ഇസ്രേലി സേന പിൻവാങ്ങിയ ഗാസ പ്രദേശങ്ങളിൽ ഹമാസ് ആയുധധാരികളെ വിന്യസിച്ചു
Monday, October 13, 2025 1:42 AM IST
കയ്റോ: വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ നിയന്ത്രണം ഉറപ്പിക്കാനായി ഹമാസ് 7,000 ആയുധധാരികളെ വിന്യസിക്കുന്നതായി റിപ്പോർട്ട്. സൈനിക പശ്ചാത്തലമുള്ള അഞ്ചു പേരെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഗവർണർമാരായി നിയമിക്കുകയും ചെയ്തു.
ഇസ്രയേലിന്റെ പിന്തുണയുള്ള പലസ്തീൻ സായുധ ഗ്രൂപ്പുകൾ ഗാസയുടെ നിയന്ത്രണം പിടിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് ഹമാസിന്റെ നീക്കങ്ങൾ.
ഫോൺ കോളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണു പ്രവർത്തകരോട് രംഗത്തിറങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയിലെ ചില ജില്ലകളിൽ ഹമാസ് ഭീകരർ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. ആയുധമേന്ത്രിയ ഇവരിൽ ചിലർ സിവിലിയൻ വേഷത്തിലും മറ്റുള്ളവർ ഹമാസിന്റെ പോലീസ് യൂണിഫോണിലുമാണ്.
ദഗ്മുഷ് എന്നു പേരുള്ള ഗോത്രപോരാളികൾ നേരത്തേ രണ്ടു ഹമാസുകാരെ ഗാസ സിറ്റി പ്രാന്തത്തിൽ വകവരുത്തി മൃതദേഹങ്ങൾ റോഡിൽ ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ഹമാസ് ഭീകരർ 300 ദഗ്മുഷ് പോരാളികൾ തന്പടിച്ച സങ്കേതം വളഞ്ഞു. ദഗ്മുഷ് സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു; 30 പേരെ ഹമാസ് കടത്തിക്കൊണ്ടുപോവുകയുമുണ്ടായി.
ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ ദഗ്മുഷ് സംഘം ഹമാസിന്റെ ഡിപ്പോകൾ കൊള്ളയടിച്ച് ആയുധങ്ങൾ കവർന്നിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു ഹമാസ് ഭീകരർ വീണ്ടും ഗാസയുടെ നിയന്ത്രണം പിടിക്കാനിറങ്ങിയിരിക്കുന്നത്.
അതേസമയം, ഹമാസിന്റെ നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ ബാധിച്ചേക്കും. ഗാസയുടെ ഭാവിയിൽ ഹമാസിന് ഒരു പങ്കും ഉണ്ടാവില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്.