യുക്രെയ്ൻ വിഷയത്തിൽ ട്രംപ്-പുടിൻ കൂടിക്കാഴ്ച വീണ്ടും
Saturday, October 18, 2025 12:23 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും വീണ്ടും കൂടിക്കാഴ്ച നടത്തും. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരിക്കും ഉച്ചകോടി. തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുടിനുമായി ഫോണിൽ സംസാരിച്ചശേഷം ട്രംപാണ് ഇക്കാര്യമറിയിച്ചത്.
ഉച്ചകോടിയുടെ തീയതിയും ഒരുക്കങ്ങളും നിശ്ചയിക്കാനായി റഷ്യയിലെയും അമേരിക്കയിലെയും ഉന്നതതല ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആയിരിക്കും അമേരിക്കൻ സംഘത്തെ നയിക്കുക.
പുടിനുമായുള്ള ഫോൺ സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഉച്ചകോടി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15ന് അലാസ്കയിൽ പുടിനും ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു മണിക്കൂർ നീണ്ട ചർച്ച ഫലപ്രദമായിരുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ നടപടികളുണ്ടാകുമെന്നുമുള്ള ഇരുവരുടെയും പ്രഖ്യാപനം പക്ഷേ വാക്കുകളിലൊതുങ്ങി.
ഗാസയിൽ വെടിനിർത്തലുണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണു ട്രംപ് തന്റെ ശ്രദ്ധ യുക്രെയ്ൻ യുദ്ധത്തിലേക്കു തിരിച്ചിരിക്കുന്നത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്നുള്ളത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
പുടിനുമേൽ കൂടുതൽ സമ്മർദം ചെലുത്താൻ ട്രംപ് തുനിഞ്ഞേക്കുമെന്നാണു സൂചന. 2500 കിലോമീറ്റർ ദൂരപരിധിയുള്ള ടോമഹ്വാക് ക്രൂസ് മിസൈൽ യുക്രെയ്നു നല്കുമെന്ന് അദ്ദേഹം അടുത്ത ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ വൈറ്റ്ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തി. ടോമഹ്വാക് മിസൈൽ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ സെലൻസ്കി ഉന്നയിച്ചു. സെലൻസ്കി ഇതു മൂന്നാം തവണയാണ് ട്രംപിനെ വൈറ്റ്ഹൗസിൽ കാണുന്നത്.
ഒരുക്കം തുടങ്ങി: ഓർബാൻ
യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് ഒരുക്കം ആരംഭിച്ചതായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബാൻ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപുമായി ഫോണിൽ സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഹംഗറി സമാധാനത്തിന്റെ ഭൂമിയാണെന്നും കൂട്ടിച്ചേർത്തു. ട്രംപിന്റെ ആരാധകനും പുടിന്റെ മിത്രവുമാണ് ഓർബാൻ.