തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ചു ബോധം കെടുത്തിയ കേസിൽ നാലു പേരെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേപള്ളിക്കൽ വാണിയകൊടി വീട്ടിൽ മുഹമ്മദ് ഷാൻ (21), പള്ളിക്കൽ പുളിമാത്ത് സൽമ മൻസിലിൽ റാഷിദ് സലിം (34), പള്ളിക്കൽ പേഴുവിള വീട്ടിൽ ഷറഫുദ്ദീൻ (32), മടവൂർ ആനകുന്നം ന്യൂ ഹാപ്പി ഹോമിൽ ഇബ്നു (29) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നിനു രാത്രി 10.45ന് മടവൂർ വിളയ്ക്കാട് സ്വദേശി മുകുന്ദകുമാറിനെ പുളിമാത്ത് നിന്നും പള്ളിക്കലിലേക്കു വീട്ടിൽ നടന്നു പോകവെ ആക്രമിച്ച കേസിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
റോഡ് വശത്തിരുന്നു മദ്യപിക്കുകയായിരുന്ന പ്രതികൾ മുകുന്ദകുമാറിനെ ആക്രമിക്കുകയും മൊബൈൽ ഫോണ് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു. കെട്ടിടം പണി നടക്കുന്ന സ്ഥലത്തു കൊണ്ടു പോയി മുകുന്ദകുമാറിനെ ക്രൂരമായി മർദിച്ചവശനാക്കിയ ശേഷം ബോധരഹിതനായപ്പോൾ പ്രതികൾ രക്ഷപ്പെട്ടുവെന്നു പോലീസ് പറഞ്ഞു.
അർധരാത്രിയോടെ ബോധം വീണ്ടെടുത്ത മുകുന്ദകുമാർ രക്തം ഒലിക്കുന്ന അവസ്ഥയോടെ പള്ളിക്കൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പള്ളിക്കൽ സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൊലപാതകശ്രമം കുറ്റം ചുമത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പള്ളിക്കൽ സിഐ. ശ്രീജിത്ത്, എസ്ഐ. സഹിൽ, സിപിഒമാരായ അജീസ്, രംഞ്ജിത്ത്, പ്രിജു, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് ഉപയോഗിക്കുകയും അടിപിടി നടത്തുകയും ചെയ്യുന്നവരാണ് പ്രതികളെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.