അമേരിക്കയുടെ പരമോന്നത ബഹുമതി നൽകി ചാർലി കിർക്കിന് ട്രംപിന്റെ ആദരം
Friday, October 17, 2025 1:07 AM IST
വാഷിംഗ്ടൺ ഡിസി: വെടിയേറ്റു മരിച്ച യുവജന ഇൻഫ്ലുവൻസറും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാർലി കിർക്കിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ച് അമേരിക്ക.
ചാർലിയുടെ 32-ാം ജന്മദിനമായ കഴിഞ്ഞ 14ന് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽനിന്ന് ചാർലിയുടെ ഭാര്യ എറിക്ക കിർക്ക് പുരസ്കാരം ഏറ്റുവാങ്ങി.
അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായി കുരിശ് പതിച്ചുള്ള മെഡലാണ് ചാർലി കിർക്കിനു പരമോന്നത ബഹുമതിയായി നൽകിയത്. ഇനി എല്ലാ വർഷവും ഒക്ടോബർ 14ന് ചാർലി കിർക്കിന്റെ ദേശീയ അനുസ്മരണദിനമായി ആചരിക്കുമെന്ന് ചടങ്ങിൽ ട്രംപ് പ്രഖ്യാപിച്ചു.
ചാർലി കിർക്ക് സത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയാണ് രക്തസാക്ഷിയായതെന്നു പറഞ്ഞ ട്രംപ്, രാജ്യത്തെ യുവജനങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ മഹദ്വ്യക്തിയാണ് അദ്ദേഹമെന്നും വ്യക്തമാക്കി.
കഴിഞ്ഞമാസം പത്തിനാണ് യൂട്ടാവാലി സർവകലാശാലയിൽ നടന്ന സംവാദത്തിനിടെ 31കാരനായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ടൈലർ റോബിൻസൺ(22) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ചാർലി കിർക്ക് വെടിയേറ്റു മരിച്ചത് സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിച്ച ആറു വിദേശികളുടെ വീസ ട്രംപ് ഭരണകൂടം റദ്ദാക്കി. അർജന്റീന, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീൽ, ജർമനി, പരാഗ്വെ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുടെ വീസയാണു റദ്ദാക്കിയത്.
ചാർലി കിർക്ക് വധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരേയും ട്രംപ് ഭരണകൂടം നടപടി ശക്തമാക്കിയിട്ടുണ്ട്. ഏതാനും സംഘടനകളുടെ രജിസ്ട്രേഷൻ അടുത്തിടെ റദ്ദാക്കിയിരുന്നു.