വീണ്ടും ഏറ്റുമുട്ടൽ; 40 താലിബാൻകാരെ വധിച്ചെന്ന് പാക്കിസ്ഥാൻ
Thursday, October 16, 2025 12:34 AM IST
ഇസ്ലാമബാദ്: അഫ്ഗാൻ താലിബാൻ നടത്തിയ ഒന്നിലധികം ആക്രമണശ്രമങ്ങളെ വിജയകരമായി ചെറുത്തതായി പാക്കിസ്ഥാൻ സൈന്യം. അതിർത്തി കടന്ന് ആക്രമണം നടത്താൻ ശ്രമിച്ച 40 അഫ്ഗാൻ താലിബാൻകാരെ വധിച്ചതായും പാക് സൈന്യം അറിയിച്ചു. നിരവധി ടാങ്കുകളും തകർക്കപ്പെട്ടു.
അതേസമയം, തെഹ്രിക് ഇ താലിബാനും (പാക് താലിബാൻ) ഭീകരസംഘടനയും അഫ്ഗാൻ താലിബാനും ചേർന്ന് കൂടുതൽ ആക്രമണങ്ങൾക്ക് ശ്രമിച്ചുവരികയാണെന്നാണ് നിഗമനം. പാക്-അഫ്ഗാൻ ഫ്രണ്ട്ഷിപ്പ് ഗേറ്റും നശിപ്പിക്കപ്പെട്ടു.
കഴിഞ്ഞ രാത്രി ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലെ കുറം സെക്ടറിലും പാക് അതിർത്തി പോസ്റ്റുകൾ താലിബാൻ ലക്ഷ്യം വയ്ക്കുകയുണ്ടായി. എന്നാൽ, പാക് ആരോപണങ്ങൾ അഫ്ഗാനിസ്ഥാൻ നിഷേധിച്ചു.
48 മണിക്കൂർ വെടിനിർത്തൽ
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി 48 മണിക്കൂർ വെടിനിർത്തലിനു സമ്മതിച്ചെന്ന് പാക്കിസ്ഥാൻ അറിയിച്ചു. താലിബാന്റെ അഭ്യർഥപ്രകാരമാണ് വെടിനിർത്തലെന്ന് പാക് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറിന് വെടിനിർത്തിൽ പ്രാബല്യത്തിലായി.