വിടവാങ്ങിയത് കെനിയൻ ജനാധിപത്യത്തിന്റെ പിതാവ്
Thursday, October 16, 2025 2:55 AM IST
നയ്റോബി: കെനിയൻ ജനാധിപത്യത്തിന്റെ പിതാവായാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി റെയ്ല അമൊളൊ ഒഡിഗ അറിയപ്പെടുന്നത്.
മുൻ ഭരണാധികാരി ഡാനിയേൽ അറാപ് മൊയിയുടെ ഏകാധിപത്യത്തിനെതിരേ പടപൊരുതിയ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിച്ചു. വർഷങ്ങളോളം കെനിയൻ രാഷ്ട്രീയത്തിലെ അതികായനായിരുന്നു ഒഡിഗ.
അഞ്ചു തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എംവായ് കിബാക്കി തന്നെ വഞ്ചിച്ചുവെന്ന് ഒഡിഗ ആരോപിച്ച 2007ലെ വിവാദപരമായ തെരഞ്ഞെടുപ്പ് കെനിയയെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ 1200 പേർ കൊല്ലപ്പെടുകയും ആറു ലക്ഷത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ മധ്യസ്ഥതയിൽ അധികാരം പങ്കിടൽ കരാർ നിലവിൽ വരികയും പിന്നാലെ ഒഡിഗ പ്രധാനമന്ത്രിയായി ഐക്യസർക്കാർ രൂപീകരിക്കുകയും ചെയ്തു.
കെനിയയുടെ പ്രഥമ വൈസ് പ്രസിഡന്റ് ജാരാമൊഗി ഒഡിഗയുടെ മകനാണ് റെയ്ല അമൊളൊ ഒഡിഗ.