ഇന്ത്യ x ഓസ്ട്രേലിയ ഒന്നാം ഏകദിനം ഞായറാഴ്ച രാവിലെ 9.00ന്
Friday, October 17, 2025 1:25 AM IST
പെര്‍ത്ത്: ഇംഗ്ലണ്ടില്‍ സമനില, സ്വന്തം മണ്ണില്‍ ട്രോഫി; ടെസ്റ്റ് ക്രിക്കറ്റിലെ വിജയകരമായ രണ്ടു പരമ്പരയ്ക്കുശേഷം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കംഗാരുക്കളുടെ നാട്ടില്‍.
ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന പരമ്പരയ്ക്കായി ടീം ഇന്ത്യ രണ്ടു സംഘമായി പെര്‍ത്തില്‍ എത്തി. ബുധന്‍, വ്യാഴം ദിനങ്ങളിലായാണ് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച പെര്‍ത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് ഏകദിന മത്സരങ്ങള്‍ അരങ്ങേറുന്നത്.
ഏകദിന പരമ്പരയ്ക്കുശേഷം സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ട്വന്റി-20 ടീം ഓസ്ട്രേലിയയ്ക്ക് എതിരേ അഞ്ച് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ ഭാഗമാണ്. ട്വന്റി-20 മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45നാണ് ആരംഭിക്കുക.
രോ-കോ സ്റ്റാർസ്
2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ജഴ്സിയില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണ് ഞായറാഴ്ച നടക്കുക. നെക്സ്റ്റ് ജെനറേഷന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ ബിസിസിഐ നിയമിച്ചുകഴിഞ്ഞു. എങ്കിലും കംഗാരുക്കളുടെ വേട്ടയ്ക്കായി രോഹിത്തും കോഹ്ലിയും ഇന്ത്യക്കായി ഒന്നിക്കുന്നു എന്ന പരസ്യമാണ് ബ്രോഡ്കാസ്റ്റേഴ്സ് നല്‍കുന്നതെന്നതാണ് ശ്രദ്ധേയം. രോ-കോ തിരിച്ചെത്തുന്നു എന്ന ഹൈപ്പാണ് പരമ്പരയുടെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സ് നിലവില്‍ നല്കിക്കൊണ്ടിരിക്കുന്നത്.
പരിശീലനം നടത്തി
പെര്‍ത്ത് ഏകദിനത്തിനു മുന്നോടിയായി ഇന്നലെ ടീം ഇന്ത്യ ആദ്യഘട്ട പരിശീലനം നടത്തി. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ നെറ്റ്സില്‍ സമയം ചെലവിട്ടു. ഇരുവരും അരമണിക്കൂറില്‍ അധികം നെറ്റ്സില്‍ പരിശീലനം നടത്തി. നെറ്റ്സ് സെഷനുശേഷം രോഹിത് ശര്‍മയും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ ഏറെനേരം ചര്‍ച്ചയും നടന്നു.
രോഹിത്തും കോഹ്ലിയും ഇന്ത്യന്‍ ജഴ്സിയില്‍ നടത്തുന്ന അവസാന ഓസ്ട്രേലിയന്‍ പര്യടനം ആയിരിക്കാം ഇതെന്നും കരുതപ്പെടുന്നു. 2024-25ല്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിച്ചശേഷം കോഹ്ലിയും രോഹിത്തും റെഡ് ബോള്‍ ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 2024 ലോകകപ്പ് ജയത്തോടെ രാജ്യാന്തര ട്വന്റി-20യും ഇരുവരും മതിയാക്കി.
2027 ഏകദിന ലോകകപ്പില്‍ ഇരുവരും ടീമിനൊപ്പം വേണമെന്ന നിലപാടിലാണ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. എന്നാല്‍, ലോകകപ്പിലേക്ക് രണ്ടര വര്‍ഷം ഉണ്ടെന്നും ഇപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടെന്നും കോഹ്ലിക്കും രോഹിത്തിനും ടീം ഇന്ത്യക്കും ഒരു മികച്ച പര്യടനമായിരിക്കട്ടെ ഇപ്പോള്‍ നടക്കുന്നതെന്നുമായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം.