സാന്പത്തിക ശാസ്ത്ര നൊബേൽ മൂന്നു പേർക്ക്
Tuesday, October 14, 2025 3:06 AM IST
സ്റ്റോക്ക്ഹോം: 2025 ലെ സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവരാണ് പുരസ്കാര ജേതാക്കൾ. നൂതനമായ ആശയങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
പുത്തൻ കണ്ടുപിടിത്തങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസിലെ നേർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കറിനു പുരസ്കാരം ലഭിച്ചത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിരമായ വളർച്ചയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള പഠനമാണ് ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും നടത്തിയത്.
യുഎസിലെ ബ്രൗൺ സർവകലാശാലയിലാണ് പീറ്റർ ഹൗവിറ്റ് പഠിപ്പിക്കുന്നത്. കോളജ് ദേ ഫ്രാൻസ് (ഫ്രാൻസ്), ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് (യുകെ) എന്നിവിടങ്ങളിലാണ് ഫിലിപ്പ് അഗിയോൺ പഠിപ്പിക്കുന്നത്.
56 തവണയായി 96 പേർക്ക് സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇതുവരെ ലഭിച്ചിട്ടുണ്ട്. ഡിസംബർ പത്തിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.