ബിപിൻ ‘ധീരൻ’; മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ
Wednesday, October 15, 2025 12:33 AM IST
കാഠ്മണ്ഡു: ഹമാസ് തടങ്കലിൽ കൊല്ലപ്പെട്ട നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഹമാസ് വിട്ടുനൽകിയ ബിപിന്റെ (23) മൃതദേഹം ടെൽ അവീവിൽ എത്തിച്ചു. ഒക്ടോബർ ഏഴിനാണ് കിബുട്സ് അലുമിമിലെ ഷെൽട്ടറിൽനിന്ന് ഹമാസ് ബിപിനെയും കൂട്ടുകാരെയും പിടിച്ചുകൊണ്ടുപോയത്.
യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽത്തന്നെ ബിപിൻ കൊല്ലപ്പെട്ടിരിക്കാമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സംസ്കാരത്തിനായി ബിപിന്റെ മൃതദേഹം കുടുംബത്തിനു തിരികെ നൽകുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഐഡിഎഫ് അറിയിച്ചു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന നിരവധി പേരെയാണ് ബിപിൻ രക്ഷപ്പെടുത്തിയിത്. ആക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും ഷെൽട്ടറിലേക്ക് മാറിയിരുന്നു.ഇവിടേക്ക് വീണ ഗ്രനേഡുകൾ അക്രമികൾക്കു നേരേ എടുത്തെറിഞ്ഞ് കൂടെയുണ്ടായിരുന്നവരെ ബിപിൻ രക്ഷപ്പെടുത്തി.
ഇതിൽ പരിക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദിയാക്കി. ഫാമിൽ ജോലി ചെയ്തിരുന്ന ആറു പേർ ഉൾപ്പെടെ 17 പേരുടെ ജീവൻ ബിപിൻ രക്ഷിച്ചെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ബിഭൂഷ അധികാരി പറയുന്നു. ഹമാസ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബിഭൂഷ അധികാരിയാണ് ബിപിന്റെ ധീരകൃത്യം പുറംലോകത്തെ അറിയിച്ചത്.