മൃതദേഹങ്ങൾ കൈമാറാൻ സമയം ചോദിച്ച് ഹമാസ്; വെടിനിർത്തൽ തകരുമെന്ന് ആശങ്ക
Thursday, October 16, 2025 11:04 PM IST
ടെൽ അവീവ്: ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനല്കുന്നതിനു ഹമാസ് ഭീകരർ സമയം ചോദിച്ചത് ഗാസ വെടിനിർത്തലിനു ഭീഷണിയാകുമെന്ന ആശങ്ക ശക്തം. വെടിനിർത്തൽ ധാരണ പ്രകാരം ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനല്‍കുന്നതിൽ ഹമാസ് വീഴ്ച വരുത്തുന്നതായി ഇസ്രേലി വൃത്തങ്ങൾ ആരോപിച്ചു.
ബുധനാഴ്ച രാത്രി വരെ 10 മൃതദേഹങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ഇതിലൊന്ന് ബന്ദിയുടേതല്ലെന്നു ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഇനി 19 മൃതദേഹങ്ങളാണു ഹമാസ് വിട്ടുനല്‍കാനുള്ളത്.
വീണ്ടെടുക്കാൻ കഴിയുന്ന മൃതദേഹങ്ങളെല്ലാം കൈമാറിയെന്നാണു ഹമാസ് അറിയിച്ചത്. യുദ്ധത്തിൽ തരിപ്പണമായ ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് അവശേഷിക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തണമെങ്കിൽ വലിയ മെഷീനുകൾ ആവശ്യമാണെന്നും ഹമാസ് വൃത്തങ്ങൾ പറഞ്ഞു.
മൃതദേഹങ്ങൾ വിട്ടുനല്കിയില്ലെങ്കിൽ യുദ്ധം പുനരാരംഭിച്ച് ഹമാസിന്റെ പരാജയം ഉറപ്പാക്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
അതേസമയം, ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സമയം വേണ്ടിവരുമെന്നും വെടിനിർത്തൽ തകരില്ലെന്നും അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
മൃതദേഹങ്ങൾ വിട്ടുകിട്ടാത്തതിന്റെ പേരിൽ ഈജിപ്തിൽനിന്നു ഗാസയിലേക്കുള്ള റാഫ അതിർത്തി തുറക്കുന്നത് ഇസ്രയേൽ വൈകിക്കുകയാണ്. അതിർത്തി ഉടൻ തുറക്കുമെന്നാണ് ഇസ്രയേൽ അറിയിച്ചതെങ്കിലും ഇതിനു തീയതി നിശ്ചയിച്ചിട്ടില്ല.
തുറന്നാലും റാഫയിൽക്കൂടി സഹായവസ്തുക്കൾ കടത്തിവിടില്ലെന്നാണ് ഇസ്രേലി നിലപാട്. നൂറുകണക്കിനു ലോറികൾ സഹായവസ്തുക്കളുമായി ഈജിപ്ഷ്യൻ ഭാഗത്തു കാത്തുകിടക്കുന്നുണ്ട്. മറ്റു ഭാഗങ്ങളിലൂടെ ഗാസയിലേക്കു സഹായവസ്തുക്കൾ പ്രവേശിക്കുന്നുണ്ട്. ബുധനാഴ്ച 600 ട്രക്കുകൾ കടത്തിവിട്ടതായി ഇസ്രയേൽ അറിയിച്ചു.
ഇതിനിടെ, ഇസ്രയേൽ ഇന്നലെ 30 പലസ്തീനികളുടെ മൃതദേഹങ്ങൾകൂടി ഗാസയിലേക്കു വിട്ടുനല്‍കി. ഇസ്രയേൽ വിട്ടുനല്‍കിയ മൃതദേഹങ്ങളുടെ എണ്ണം 120 ആയി. ഒരു ഇസ്രേലി ബന്ദിയുടെ മൃതദേഹത്തിനു പകരം 15 പലസ്തീനികളുടെ മൃതദേഹം ഇസ്രയേൽ കൈമാറുമെന്നാണ് ധാരണ.