738 ദിവസം; അവർ മടങ്ങിയെത്തി
Tuesday, October 14, 2025 3:06 AM IST
ടെൽ അവീവ്: ഇസ്രേലി ജനത ഒന്നടങ്കം കാത്തിരുന്ന നിമിഷങ്ങളാണ് ഇന്നലെ യാഥാർഥ്യമായത്. 738 ദിവസങ്ങൾ പലസ്തീൻ ഭീകരരുടെ കസ്റ്റഡിയിൽ ദുരിതയാതനകൾ ഏറ്റുവാങ്ങി ജീവൻ നിലനിർത്തിയ 20 ബന്ദികൾ ഇന്നലെ മോചിതരായി പ്രിയപ്പെട്ട കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ഒത്തുചേർന്നു.
ഹമാസ് ഭീകരർ വിട്ടയച്ച ബന്ദികളെ റെഡ്ക്രോസ് സ്വീകരിച്ച് ഇസ്രേലി സേനയ്ക്കു കൈമാറുകയായിരുന്നു. ഇസ്രേലിസേന ഉടൻതന്നെ എല്ലാവരെയും ഹെലികോപ്റ്ററുകളിൽ ആശുപത്രികളിലെത്തിച്ചു.
ആശുപത്രികളിൽ കാത്തിരുന്ന മാതാപിതാക്കളും പങ്കാളികളും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളുമായി ബന്ദികൾ ഒത്തുചേർന്നത് വൈകാരിക നിമിഷങ്ങൾക്കിടയാക്കി. സന്തോഷത്തിന്റെ കണ്ണുനീരിനിടെ വാക്കുകൾക്കിടമില്ലാതായി. രണ്ടു വർഷമായി ടെൽ അവീവിലെ ‘ബന്ദികളുടെ ചത്വര’ ത്തിൽബന്ദിമോചനത്തിനായി പോരാടിയവർക്കും ഇന്നലെ അത്യഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.
കസ്റ്റഡിയിൽ മരിച്ച നാലു ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ ഇസ്രയേലിനു വിട്ടുനൽകി. ഇനി 24 പേരുടെ മൃതദേഹങ്ങൾകൂടി ഹമാസ് കൈമാറാനുണ്ട്. ബന്ദികളെല്ലാം ഇസ്രയേലിലെത്തുന്നതുവരെ വിശ്രമമില്ലെന്ന് ഇസ്രേലി സേന ഇന്നലെയും ആവർത്തിച്ചു വ്യക്തമാക്കി.
ബന്ദിമോചനത്തിനു പകരമായി 1968 പലസ്തീൻ തടവുകാർ ഇന്നലെ ഇസ്രേലി ജയിലുകളിൽനിന്ന് മോചിതരായി. ഇതിൽ 250 പേർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരും ശേഷിക്കുന്നവർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനുശേഷം ഗാസയിൽനിന്ന് അറസ്റ്റിലായവരുമാണ്. റെഡ് ക്രോസ് ആണ് ഇവരെ സ്വീകരിച്ച് വെസ്റ്റ് ബാങ്കിലും ഗാസയിലും എത്തിച്ചത്. വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയവരെ പലസ്തീൻ ജനത അത്യാഹ്ലാദത്തോടെ വരവേറ്റു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രയേൽ ആരംഭിച്ച യുദ്ധം രണ്ടു വർഷത്തിനുശേഷം സമാപിക്കുന്നതിന്റെ സൂചനയാണ് ഇന്നലെ ഇസ്രയേൽ, ഗാസ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നായി ലഭിച്ചത്. ഹമാസ് ഭീകരാക്രമണത്തിൽ 1200 പേരാണ് പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 67,682 പേരും കൊല്ലപ്പെട്ടു.