ഒരു ഐഎഎസ് പ്രണയകഥ; ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും ഒന്നിക്കുന്നു
Thursday, November 24, 2016 6:17 AM IST
സിവിൽ സർവീസ് ഒന്നാം റാങ്ക് നേടിയപ്പോൾ ടിന ദാബി എന്ന ഡൽഹിക്കാരി സ്വന്തമാക്കിയത് രണ്ടാം റാങ്കുകാരന്റെ ഹൃദയം കൂടിയായിരുന്നു. പ്രഥമ ദർശനാനുരാഗം എന്നാണ് ടിന തന്നെ അതിനെ വിശേഷിപ്പിക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഓപ് പഴ്സണൽ ട്രെയിനിംഗ് ഓഫീസിൽ ഐഎഎസ് റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് ടിന കാഷ്മീരിയായ ആതർ ആമിറിനെ നേരിട്ടു പരിചയപ്പെടുന്നത്. റാങ്ക് വേർതിരിവില്ലാതെ ഇവർ അടുത്തു. അത് പ്രണയമായി രൂപാന്തരപ്പെട്ടു. പിന്നീട് വിവാഹത്തിലേക്കും.

കാഷ്മീരിലെ ഇടത്തരം ഇസ്ലാം കുടുംബത്തിലെ അംഗമാണ് ആമിർ. ടിനയാകട്ടെ ഡൽഹിയിലെ ദളിത് കുടുംബത്തിൽ നിന്ന് സ്വപ്രയത്നത്താൽ വിജയം നേടിയയാളും. എന്നാൽ, മതമോ കുടുംബമോ ഒന്നും ഇരുവരുടെയും പ്രണയത്തിനു തടസമായിരുന്നില്ല. തങ്ങളുടെ പ്രണയം പുറത്തു പറയാൻ ഇവർക്ക് മടിയുമില്ല. ആമിറിനൊപ്പമുള്ള ചിത്രങ്ങൾ ടിന ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ’ഞങ്ങൾ പ്രണയത്തിലാണ്. അത് ഏറെ സന്തോഷം പകരുന്നതാണ്’ എന്ന് ടിന ഫേസ്ബുക്കിൽ കുറിച്ചു.

വ്യത്യസ്ത മതസ്‌ഥരായതിനാൽ ഫേസ്ബുക്കിലും മറ്റും എതിർപ്പുകൾ പ്രകടിപ്പിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട്. എങ്കിലും ഇരുവരുടെയും മാതാപിതാക്കൾക്കും ഈ പ്രണയത്തോട് പൂർണസമ്മതമാണ്. ഇപ്പോൾ മിസൂറി ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പരിശീലനത്തിലാണ് ടിനയും ആമിറും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.