ഒഡിംഗയുടെ മൃതദേഹം കാണാൻ തിക്കും തിരക്കും; പോലീസ് വെടിവച്ചു
Thursday, October 16, 2025 11:04 PM IST
നയ്റോബി: കെനിയയിലെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗയുടെ നിര്യാണത്തിൽ വികാരാധീ നരായി അനുയായികൾ.
കേരളത്തിൽനിന്ന് ഇന്നലെ കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ എത്തിച്ച മൃതദേഹം കാണാൻ അനുയായികൾ തിക്കുംതിരക്കുമുണ്ടാക്കിയത് ഒട്ടേറെ അനിഷ്ട സംഭവങ്ങൾക്കിടയാക്കി.
പോലീസ് ജനത്തിനു നേരേ കണ്ണീർവാതകം പ്രയോഗിച്ചു. വെടിവച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ യഥാർഥ ബുള്ളറ്റാണോ റബർ ബുള്ളറ്റാണോ പ്രയോഗിച്ചത് എന്നതിൽ സ്ഥിരീകരണമില്ല. ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്.
നയ്റോബിയിലെ ജോമോ കെനിയാത്ത വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കാണാൻ അദ്ദേഹത്തിന്റെ അനുയായികൾ ഇരച്ചുകയറിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. പരന്പരാഗത രീതിയിൽ മരച്ചില്ലകളും പനയോലകളുമായി വിലാപപ്രകടനത്തോടെ എത്തിയ അനുയായികൾ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വിമാനത്താവളത്തിൽ പ്രവേശിക്കുകയായിരുന്നു.
ഇതിനു പിന്നാലെ, ജനബാഹുല്യം കണക്കിലെടുത്ത് പാർലമെന്റിൽ നിശ്ചയിച്ചിരുന്ന പൊതുദർശനം നയ്റോബിയിലെ സ്റ്റേഡിയത്തിലേക്കു മാറ്റി. മൃതദേഹം കാണാൻ സ്റ്റേഡിയത്തിലെത്തിയ അനുയായികൾ തിക്കും തിരക്കുമുണ്ടാക്കിയതോടെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് കണ്ണീർവാതക പ്രയോഗവും വെടിവയ്പും ഉണ്ടായത്.
കൂത്താട്ടുകുളത്ത് ചികിത്സയ്ക്കെത്തിയ ഒഡിംഗ (80) കഴിഞ്ഞദിവസം രാവിലെ പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുകൂടിയായ അദ്ദേഹത്തിനു കെനിയയിൽ വലിയ ജനസമ്മതിയുണ്ട്.
പ്രസിഡന്റ് വില്യം റൂട്ടോ രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കൾ നേരത്തേ അനുശോചനം അറിയിച്ചിരുന്നു.