ചെന്നൈ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും അറസ്റ്റിൽ.
ഗർഭം അലസിപ്പിച്ചില്ലെങ്കിൽ പെണ്‍കുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയത്രേ.
ചെന്നൈ സ്വദേശികളായ സത്യനാരായണനും ഭാര്യ പുഷ്പലതയുമാണ് അറസ്റ്റിലായത്. ഇവർ ഷിർദിപുരം സർവശക്തിപീഠം എന്ന പേരിൽ ഒരു ക്ഷേത്രം നടത്തുന്നതായും പോലീസ് പറഞ്ഞു. ഭാര്യ പുഷ്പലതയുടെ സഹായത്തോടെയാണ് ഇയാൾ പെണ്‍കുട്ടിക്കു പതിനാറു വയസായപ്പോൾ ആദ്യം പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
ജ്യൂസ് നൽകി
പെണ്‍കുട്ടി 2016ൽ പ്ലസ് ടുവിനു പഠിക്കുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. സുഖമില്ലാത്ത അമ്മയ്ക്കു പുണ്യ ഭസ്മം വാങ്ങാൻ ആശ്രമത്തിൽ പോയതായിരുന്നു പെൺകുട്ടി. ഇരയുടെ മുത്തശ്ശി ഇതിനകംതന്നെ പെൺകുട്ടിയെ ദന്പതികൾക്കു പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഇവരുടെ ക്ഷേത്രത്തിൽ ചെന്നതിനു പിന്നാലെ പുഷ്പലത ജ്യൂസ് വാഗ്ദാനം ചെയ്തു. ജ്യൂസ് കുടിച്ച പെൺകുട്ടി ബോധരഹിതയായി. രണ്ടു മണിക്കൂർ കഴിഞ്ഞു താൻ ഉണർന്നു നോക്കുന്പോൾ കട്ടിലിൽ വസ്ത്രമില്ലാതെ കിടക്കുകയായിരുന്നെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നു.
വലിയ വേദനയും ശാരീരിക അവശതയും പെ ൺകുട്ടിക്കു തോന്നി. താൻ ആക്രമിക്കപ്പെട്ടു എന്നും അവൾക്കു മനസിലായി. എന്നാൽ, പിന്നീട് ഇവർ പകർത്തിയ നഗ്നദൃശ്യങ്ങൾ കാണിച്ചു നിരന്തരം ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുകയായിരുന്നു പ്രതികൾ.
വിവാഹശേഷവും
2018ൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടിവിവാഹിതയായി. 2020ൽ ഭർത്താവ് ജോലിക്കായി വിദേശത്തേക്കു പോയെന്നു മനസിലാക്കിയ സത്യനാരായണൻ വീണ്ടും യുവതിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്നു പറഞ്ഞ് മാസങ്ങളോളം നിരവധി തവണ ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു.
2020ൽ താൻ ഗർഭിണിയാണെന്നു മനസിലാക്കിയ യുവതി ഇക്കാര്യം സത്യനാരായണനോടും ഭാര്യയോടും പറഞ്ഞു. കുഞ്ഞിനെ ഗർഭച്ഛിദ്രം നടത്താൻ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ആത്മഹത്യക്കു ശ്രമിച്ച യുവതി ഈ വർഷം ജനുവരിയിൽ കുഞ്ഞിനു ജന്മം നൽകി.
ഈ വർഷം നവംബറിൽ യുവതിയുടെ ഭർത്താവ് കുടുംബത്തെ സന്ദർശിച്ചു വിദേശത്തേക്കു മടങ്ങിയിരുന്നു. ആ സമയത്തു യുവതിയെ വീണ്ടും കാണാൻ സ്വയം പ്രഖ്യാപിത ആൾദൈവമായ സത്യനാരായണൻ നിർബന്ധിച്ചു. ഒടുവിൽ ഇക്കാര്യം യുവതി ഭർത്താവിനെ അറിയിച്ചു.
തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സത്യനാരായണനെതിരേ പോക്സോ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്ക് ഒരു യു ട്യൂബ് ചാനലുമുണ്ട്.