ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ ‍ വീട്ടമ്മയുടെ ക്വട്ടേഷന്‍; നാലംഗ സംഘം പിടിയില്‍
Friday, June 10, 2022 3:34 PM IST
പത്തനംതിട്ട: ഭര്‍ത്താവിന് മദ്യപിക്കാന്‍ സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ മര്‍ദിക്കാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍. ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി, വീട്ടമ്മയും ഭര്‍ത്താവും ഒളിവില്‍.

ഇലന്തൂര്‍ ചായപുന്നക്കല്‍ വീട്ടില്‍ രാഹുല്‍ കൃഷ്ണന്‍, ചായപുന്നക്കല്‍ നൂര്‍ കരിം ഷേഖ്, മെഴുവേലി വെള്ളിക്കര ജിത്ത് ജോണ്‍ ജോസഫ്, മെഴുവേലി ശ്രീകൃഷ്ണപുരം ശിവവരദന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

വാര്യാപുരത്തിനു സമീപമുള്ള ഒരു ഫര്‍ണിച്ചര്‍ വ്യാപാരശാലയിലെ ജീവനക്കാരനായ സുദര്‍ശനനെ (57) മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് നാലു യുവാക്കളെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

സുദര്‍ശനന്‍ ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ കടയോടു ചേര്‍ന്നുള്ള ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയാണ് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് പറയുന്നു. ഇവരും ഭര്‍ത്താവും സ്ഥലത്തുണ്ടായിരുന്നു. സമീപവാസികളോടു തങ്ങള്‍ സുദര്‍ശനനെ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നതായി പറയുന്നു.

ഫര്‍ണിച്ചര്‍ കടയില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നിടത്തുവച്ചാണ് സുദര്‍ശനനെ മര്‍ദിച്ചത്. രണ്ടാഴ്ച മുമ്പ് ഹോട്ടലില്‍വച്ചും സുദര്‍ശനന് വീട്ടമ്മ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പറയുന്നു. തുടര്‍ന്ന് വനിതാ സെല്ലില്‍ സുദര്‍ശനനെതിരേ പരാതി നല്‍കുകയും ചെയ്തു. സുദര്‍ശനനൊപ്പം ഭര്‍ത്താവ് മദ്യപിക്കുന്നുവെന്നതാണ് വീട്ടമ്മയുടെ പ്രകോപനത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.

ഡിവൈഎസ്പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ ജോണ്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വിഷ്ണു, ഷൈജു, സിപിഓ രതീഷ്, ഷാനവാസ് സനല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ വീടുകളില്‍ നിന്ന് പിടികൂടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.