ഫുഡ് തുടർച്ചയായി ഉപയോഗിക്കുന്ന വ്യക്‌തി അമിതമായ വണ്ണം, പ്രമേഹം, ഫാറ്റി ലിവർ എന്നിവയ്ക്കു വളരെ വേഗം കീഴ്പ്പെടുന്നു. ഭക്ഷണം തന്നെ ആരോഗ്യത്തിനു ഹാനികരമാകുന്ന സ്‌ഥിതിയാണു ജങ്ക് ഫുഡ് കഴിച്ചാലുണ്ടാകുന്നത്.

മുൻ കാലങ്ങളിൽ വല്ലപ്പോഴുമായിരുന്നു ജങ്ക് ഫുഡ് ആളുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചില സ്കൂളുകളുടെ കാന്റീനുകളിൽ പോലും ഇവ ലഭിക്കുന്നുണ്ട്. ഇടവേളകളിൽ ചെറുകടിയായി ഉപയോഗിക്കുന്നതു ജങ്ക് ഫുഡ് ആണ്. ജങ്ക് ഫുഡിന്റെ നിറവും മണവും ആത്യാകർഷകമാണ്.

ജങ്ക് ഫുഡ് തുടർച്ചയായി ഉപയോഗിക്കുന്നതു നാഡികളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്‌തമാക്കുന്നു. ഓർമശക്‌തിയെയും ബുദ്ധിശക്‌തിയെയും ഇതു പ്രതികൂലമായി ബാധിക്കും. ജങ്ക് ഫുഡ് കുട്ടികളിൽ ഏറെ പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്ന് ഇന്ത്യൻ ജേർണൽ ഓഫ് ഗ്യാസ്ട്രോ എന്ററോളജി നടത്തിയ പഠനത്തിലും വെളിവാകുന്നുണ്ട്.


ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികൾക്കു പ്രമേഹവും ഹൃദ്രോഗവും അമിതവണ്ണവും ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ പതിന്മടങ്ങ് കൂടുതലാണ്. അന്നനാളത്തിനും ചെറുകുടലിനും വൻകുടലിനും ഇത്തരം ഭക്ഷണം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്നവരിൽ ഡിപ്രഷൻ അഥവാ വിഷാദരോഗം വരാനുള്ള സാധ്യതയുമുണ്ട്. തലച്ചോറിലേക്കുള്ള രക്‌തപ്രവാഹത്തെയും ശരിയായ ഹോർമോൺ ഉത്പാദനത്തെയും ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നു.

ജങ്ക് ഫുഡ് കഴിക്കുമ്പോൾ ശരീരത്തിനുവേണ്ട ഒമേഗാ ത്രീ ഫാറ്റി ആസിഡ് ലഭിക്കില്ല. ഇത് ബ്ലഡ് ഷുഗർ വ്യതിയാനത്തിനും ഉത്കണ്ഠ ഉൾപ്പെടെയുള്ള അവസ്‌ഥകൾക്കും കാരണമാകുന്നു. ജങ്ക് ഫുഡിലെ പൂരിത കൊഴുപ്പുകൾ ഹോർമോണുകളുടെ ശരിയായ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

ജങ്ക് ഫുഡിൽ ഉണ്ടാകുന്ന ഉയർന്ന അളവിലുള്ള ഗ്ലൂക്കോസാണ് പ്രമേഹത്തിനു കാരണമാകുന്നത്. ഇത് ആമാശയത്തിൽ അമിതമായ ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും ദഹനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.

പൂരിത കൊഴുപ്പുകൾ ഉൾപ്പെട്ട ഭക്ഷണം അമിതമായി കഴിക്കുന്നതുമൂലം ഹൃദ്രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.

വൃക്കസംബന്ധമായ രോഗങ്ങൾക്കും ജങ്ക് ഫുഡ് കാരണമാകാറുണ്ട്. പൂരക കൊഴുപ്പുകൾ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയും. ഇതുമൂലം പോഷകങ്ങൾ അടങ്ങിയ ഭക്ഷണംകഴിക്കാനുള്ള താത്പര്യം ഇല്ലാതാകും. തളർച്ചയും വിളർച്ചയുമാകും ഫലം.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.