നൈജീരിയയിൽ ഭീകരാക്രമണം: 13 ക്രൈസ്തവർ കൊല്ലപ്പെട്ടു
Friday, October 17, 2025 2:28 AM IST
അബുജ: നൈജീരിയയിൽ വീണ്ടും ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭീകരാക്രമണം. കഴിഞ്ഞ 14ന് രാത്രിയിലുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ്യത്തെ പ്ലേറ്റോ സംസ്ഥാനത്തെ ബാർക്കിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയയിൽപ്പെട്ട (എൽജിഎ) റാവുരു, ടാറ്റു, ലാവുരു എന്നീ ക്രിസ്ത്യൻ ഗ്രാമങ്ങളിലാണ് ഫുലാനി ഭീകരർ ആക്രമണം നടത്തിയത്.
രാത്രിയിൽ പ്രാർഥനയ്ക്കായി ഒത്തുകൂടിയ താമസക്കാർക്കുനേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. റാവുരുവിലെ മിഷൻ സെന്ററിലെ രണ്ട് അംഗങ്ങൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. മറ്റു നിരവധി പേർ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ടു.
ഭീകരർ പിന്നീട് ടാറ്റു ഗ്രാമത്തിലേക്ക് നീങ്ങി. അവിടെ നടന്ന ആക്രമണത്തിൽ പത്തോളം ക്രൈസ്തവരാണു കൊല്ലപ്പെട്ടത്. കൂട്ടത്തോടെയെത്തിയ ഭീകരർ ഏകദേശം 40 പശുക്കളെ മോഷ്ടിക്കുകയും കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.