202425 അക്കാദമിക വർഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകളിലേക്കു പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചപ്പോൾ, മുൻ കാലങ്ങളിൽ സർവകലാശാല നടത്തിവന്ന അഞ്ചുവർഷം പഠന കാലാവധിയുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളെക്കുറിച്ച് ഒന്നും പറഞ്ഞുകണ്ടില്ല. എന്താണ് ഇതിനു കാരണം?
ജോസി അഗസ്റ്റിൻ, പട്ടാന്പി
202425 അക്കാദമി വർഷം കോട്ടയത്തെ എംജി സർവകലാശാല, സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകളിൽ നടക്കുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് നടത്തുന്ന എംജി കാറ്റ്2024 പരീക്ഷയുടെ വിജ്ഞാപനത്തിന്റെ കാലാവധി ഏപ്രിൽ അഞ്ചിന് അവസാനിച്ചിരുന്നു.
മുൻ വർഷങ്ങളിൽ പിജി പ്രോഗ്രാമുകൾക്കൊപ്പം ബിരുദവും ബിരുദാനന്തര പഠനവും കൂടി ഒരുമിച്ചു ചേർത്തുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം കൂടി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, ഇക്കുറി അതുണ്ടായില്ല.
പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം എംജി സർവകലാശാലയും നാലു വർഷ പഠന ദൈർഘ്യം ആവശ്യപ്പെടുന്ന ബിരുദ പ്രോഗ്രാമുകൾ അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കുകയാണ്. ഇതിനാൽ, മുൻകാലങ്ങളിൽ സർവകലാശാല നടത്തിയിരുന്ന അഞ്ചുവർഷ പഠന ദൈർഘ്യമുള്ള ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ ഒരുമിച്ചു നൽകുന്ന ഇൻഡിഗ്രേറ്റഡ് പ്രോഗ്രാമുകൾ ഈ വർഷമുണ്ടാകില്ല എന്നാണ് സർവകലാശാല നൽകുന്ന വിവരം.
സർവകലാശാലയുടെ നിയമപഠന ഡിപ്പാർട്ട്മെന്റായ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചിട്ടില്ല. തുടർന്നുള്ള വിജ്ഞാപനങ്ങളിൽ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സർവകലാശാല നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.
അഡ്വ. ബാബു പള്ളിപ്പാട്ട്