ആഗോള പ്രേഷിതദിനത്തിൽ പങ്കാളികളാകാന്‍ മാർപാപ്പയുടെ ആഹ്വാനം
Thursday, October 16, 2025 12:34 AM IST
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭ ഈമാസം 19ന് ആചരിക്കുന്ന ആഗോള പ്രേഷിതദിനത്തിൽ പങ്കാളികളാകാൻ ഏവരോടും അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
പ്രാദേശിക സഭകളില്‍ ഈ ദിനത്തിന്റെ പ്രാധാന്യം അനുസ്മരിക്കണമെന്നും വീഡിയോ സന്ദേശത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തു.
സഭ മുഴുവൻ മിഷണറിമാർക്കുവേണ്ടിയും അവരുടെ അപ്പസ്തോലിക പ്രവർത്തനത്തിന്റെ ഫലത്തിനുവേണ്ടിയും പ്രാർഥനയിൽ ഒരുമിക്കുന്ന ആഗോള പ്രേഷിത ദിനം ഒക്ടോബർ മാസം 19ന് ആഘോഷിക്കുകയാണെന്നു പറഞ്ഞാണ് മാർപാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്.
താൻ വൈദികനും പിന്നീട് പെറുവിൽ മിഷണറിയും മെത്രാനുമായിരുന്നപ്പോൾ ഈ ദിനം വിശ്വാസത്തോടെയും പ്രാർഥനകളോടെയും ദാനധർമങ്ങളിലൂടെയുമാണ് ആചരിച്ചിരുന്നതെന്നും സമൂഹത്തെ പരിവർത്തനം ചെയ്യുന്നതിനു താൻ സാക്ഷിയാണെന്നും മാർപാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു.
ലോകത്തിലെ എല്ലാ കത്തോലിക്ക ഇടവകകളെയും ആഗോള പ്രേഷിത ഞായറാഴ്ച ആചരണത്തില്‍ പങ്കെടുക്കുവാൻ മാർപാപ്പ ക്ഷണിച്ചു.
പ്രാർഥനകളും സഹായങ്ങളും പ്രേഷിതമേഖലകളിലുള്ള സഹോദരങ്ങൾക്കിടയിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിനും അജപാലന-മതബോധന പദ്ധതികളെ സഹായിക്കുന്നതിനും പുതിയ പള്ളികൾ പണിയുന്നതിനും ആതുര -വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായകരമായി മാറുമെന്ന് മാർപാപ്പ പറഞ്ഞു.
ജനങ്ങൾക്കിടയിൽ ‘പ്രത്യാശയുടെ മിഷണറിമാർ’ ആകുവാൻ ജ്ഞാനസ്നാനം വഴിയായി നമുക്ക് ലഭിച്ച ആഹ്വാനത്തെക്കുറിച്ച് പ്രേഷിതദിനത്തിൽ നാം ഒരുമിച്ച് ചിന്തിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിനെ ഭൂമിയുടെ അതിരുകളിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ മധുരവും സന്തോഷകരവുമായ പ്രതിബദ്ധത പുതുക്കാം. ലോകമെമ്പാടുമുള്ള മിഷണറിമാരെ സഹായിക്കാനുള്ള മാർപാപ്പായുടെ ഉദ്യമങ്ങളെ സഹായിക്കുന്ന ഏവർക്കും നന്ദിയർപ്പിച്ചും ദൈവാനുഗ്രഹങ്ങള്‍ നേർന്നുകൊണ്ടുമാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത്.