ജോസഫ് ആള് കിടുവാ...!
Friday, November 16, 2018 5:12 PM IST
തന്‍റെ ജീവിതം കൊണ്ടൊരു കഥ പറയുകയാണ് ജോസഫ്. പരുക്കൻ ഭാവം നിറഞ്ഞ ട്രെയിലർ കണ്ട് സിനിമയുടെ സ്വഭാവം നിശ്ചയിച്ച് തീയറ്ററിൽ എത്തുന്നവരുടെ സങ്കൽപ്പങ്ങളെ എല്ലാം സംവിധായകൻ എം.പത്മകുമാർ തച്ചുടച്ചു കളയുകയാണ്.

നിരീക്ഷണപാടവം കൊണ്ട് കെട്ടിപ്പൊക്കിയ ഒന്നാന്തരമൊരു ത്രില്ലറാണ് ജോസഫ്. ആക്ഷൻ രംഗങ്ങളോ പഞ്ച് ഡയലോഗുകളോ ഒന്നും തന്നെ ഇല്ലാതെ ഒരു ചിത്രത്തെ ചുമലിലേറ്റുന്പോൾ ജോജുവിന് കൈമുതലായി ഉണ്ടായിരുന്നത് മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ മാത്രമായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ നിരീക്ഷണപാടവം ജോജു അനായാസമായി കാട്ടിത്തരുകയാണ് ജോസഫിലൂടെ.



ജോസഫ് അലസനും കുടിയനുമായ ഒരാളായി മാറിയിരിക്കുന്നുവെന്ന് സംവിധായകൻ ആദ്യം തന്നെ അടയാളപ്പെടുത്തുന്നുണ്ട്. അമാനുഷിക ഭാവങ്ങളോ... ആണത്വത്തിന്‍റെ കാട്ടിക്കൂട്ടലുകളോ ഇല്ലാത്തൊരു മികവുറ്റ ത്രില്ലറെന്നു ജോസഫിനെ നിശ്ചയമായും വിശേഷിപ്പിക്കാം.

കൈയടക്കമുള്ള ഒതുക്കമുള്ള തിരക്കഥയിേന്മേൽ ജോജു എന്ന നടന് ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. അതെല്ലാം വൃത്തിയായും വെടിപ്പായും ചെയ്തു തീർത്തപ്പോൾ മികച്ചൊരു സിനിമയാണ് മലയാളി പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്.



ജോസഫ് ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ

പോലീസുകാരുടെ അന്വേഷണ രീതികൾ എത്രയോ സിനിമകളിൽ പ്രേക്ഷകർ കണ്ടിട്ടുണ്ട്. പലപ്പോഴും പലതും ആവർത്തന വിരസതയല്ലേയെന്ന് തോന്നിയിട്ടുണ്ടാവാം. എന്നാൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ ജോസഫ് തന്‍റെ നിരീക്ഷണപാടവം കൊണ്ട് തുടക്കത്തിലെ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. കാലം മാറിയപ്പോൾ കൂർമബുദ്ധിയും പോലീസുകാർക്ക് വർധിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസഫ് ഓർമിപ്പിക്കുന്നുണ്ട്.

പിന്നീട് അങ്ങോട്ട് ജോസഫിന്‍റെ സ്വഭാവത്തെ പ്രേക്ഷകരുടെ ഉള്ളിലേക്ക് പതിപ്പിക്കാനുള്ള സംവിധായകന്‍റെ ശ്രമമാണ് നടക്കുന്നത്. ജോസഫിന്‍റെ സൗഹൃദവലയവും പിന്നെ ജീവിത രീതികളുമെല്ലാം പതിയെ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. രഞ്ജിൻ രാജിന്‍റെ സംഗീതം തുടക്കത്തിൽ ഉന്മേഷമാണ് നൽകുന്നതെങ്കിൽ പിന്നീട് കഥയുടെ ഗതിക്ക് അനുസരിച്ച് സീരിയസ് മൂഡിലേക്ക് മാറും.



ഫ്ലാഷ് ബാക്കും അപകടവും

ഫ്ലാഷ് ബാക്കിന്‍റെ മറപറ്റി ഇടയ്ക്കിടെ ചിത്രം ജോസഫിന്‍റെ പ്രണയവും ദാന്പത്യവും പിന്നെ മകളോടുള്ള സ്നേഹവുമെല്ലാം കാട്ടാനായി പിന്നോട്ട് യാത്ര ചെയ്യുന്നുണ്ട്. ഈ ഫ്ലാഷ് ബാക്ക് യാത്ര മാത്രമാണ് ചിത്രത്തിന്‍റെ സ്വഭാവത്തോട് ചേർന്നു നിൽക്കാത്തത്. പക്ഷേ, ജോസഫ് എങ്ങനെ വീണാലും നേരെ നിൽക്കാൻ പ്രാപ്തിയുള്ളൊരു ആളാണ്. അതുകൊണ്ട് തന്നെ ചിത്രം സീരിയസ് മൂഡിൽ നിന്നും ഒരിക്കൽ പോലും വഴുതിപ്പോയില്ല.

ജോസഫിന്‍റെ വേണ്ടപ്പെട്ട ഒരാൾക്ക് ഒരു അപകടം സംഭവിക്കുന്നതും അതിനെ ചുറ്റിപറ്റി കഥ വികസിക്കുന്നതോടും കൂടി ചിത്രത്തിന് വേഗം കൂടി തുടങ്ങും. ഇർഷാദും കൂട്ടരും നായകന് ചുറ്റും വലയം ചെയ്ത് കഥയ്ക്ക് സുഗമമായി യാത്ര ചെയ്യാൻ വഴി ഒരുക്കിക്കൊടുക്കുന്നുണ്ട്. മഞ്ഞിനെ വകഞ്ഞുമാറ്റിയ വഴികളും കുന്നും മലയും പിന്നെ തണുത്ത അന്തരീക്ഷവുമെല്ലാം മനീഷ് മാധവൻ ഒപ്പിയെടുത്തപ്പോൾ വല്ലാത്തൊരു ഫീൽ ഫ്രെയിമുകളിൽ തളംകെട്ടി നിന്നിരുന്നു.



പോലീസ് കഥകൾ

വീരപരിവേഷമുള്ള പോലീസ് കഥകളൊന്നും ചിത്രത്തിൽ കാണാനാവില്ല. മറിച്ച് അന്വേഷണ ത്വരതയും നിരീക്ഷണപാടവവും കൊണ്ടുള്ള കളിയാണ് ജോസഫ് നടത്തുന്നത്. വേഗത്തിൽ കേസുകൾ തെളിയിക്കാനുള്ള കഴിവാണ് കൂട്ടുകാർക്കിടയിൽ ജോസഫിന് നല്ലപേര് സമ്മാനിച്ചത്. അതെ കഴിവ് തന്‍റെ വേണ്ടപ്പെട്ടവരുടെ വിയോഗത്തെ തുടർന്ന് ജോസഫ് പുറത്തെടുക്കുന്നതോടെ സംഗതിയുടെ കിടപ്പ് ആകെയൊന്നു മാറും.

ജോസഫിന്‍റെ നീക്കങ്ങൾ എങ്ങനെയായിരിക്കുമെന്ന് സുഹൃത്തുക്കൾക്ക് പോലും മനസിലാക്കാൻ കഴിയാത്ത വിധമായിരുന്നു. വലവിരിച്ച് കാത്തിരുന്ന ജോസഫ് ഓരോരുത്തരെയായി കൃത്യമായി അതിൽ വീഴ്ത്തുകയായിരുന്നു. ജോസഫിന്‍റെ കണ്ണുകളിൽ സസ്പെൻസ് ഒളിപ്പിച്ചുവയ്ക്കുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചു.



നിശബ്ദനായ കൊലയാളി

നിശബ്ദമായി സമൂഹത്തിൽ നടക്കുന്ന വലിയൊരു വിപത്തിനെ ചൂണ്ടിക്കാട്ടാൻ സംവിധായകൻ ചിത്രത്തിൽ തുനിയുന്നുണ്ട്. പ്രത്യക്ഷത്തിൽ ഒന്നും സംഭവിച്ചിട്ടില്ലായെന്ന് തോന്നിപ്പിക്കുകയും എന്നാൽ അതിവിദഗ്ധമായി ക്രൈം നടത്തുകയും ചെയ്യുന്നൊരു രീതി.

ജോസഫിന്‍റെ അന്വേഷണ വഴിയിലെ കണ്ടെത്തലുകൾ സിനിമയ്ക്ക് ഒരു കിടിലൻ ക്ലൈമാക്സ് നൽകുന്പോൾ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിഷയം കൂടി ഉയർന്നു വരും. നിശബ്ദനായ കൊലയാളി ഓരോരുത്തരുടെ ചുറ്റുമുണ്ടെന്ന ഓർമപ്പെടുത്തലോടെയാണ് ചിത്രം അവസാനിക്കുന്നത്.

ഒന്നാം ലോക മഹായുദ്ധം എന്ന സിനിമയിലെ വില്ലനും രാമന്‍റെ ഏദൻതോട്ടത്തിലെ പരുക്കനായ ഭർത്താവിന്‍റെ വേഷവും ജോജുവിലെ നല്ല നടനെ തേച്ചു മിനുക്കിയെങ്കിൽ ജോസഫ് അതിന്‍റെ മാറ്റ് കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.