ഹമാസും ദഗ്മുഷ് ഗോത്രവും ഏറ്റുമുട്ടി; 35 പേർ കൊല്ലപ്പെട്ടു
Tuesday, October 14, 2025 3:06 AM IST
കയ്റോ: ഗാസയിൽ ഹമാസും ദഗ്മുഷ് ഗോത്രവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ദഗ്മുഷ് ഗോത്രത്തിലെ 27 പേരും ഹമാസിലെ എട്ടു പേരും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ആയുധധാരികളായ ഹമാസ് പ്രവർത്തകർ വിന്യസിക്കപ്പെട്ടതിനു പിന്നാലെയാണു സംഘർഷം ആരംഭിച്ചത്.
ഗാസ സിറ്റിയുടെ തെക്കൻ പ്രാന്തത്തിൽ മുന്പ് ജോർദാനിയൻ ആശുപത്രി പ്രവർത്തിപ്പിച്ചിരുന്ന കെട്ടിടം കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ദഗ്മുഷ് പോരാളികൾ തന്പടിച്ചിരുന്ന ഇവിടം ഹമാസ് ഭീകരർ വളയുകയായിരുന്നു.
ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാനാണു ശ്രമിക്കുന്നതെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇസ്രയേലിനെതിരായ ചെറുത്തുനിൽപ്പ് ഒഴികെ മറ്റൊരു സൈനിക നടപടിയും ഗാസയിൽ അംഗീകരിക്കാനാവില്ലെന്നു ഹമാസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഗാസയിലെ പ്രമുഖ കുടുംബമായ ദഗ്മുഷ് ഗോത്രം ഹമാസുമായി ശത്രുതയിലാണ്. ഗോത്രത്തിലെ സായുധ പോരാളികൾ ഹമാസുമായി മുന്പും ഏറ്റുമുട്ടിയിട്ടുണ്ട്. ശനിയാഴ്ച ഏറ്റുമുട്ടൽ ആരംഭിച്ചതു സംബന്ധിച്ച് വ്യത്യസ്ത കാരണങ്ങളാണ് ഇരു വിഭാഗവും പറയുന്നത്. ദഗ്മുഷ് ഗോത്രവിഭാഗക്കാർ രണ്ടു ഹമാസുകാരെ വധിച്ചതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ഒരു വാദം.
എന്നാൽ, ദഗ്മുഷ് കുടുംബം തന്പടിച്ച കെട്ടിടം ഒഴിപ്പിക്കാൻ ഹമാസ് നടത്തിയ ശ്രമമാണു പ്രശ്നകാരണമെന്ന് മറുഭാഗം ആരോപിക്കുന്നു. മുന്പ് ആശുപത്രിയായിരുന്ന ഈ കെട്ടിടം സൈനികാവശ്യങ്ങൾ ഉപയോഗിക്കാനാണു ഹമാസിന്റെ പദ്ധതിയെന്നും പറയുന്നു.
ഏറ്റുമുട്ടൽ മൂലം മേഖലയിലെ ഡസൻകണക്കിനു കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകേണ്ടിവന്നു.