ഹമാസ് കൈമാറിയ മൃതദേഹം ബന്ദിയുടേതല്ല: ഇസ്രയേൽ
Thursday, October 16, 2025 12:34 AM IST
ടെൽ അവീവ്: ചൊവ്വാഴ്ച ഹമാസ് വിട്ടുകൊടുത്ത നാലു മൃതദേഹങ്ങളില് മൂന്നു പേരെയേ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂവെന്ന് ഇസ്രയേൽ അറിയിച്ചു.
നാലാമത്തെ മൃതദേഹം ഒരു ബന്ദിയുടേതുമല്ലെന്നാണു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വരെ ബന്ദികളുടേതെന്നു പറഞ്ഞ് എട്ടു മൃതദേഹങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ബുധനാഴ്ച രാത്രി നാലു മൃതദേഹങ്ങൾകൂടി കൈമാറുമെന്നാണു റിപ്പോർട്ട്.
വെടിനിർത്തൽ ധാരണ പ്രകാരം ബന്ദികളുടെ മൃതദേഹങ്ങൾ മുഴുവൻ കൈമാറുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നതിൽ ഇസ്രയേൽ അമർഷം പ്രകടിപ്പിച്ചു. എല്ലാ ബന്ദികളുടെയും മൃതദേഹങ്ങൾ ലഭിക്കുന്നതുവരെ ഗാസയിലേക്കുള്ള സഹായം വൈകിക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കി. എന്നാൽ, ഇന്നലെ ഗാസയിലേക്ക് പതിവുള്ള സഹായവസ്തുക്കൾ കടത്തിവിട്ടു എന്നാണു റിപ്പോർട്ട്.
ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ വൈഷമ്യം നേരിടുന്നുവെന്നാണു ഹമാസ് അറിയിച്ചിരിക്കുന്നത്. ഇസ്രയേലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിൻ എന്ന സ്ഥാപനത്തിലാണ് മൃതദേഹങ്ങൾ പരിശോധിച്ച് ബന്ദികളുടേതാണോ അല്ലയോ എന്നു സ്ഥിരീകരിക്കുന്നത്.
ബന്ദികളുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതു വെടിനിർത്തൽ ധാരണയുടെ ലംഘനമായി പരിഗണിക്കുമെന്നും ഉചിതമായ പ്രതികരണം ഉണ്ടാകുമെന്നും ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പു നല്കി.
മരണപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്തി അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ കൈമാറാൻ ഹമാസിനും പലസ്തീനിലെ മറ്റ് ഭീകര സംഘടനകൾക്കും കഴിഞ്ഞേക്കില്ലെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താനായി അന്താരാഷ്ട്ര ദൗത്യസേനയെ നിയോഗിക്കണമെന്ന ആവശ്യം ഇസ്രയേലിലെ ചില ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചു.
ഹമാസ് നിശ്ചിത സമയത്തിനുള്ളിൽ ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാത്തത് പലസ്തീനികൾക്കും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേൽ ഇത് വെടിനിർത്തൽ ലംഘനമായി പരിഗണിക്കുമെന്നും ഗാസയിൽ ആക്രമണം പുനരാരംഭിച്ചേക്കും എന്നുള്ള ആശങ്ക പലസ്തീനികൾ പങ്കുവച്ചു.