ഹമാസിന് തത്കാലം ഗാസയിൽ തുടരാം
Tuesday, October 14, 2025 3:06 AM IST
വാഷിംഗ്ടൺ ഡിസി: ഹമാസ് ഭീകരർക്ക് കുറച്ചു നാൾകൂടി ഗാസിൽ തുടരാൻ അനുമതി നല്കിയെന്നു സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹമാസിന് താത്പര്യമുണ്ടെന്നും തങ്ങൾ അതിന് അനുമതി നല്കിയെന്നും ട്രംപ് ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി പ്രകാരം യുദ്ധാനന്തര ഗാസയിൽ ഹമാസിന് ഒരു റോളും ഉണ്ടാകില്ല.
എന്നാൽ, വെള്ളിയാഴ്ച വെടി നിർത്തൽ പ്രാബല്യത്തിലായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ഹമാസ് ആയിരക്കണക്കിന് ആയുധധാരികളെ വിന്യസിക്കാൻ തുടങ്ങിയിരുന്നു. കൊള്ളയും കവർച്ചയും തടഞ്ഞ് ക്രമസമാധാനം ഉറപ്പാക്കാനാണിതെന്നാണ് ഹമാസ് അറിയിച്ചത്.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹമാസിനു താത്പര്യമുണ്ടെന്ന് ട്രംപ് വിശദീകരിച്ചു. ഒരു നിശ്ചിത സമയത്തേക്ക് ഹമാസിന് അതിനുള്ള അനുമതി ഞങ്ങൾ നല്കിയിട്ടുണ്ട്.
യുദ്ധത്തിൽ നശിച്ച പ്രദേശങ്ങളിലേക്ക് ഇരുപതു ലക്ഷം വരുന്ന ഗാസ ജനതയുടെ മടക്കം സുരക്ഷിതമാകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.