ആലുവ: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്നു നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവും മാതാപിതാക്കളും ജാമ്യം തേടി ഹൈക്കോടതിയിലേക്ക്.
ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ആലുവ ഈസ്റ്റ് പോലീസ് തങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് പ്രതികൾ ഹർജിയിൽ പറയുന്നത്.
മോഫിയയുടെ മരണത്തിൽ പങ്കില്ലെന്നും തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നുമാണ് ഹർജിക്കാരുടെ വിശദീകരണം. അന്വേഷണം പൂർത്തിയായതിനാൽ കസ്റ്റഡി തുടരേണ്ടതില്ലെന്നു ഹർജിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബർ 22നാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മോഫിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മമഹത്യക്കുറിപ്പിലെ പരാമർശങ്ങളാണ് ഭർതൃവീട്ടുകാരുടെ അറസ്റ്റിലേക്ക് നയിച്ചത്.
25ന് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷൻസ് കോടതി തള്ളിയിരുന്നു. സ്ത്രീധന മരണം, ഗാർഹിക പീഡനം, ആത്മമഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.