"ഹണി ബീ 2.5' വേറെ ലെവലാണ്
Friday, August 18, 2017 4:20 AM IST
സംവിധായകരേയും തിരക്കഥാകൃത്തുകളേയും കാത്ത് സിനിമാ ലൊക്കേഷനുകളിൽ ഒരുപാട് കഥകൾ ഇങ്ങനെ പരതി നടപ്പുണ്ട്. പക്ഷേ, അതൊക്കെ കണ്ടെത്തി സിനിമയാക്കുക എന്നു പറഞ്ഞാൽ ഇത്തിരി പെടാപ്പാടുള്ള പണിയാണ്. ലാലിന്‍റെ മനസിൽ ഉദിച്ച ഈ പെടാപ്പാടിനെ കൂടെക്കൂട്ടിയ സംവിധായകൻ ഷൈജു അന്തിക്കാട് കൈയടി നേടാനുള്ള വകയെല്ലാം "സാറെ പ്ലീസ് ഒരു ഡയലോഗ് ഹണി ബീ 2.5' എന്ന ചിത്രത്തിൽ ചെയ്തു വച്ചിട്ടുണ്ട്. "ഹണി ബീ 2' എന്ന ചിത്രത്തിന്‍റെ ലൊക്കേഷൻ മാത്രമല്ല, ആ സിനിമ തന്നെ മറ്റൊരു സിനിമയ്ക്കുള്ള വഴി തുറക്കുന്നിടത്താണ് ഹണി ബീ 2.5-ലെ ഓരോ കാഴ്ചകളും പുതുമകൾ നിറഞ്ഞതാവുന്നത്.

ഈ കൈവിട്ട കളിയിൽ തട്ടലും മുട്ടലും കുറവുകളുമെല്ലാം ഏറെയുണ്ടെങ്കിലും ഇവയെല്ലാം ഈ ചിത്രത്തിന് മുതൽക്കൂട്ടായിട്ടേയുള്ളു. കാരണം കാമറയ്ക്ക് പിന്നിലുള്ള കാഴ്ചകൾ മുന്നിലേക്ക് കൊണ്ടുവന്ന് അവയെ രസകരമായി കണ്‍മുന്നിലേക്ക് ഇട്ടുതരുക എന്നു പറഞ്ഞാൽ ശ്രമകരമായ ജോലിയാണ്. ആ പണിയിൽ കൃത്രിമത്വം കലർത്താതെ ക്ലൈമാക്സിന് തൊട്ടുമുന്പുവരെ കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞു.




തുടക്കക്കാരൻ ഓവറാക്കിയില്ല

ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലിയാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കഷ്ടപ്പാടുകളുടെ പടവുകൾ താണ്ടി മലയാള സിനിമയുടെ മുൻനിരയിലേക്ക് വന്നവരേയും വരാൻ വേണ്ടി പ്രയത്നിക്കുന്നവരേയും നിരാശരായി മടങ്ങിയവരേയും അസ്കർ ചെയ്ത വിഷ്ണുവെന്ന കഥാപാത്രത്തിലൂടെ ഓർമിപ്പിക്കുവാൻ സംവിധായകന് സാധിച്ചു.



തുടക്കക്കാരന്‍റെ കുറവുകൾ ആവോളം അസ്കറിലുണ്ടായിരുന്നതു തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. ഓവറായി അഭിനയിച്ച് താൻ തുടക്കക്കാരനാണെന്ന് കാട്ടാൻ ശ്രമിച്ചിരുന്നുവെങ്കിൽ സംഭവം മൊത്തം പാളിപ്പോയേനെ. സംവിധായകന്‍റെ മനസിലെ വിഷ്ണുവിനെ ഏറെക്കുറെ തുടക്കക്കാരന്‍റെ എല്ലാ കുറവുകളോടും കൂടി അസ്കർ സ്ക്രീനിൽ പകർന്നാടിയിട്ടുണ്ട്.

കഥയാണ് താരം

ഇത്തരം ഒരു കഥ എഴുതാൻ എളുപ്പമാണ്, പറയാൻ എളുപ്പമാണ്, കേൾവിസുഖം നല്കുന്നതുമാണ്. പക്ഷേ, അത് ബിഗ് സ്ക്രീനിലേക്ക് പകർത്തുന്പോൾ എവിടെ വേണമെങ്കിലും പാളിപ്പോകാം. സിനിമാ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരന്‍റെ കഷ്ടപ്പാടുകൾ എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്.



എന്നാൽ ഒരു സിനിമാ മോഹിയെ മറ്റൊരു സിനിമയുടെ ലൊക്കേഷനിലേക്ക് എടുത്തിട്ട് സിനിമ പിടിക്കുക എന്നു പറഞ്ഞാൽ അത് പ്രശംസനീയം തന്നെയാണ്. തുടക്കക്കാരുടെ കഷ്ടപ്പാടുകളിൽ മാത്രം ഒതുക്കാതെ കുഞ്ഞു പ്രണയവും പൊടിക്ക് തമാശകളും പിന്നെ സിനിമയിലെ അന്ധവിശ്വാസങ്ങളുമെല്ലാം കടന്നുവന്നപ്പോൾ സിനിമാ മേഖലയെ കുറിച്ചുള്ള വിലയിരുത്തലുകൾ കൂടി ആകുകയായിരുന്നു ഹണി ബീ 2.5.

നായിക സൂപ്പറാ

ലിജോമോളുടെ തിരഞ്ഞെടുപ്പുകൾ ഇതുവരെ പിഴച്ചിട്ടില്ല. മഹേഷിന്‍റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷൻ ഇപ്പോൾ ദാ ഹണി ബീ 2.5. കണ്‍മണിയായി അഭിനയ പ്രാധാന്യമുള്ള വേഷത്തിൽ തന്നെയാണ് ലിജോ ഇത്തവണയും ബിഗ് സ്ക്രീനിൽ എത്തിയത്. പ്രണയം മൊട്ടിടുന്ന ഭാവങ്ങൾ കണ്‍മണിയിൽ ഭദ്രം. നടി ഭാവനയുടെ ടച്ചപ്പ് ഗേളായാണ് കണ്‍മണി ചിത്രത്തിലെത്തുന്നത്. ആദ്യ രണ്ടു ചിത്രങ്ങളേക്കാൾ സ്പേസ് മൂന്നാം ചിത്രത്തിൽ നേടിയെടുക്കുക മാത്രമല്ല ഒതുക്കത്തോടെ അത് അവതരിപ്പിക്കാനും ലിജോമോൾക്ക് കഴിഞ്ഞിട്ടുണ്ട്.



ഹണി ബീ 2 അല്ല ഹണി ബീ 2.5

ഹണി ബീ 2 യുവാക്കളെ മുന്നിൽ കണ്ടൊരുക്കിയ ചിത്രമായിരുന്നെങ്കിൽ ഹണി ബീ 2.5 കുടുംബപ്രേക്ഷകരെ ഉൾപ്പെടെ തൃപ്തിപ്പെടുത്തുംവിധമാണ് ഒരുക്കിയിരിക്കുന്നത്. ദ്വയാർഥങ്ങളും ചളിയടിയും കടത്തിവിടാതെ ഹരീഷ് കണാരനും കൂട്ടരും തമാശക്കളികളുമായി എത്തി നല്ലപോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന് സുഗമമായ ഒഴുക്ക് സമ്മാനിച്ചപ്പോൾ ആന്‍റോണിയോ മൈക്കിൾ മിഴിവുള്ള ഫ്രെയിമുകൾ കാമറക്കണ്ണുകളിൽ കുരുക്കി ചിത്രത്തെ സന്പന്നമാക്കി.



ക്ലൈമാക്സിനോട് അടുക്കുന്പോൾ ചില കല്ലുകടികൾ രംഗപ്രവേശം ചെയ്യുന്നുണ്ടെങ്കിലും പരിക്കുകളേറെയില്ലാതെ ഈ ചിത്രത്തെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ സംവിധായകൻ ഷൈജു അന്തിക്കാടിന് സാധിച്ചിട്ടുണ്ട്.

(സംവിധായകൻ, കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഈ പരീക്ഷണം ജോറായേനെ)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.