യുദ്ധഭീതി ഒഴിഞ്ഞു ; ഗാസ ഇനിയെന്ത് ?
Wednesday, October 15, 2025 12:33 AM IST
ജറൂസലെം: രക്തരൂഷിതമായ രണ്ടു വർഷത്തിനുശേഷം ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നെങ്കിലും ആശങ്ക ഒഴിയുന്നില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടപ്പിൽവന്ന സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ ഇരു പക്ഷവും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറി സമാധാന ശ്രമങ്ങളുടെ ആദ്യകടമ്പ കടന്നു.
എന്നാൽ ഗാസയുടെ ഭാവി എന്തെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കി. ഹമാസിന്റെ നിരായുധീകരണം, ഗാസയെ ആരു ഭരിക്കും- പലസ്തീൻ രാഷ്ട്രം തുടങ്ങിയ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ബന്ദി കൈമാറ്റത്തോടെ സമാധാന കരാറിന്റെ അടുത്ത ഘട്ട നടപടികൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മേലുള്ള സമ്മർദം കുറയുകയാണു ചെയ്തിരിക്കുന്നത്. ബന്ദികളെ പൂർണമായും കൈമാറിക്കഴിഞ്ഞാൽ കരാർ പ്രകാരം ഇസ്രയേൽ ഗാസയിലേക്കു ഭക്ഷണവും മറ്റ് സഹായങ്ങളും എത്താൻ അനുവദിക്കേണ്ടതുണ്ട്.
യുദ്ധത്തിൽ തളർന്നുപോയ പലസ്തീനികളുടെ ദുരിതം തുടരുകയാണ്. ഇസ്രേലി ബോംബാക്രമണത്തിൽ ഗാസ സമ്പൂർണമായി തകർന്നിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി. ഒട്ടനവധി വീടുകൾ നശിപ്പിക്കപ്പെട്ടു.
വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഗാസയുടെ പുനർനിർമാണത്തിന് ആരാണ് പണം മുടക്കുകയെന്നത് ഇനിയും വ്യക്തമല്ല. കരാറിന്റെ തുടർനടപടികൾ ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ ലോകനേതാക്കൾ സമാധാന ഉച്ചകോടി ചേർന്നു.
ഈ യോഗത്തിൽ നെതന്യാഹു പങ്കെടുത്തില്ല. ജൂത അവധി ദിനമായതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ കരാർ പാലിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് നെതന്യാഹു ഇസ്രേലി പാർലമെന്റിൽ പറഞ്ഞു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്ത എൽ സിസിയും ട്രംപും അധ്യക്ഷത വഹിച്ച യോഗത്തിൽ ഗാസയുടെയും മിഡിൽ ഈസ്റ്റിന്റെയും ഭാവി സംബന്ധിച്ച് ചർച്ച നടന്നു. ഇരുപതിലധികം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ പലസ്തീൻ നേതാവ് മഹ്മൂദ് അബ്ബാസും പങ്കെടുത്തു.
കരാറിലെ പരിഹരിക്കാൻ ബുദ്ധിമുട്ടേറിയ വിഷയങ്ങളിലൊന്ന് ഹമാസിന്റെ നിരായുധീകരണമാണ്. ഇസ്രയേൽ ഇതിനായി വാശിപിടിക്കുകയും ചെയ്യുന്നു. എന്നാൽ നിരായുധീകരിക്കാൻ ഹമാസ് വിസമ്മതിക്കുകയും ഇസ്രായേൽ സൈന്യത്തെ ഗാസയിൽനിന്ന് പൂർണമായും പിൻവലിക്കുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതുവരെ, ഗാസ സിറ്റിയുടെ ഭൂരിഭാഗം പ്രദേശത്തുനിന്നും ഖാൻ യൂനിസിന്റെ തെക്കൻ നഗരത്തിൽനിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയിട്ടുണ്ട്.
എന്നാൽ, തെക്കൻ നഗരമായ റാഫയുടെ മിക്ക ഭാഗങ്ങളിലും ഗാസയുടെ വടക്കേ അറ്റത്തുള്ള പട്ടണങ്ങളിലും ഗാസ-ഇസ്രയേൽ അതിർത്തിയിലും സൈന്യം ഇപ്പോഴും തുടരുകയാണ്. വെടിനിർത്തൽ നിരീക്ഷിക്കാൻ ഏകദേശം 200 യുഎസ് സൈനികർ ഇസ്രയേലിലുണ്ട്.
കരാറിനോടുള്ള ഹമാസിന്റെ പ്രതികരണം, ഇസ്രയേല്‍ നേതൃത്വത്തിന്റെ ഐക്യം, സുരക്ഷയ്ക്കും പുനര്‍നിര്‍മാണത്തിനും അന്താരാഷ്ട്ര പങ്കാളികളുടെ സന്നദ്ധത എന്നിവയെ ആശ്രയിച്ചിരിക്കും ട്രംപിന്റെ സമാധാന പദ്ധതിയുടെ വിജയം.
നിലവില്‍ ട്രംപ് അധ്യക്ഷനായ അന്താരാഷ്ട്ര സമാധാന സമിതിയുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ പലസ്തീന് കമ്മിറ്റിക്കായിരിക്കും ഗാസയുടെ നടത്തിപ്പ് ചുമതല.
അതേസമയം പരിഷ്കരണങ്ങള്‍ അംഗീകരിച്ചാല്‍ ദീര്‍ഘകാല നിയന്ത്രണം ഒടുവില്‍ പലസ്തീന് അഥോറിറ്റിക്ക് കൈമാറാന്‍ കഴിയും. എങ്കിലും ഗാസയെ ആരാണ് ആത്യന്തികമായി ഭരിക്കുക എന്ന ചോദ്യം പരിഹരിക്കപ്പെടാതെ തുടരുന്നു.