വൈക്കം: സ്വകാര്യ വ്യക്തി ക്ഷേത്രത്തിന്റെ ഭൂമി കൈയേറി മതിൽ പണിതതിനെത്തുടർന്നു ക്ഷേത്രത്തിന്റെ ഉൗട്ടുപുരയ്ക്കു സമീപത്തേക്കു ഭക്തർക്കും വാഹനങ്ങൾക്കും എത്താൻ കഴിയുന്നില്ലെന്നു പരാതി.
തിരുവതാംകൂർ ദേവസ്വം ബോർഡിന്റ കീഴിലുള്ള വൈക്കം ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയോടു ചേർന്നുള്ള പാതയടക്കമാണ് സ്വകാര്യ വ്യക്തി ലോക്ക്ഡൗണിന്റ മറവിൽ കൈയേറിയതായി ക്ഷേത്രോപേദേശക സമിതി ആരോപിക്കുന്നത്.
ക്ഷേത്രത്തിലെ ഉൗട്ടുപുരയുടെ ഇറച്ചാട്ടം അടക്കമുള്ള വസ്തു കൈയേറിയതിനാൽ ക്ഷേത്ര ഉൗട്ടുപുരയിൽനിന്നു മാലിന്യം നീക്കം ചെയ്യാനുണ്ടായിരുന്ന വഴി അടഞ്ഞു. ഉൗട്ടുപുരയ്ക്ക് വെളിയിൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിയാത്തതിനാൽ ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുർഗന്ധം വമിക്കുകയാണ്.
ഇത് ഉൗട്ടുപുരയിൽ നടക്കുന്ന അന്നദാനം, പഠന ക്ലാസ് എന്നിവയുടെ നിർവഹണത്തെയും ദുഷ്കരമാകുകയാണെന്നു പറയുന്നു. ദേവസ്വത്തിന്റെ മരങ്ങൾ സ്വകാര്യ വ്യക്തി മതിൽ പണിയുന്നതിനായി വെട്ടി നശിപ്പിച്ചതുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് അന്വേഷണം നടത്തി വരികയാണ്.
ഭക്തജനങ്ങളുടെയും ദേവസ്വം ബോർഡിന്റെയും സഹകരണത്തോടെ ദേവസ്വം ബോർഡിന്റെ ഭൂമി തിരിച്ചു പിടിക്കാൻ ആക്ഷൻ കൗണ്സിൽ രൂപീകരിച്ചു സമര പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ, ശിവൻകുട്ടി നായർ, മോഹൻ കാർത്തിക, ഗിരീഷ് മാവേലിത്തറ, ബിനു ലവ് ലാന്റ്, ബാബു പ്ലാശേരിൽ, രാധാകൃഷ്ണൻ ശ്രീലകം, സുധീഷ്, ഷിബു മനയത്ത്, ബിനീഷ്, ചെല്ലപ്പൻ, ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.