വെടിനിർത്തലിനിടെ പാക് വ്യോമാക്രമണം; അഫ്ഗാൻ ക്രിക്കറ്റർമാർ കൊല്ലപ്പെട്ടു
Saturday, October 18, 2025 10:38 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു ക്രിക്കറ്റ് കളിക്കാർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു.
പക്തിക പ്രവിശ്യയിലെ ഉർഗുൻ പ്രദേശത്തുണ്ടായ ആക്രമണത്തിൽ കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നീ ക്രിക്കറ്റർമാരാണു മരിച്ചതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള 48 മണിക്കൂർ വെടിനിർത്തൽ അവസാനിക്കുന്നതിനു മുന്പാണ് ആക്രമണമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരന്പരയിൽനിന്ന് പിന്മാറിയതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു. മൂന്ന് ക്രിക്കറ്റർമാരും പ്രാദേശിക കളിക്കാരാണെന്നാണ് റിപ്പോർട്ട്.
ബാറ്റ്സ്മാനായ കബീർ അഫ്ഗാനിസ്ഥാന്റെ അണ്ടർ 23 ടീമിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. മിഡീയം ഫാസ്റ്റ് ബൗളറായ സിഗ്ബത്തുള്ള പ്രാദേശിക ക്ലബ്ബിൽ അംഗമായിരുന്നു. ഓൾറൗണ്ടറായ ഹാരൂൺ ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
പാക് ആക്രമണത്തെ അപലപിച്ച മുതിർന്ന അഫ്ഗാൻ ക്രിക്കറ്റ് കളിക്കാർ ത്രിരാഷ്ട്ര പരന്പരയിൽനിന്ന് പിന്മാറിയ തീരുമാനത്തെ സ്വാഗതം ചെയ്തു.
ദോഹയിൽ സമാധാന ചർച്ച
ദോഹ: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനായി ഖത്തറിൽ സമാധാന ചർച്ച. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്നലെ ഖത്തർ തലസ്ഥാനമായ ദോഹയിൽ ചർച്ച നടത്തി.
വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന 48 മണിക്കൂർ വെടിനിർത്തൽ, ദോഹ ചർച്ച അവസാനിക്കുന്നതുവരെ നീട്ടിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ ഇരു രാജ്യങ്ങളിലുമായി ഡസൻകണക്കിനു പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതിരോധമന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് ആണ് അഫ്ഗാൻ സംഘത്തെ ദോഹ ചർച്ചയിൽ പ്രതിനിധീകരിക്കുന്നതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.
പാക് സംഘത്തെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണു നയിക്കുന്നതെന്ന് അവിടത്തെ വിദേശകാര്യമന്ത്രാലയവും പറഞ്ഞു. അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്നത് ഉടൻ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ചർച്ചയെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിലെ ഭീകരസംഘങ്ങൾക്കെതിരേ പാക്കിസ്ഥാൻ സൈനിക നടപടിക്കു മുതിർന്നതാണ് ഏറ്റുമുട്ടലിനു വഴിച്ചത്.