ഇത് പ്രണവിന്‍റെ നൂറ്റാണ്ട്
Friday, January 25, 2019 4:05 PM IST
ഗോവൻ രാത്രിയിലെ പുതുവർഷപ്പിറവിയോടെയാണ് "ഇരുപത്തിയൊന്നാം നൂറ്റാണ്ട്' തുടങ്ങുന്നത്. മലയാള സിനിമയിലെ പുത്തൻ യുവത്വത്തിന്‍റെ പിറവി കൂടിയാണിത്. സംഭവബഹുലമായ മലയാള സിനിമയുടെ വിരിമാറിലേക്ക് അപ്പു എത്തുകയാണ്. ആദിയിൽ നിന്ന് തുടങ്ങിയ യാത്ര പുത്തൻ നൂറ്റാണ്ടിലേക്ക്.

സംവിധായകൻ അരുൺ ഗോപി ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതുപോലെ ഈ ചിത്രത്തിന് മോഹൻലാലിന്‍റെ ഇരുപതാം നൂറ്റാണ്ടുമായി പേരിനൊരു സാമ്യം മാത്രമേയുള്ളൂ, പേരിനു മാത്രം. മോഹൻ‌ലാലിന്‍റെയും സുരേഷ് ഗോപിയുടെയും മക്കൾ ഈ ചിത്രത്തിലെത്തിയതും അത്തരത്തിലൊരു സാമ്യം മാത്രമാണെന്ന് ചിത്രം കാണുമ്പോൾ മനസിലാകും.



ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഥയാണ്, അല്ലെങ്കിൽ ഈ നൂറ്റാണ്ടിന്‍റെ യുവത്വത്തിന്‍റെ കഥയാണ്. നാമെല്ലാം ജീവിക്കുന്ന ഈ സാഹചര്യത്തിന്‍റെ കഥയാണ്. അവിടെ പ്രണയമുണ്ട്, ആഘോഷമുണ്ട്, ജീവിതമുണ്ട്, പിന്നെ വർഗീയ ചിന്തകളുമുണ്ട്. ഈ ഘടകങ്ങളെയെല്ലാം തൊട്ടുതലോടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പ്രയാണം.

ഗോവയിൽ സ്ഥിരതാമസമായ അപ്പു എന്ന ന്യൂജൻ പയ്യനായാണ് പ്രണവ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ഗോവയുടെ ഭംഗിയും കടലിന്‍റെ സാഹസികതയും ചേർത്ത് ഒന്നാന്തരമൊരു എൻട്രി കൊടുത്തുകൊണ്ടാണ് സംവിധായകൻ അപ്പുവിനെ പരിചയപ്പെടുത്തുന്നത്. ഗോവയിലെ പഴയ ദാദ ആയ ബാബ (മനോജ് കെ. ജയൻ) ആണ് അപ്പുവിന്‍റെ അച്ഛൻ. കക്ഷി ഇപ്പോൾ ഇത്തിരി കഷ്ടത്തിലാണെങ്കിലും ആ പഴയ ചങ്കൂറ്റത്തിന് ഇപ്പോഴും കുറവു വന്നിട്ടില്ല.



അപ്പുവിന്‍റെയും ബാബയുടെയും കഷ്ടപ്പാടുകളും ചില തരികിട നമ്പരുകളും സ്റ്റൈലൻ ഡയലോഗുകളുമെല്ലാമായി നീങ്ങുന്ന ചിത്രം യഥാർഥ കഥയിലേക്കു കടക്കുന്നത് നായികയുടെ വരവോടെയാണ്. പുതുമുഖതാരം സായ ഡേവിഡ് ആ പേരിൽ തന്നെയാണ് ചിത്രത്തിലെത്തുന്നത്. കഥയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യം നായകനിൽ നിന്ന് നായിക ഏറ്റെടുക്കുന്നതോടെയാണ് ചിത്രം രസമാകുന്നത്.

നായികയെ ചുറ്റിപ്പറ്റിയാണ് ആദ്യപകുതി കടന്നുപോകുന്നത്. വിനോദ സഞ്ചാരിയായി ഗോവയിലെത്തുന്ന സായ എന്ന കാഞ്ഞിരപ്പള്ളിക്കാരി അപ്പുവിനും കുടുംബത്തിനും എങ്ങനെ പ്രിയങ്കരിയാകുന്നുവെന്നാണ് ആദ്യ പകുതി പറയുന്നത്. ഇരുവരുടെയും സൗഹൃദത്തിനും പ്രണയത്തിനും അകമ്പടിയായി ഗോവയിലെ മനോഹരമായ പകലിരവു കാഴ്ചകളുമുണ്ട്. ഗോവയിൽ നിന്നു നായികയുടെ പിന്നാലെ കഥ കാഞ്ഞിരപ്പള്ളിയിലേക്കു ചേക്കേറുമ്പോഴാണ് ചിത്രത്തിലേക്ക് ട്വിസ്റ്റ് കടന്നുവരുന്നത്. ആ ട്വിസ്റ്റുകൾ അപ്പുവിനെയും സായയെയും എങ്ങനെ ബാധിക്കുമെന്നത് ചിത്രം കണ്ടുതന്നെ അറിയണം.



നായകന്‍റെയും നായികയുടെയും ശക്തമായ പ്രണയമാണ് പറയുന്നതെങ്കിലും ആ പ്രണയത്തിന്‍റെ ചുവടുപിടിച്ച് ഇന്നത്തെ സമൂഹത്തിന്‍റെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. മതമെന്നാൽ വർഗീയതയല്ലെന്നും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതാണെന്നും ചിത്രം ഓർമപ്പെടുത്തുന്നു.

കമ്യൂണിസത്തിന്‍റെ യഥാർഥ മൂല്യം എന്താണെന്ന് പറയുന്ന സംവിധായകൻ മാർക്സ് മുതൽ മഹാരാജാസിലെ അഭിമന്യുവിനെ വരെ ചിത്രത്തിലെത്തിക്കുന്നുണ്ട്. ഇതിന് പുറമേ മതവും വർഗീയവും ഉൾപ്പെടുന്ന വാർത്തകളെ വളച്ചൊടിക്കുന്ന മാധ്യമങ്ങളെ സംവിധായകൻ‌ നേരിട്ടുവന്ന് പ്രഹരിച്ച് കലിപ്പടക്കുന്നുമുണ്ട്.



ആദിയിൽ നിന്ന് അപ്പുവിലെത്തിയപ്പോഴും പ്രണവിന്‍റെ കഠിനാധ്വാനത്തിന് കുറവു വന്നിട്ടില്ലെന്നതിനു തെളിവാണ് ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ. സർഫിംഗിലും സംഘട്ടന രംഗങ്ങളിലുമെല്ലാം ചെക്കൻ ശരിക്കും കസറി. തന്നിൽ ഒരു ആക്‌ഷൻ ഹീറോ ഉണ്ട് എന്ന് ക്ലൈമാക്സിലെ നെടുനീളൻ സംഘട്ടന രംഗങ്ങളിലൂടെ പ്രണവ് തെളിയിച്ചു കഴിഞ്ഞു. അച്ഛനെപ്പോലെ മലയാള സിനിമയിൽ പ്രണവ് തന്‍റേതായ ഇടം നേടുമെന്നതിൽ സംശയമില്ല.

നായികാപ്രാധാന്യമുള്ള ചിത്രത്തിലെ നായികാവേഷം സായ ഡേവിഡിന്‍റെ കൈയിൽ ഭദ്രമായിരുന്നു. നിഗൂഢത നിറഞ്ഞതും ആഴമേറിയതുമായ സായ എന്ന വേഷം തുടക്കക്കാരിയുടെ പതർച്ചകളില്ലാതെ സായ ഭംഗിയായി അവതരിപ്പിച്ചു. പെൺമക്കൾക്ക് മാതാപിതാക്കൾ എങ്ങനെയായിരിക്കണമെന്നും കുടുംബത്തിൽ അവൾ എത്രമാത്രം സ്വതന്ത്രയായിരിക്കണമെന്നും സായയിലൂടെ സംവിധായകൻ പറഞ്ഞു തരുന്നുണ്ട്.



നായകനൊപ്പം മുഴുനീള കഥാപാത്രമായി എത്തുന്ന അഭിരവ് ജനന് ചിരിപ്പിക്കാനുള്ള ചുമതലയാണ് സംവിധായകൻ നല്കിയത്. അത് കക്ഷി ഭംഗിയായി കൈകാര്യം ചെയ്തു. അപ്പുവിന്‍റെ അച്ഛൻ ബാബയായി എത്തിയ മനോജ് കെ. ജയനും അധോലോക നായകനായി എത്തിയ കലാഭവൻ ഷാജോണും അസാമാന്യ പ്രകടനമാണ് നടത്തിയിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ചിത്രത്തിൽ നായകനോളം കൈയടി വാങ്ങിയത് മറ്റൊരാളാണ്. സഖാവ് ഫ്രാൻസിയായി എത്തിയ ഗോകുൽ സുരേഷ്. കഥയുടെ നിർണായക സമയത്ത് നായകനും നായികയ്ക്കും തുണയായി എത്തുന്ന ഫ്രാൻസിയെ കാണുമ്പോൾ ആനക്കാട്ടിൽ ചാക്കോച്ചിയെ ഓർത്തുപോയാൽ‌ കുറ്റം പറയാനാവില്ല. ചെറുതെങ്കിലും തന്മയത്വത്തോടെ ഗോകുൽ തന്‍റെ വേഷം ചെയ്തു.



കാഞ്ഞിരപ്പള്ളിക്കാരായി എത്തുന്ന ധർമജൻ ബോൾഗാട്ടിയും ബിജുക്കുട്ടനും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. സഞ്ചാരികളുടെ പറുദീസയായ ഗോവയുടെ എത്രകണ്ടാലും മതിയാകാത്ത മനോഹരകാഴ്ചകൾ ചിത്രത്തിൽ ആവോളമുണ്ട്. ഗോപിസുന്ദറിന്‍റെ സംഗീതം ആ കാഴ്ചകൾക്ക് കൂടുതൽ മിഴിവേകുന്നുണ്ട്.

ആരാധകരെക്കൂടി മുന്നിൽകണ്ടുകൊണ്ടാണ് അരുൺഗോപി ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരുക്കിയിരിക്കുന്നത്. പ്രണവിന്‍റെ ആക്‌ഷനുകളും പഞ്ച് ഡയലോഗുകളും തീയറ്ററിൽ കൈയടി നേടിയപ്പോൾ മോഹൻലാലിന്‍റെയും ദുൽഖർ സൽമാന്‍റെ വരെ റഫറൻസുകളും ആവേശം കൊള്ളിച്ചു. ചുരുക്കത്തിൽ, ആരാധകരെയും കുടുംബപ്രേക്ഷകരെയും കൂടെനിർത്താനാണ് സംവിധായകൻ ശ്രദ്ധിച്ചത്. രാമലീല ചെയ്ത അരുൺ ഗോപിയും ആദിയിലൂടെ വന്ന പ്രണവും തങ്ങളുടെ രണ്ടാമൂഴം അവിസ്മരണീയമാക്കി.

ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.