നെടുങ്കണ്ടം: കഞ്ഞിവെള്ളത്തില്നിന്നു സ്വന്തമായി നിര്‍മിച്ച കള്ളുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥി കുടുങ്ങി. ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് കഴിഞ്ഞ ദിവസം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
രാവിലെ സ്കൂളില്‍ എത്തിയ വിദ്യാര്‍ഥി ബാഗിനുള്ളില്‍ സ്വയം നിര്‍മിച്ച കള്ള് സൂക്ഷിച്ചിരുന്നു. ഇടയ്ക്കു കള്ള് എടുത്തു നോക്കുന്നതിനിടെ ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ചുപോയി. ഇതോടെ കള്ള് പുറത്തേക്കു തെറിച്ച് വിദ്യാര്‍ഥികളുടെ യൂണിഫോമിലേക്കു വീണു. ഇതോടെ സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു.
അധ്യാപകര്‍ വിദ്യാര്‍ഥിയില്‍നിന്നു വിവരങ്ങള്‍ ചോദിക്കുന്നതിനിടെ സ്കൂളില്‍നിന്നു വിദ്യാര്‍ഥി ഇറങ്ങി ഓടി വീട്ടില്‍ എത്തി. ഇതോടെ സ്കൂളിലെ അധ്യാപകരും ആശങ്കയിലായി. വിദ്യാര്‍ഥിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു.
രക്ഷിതാക്കളുടെ മറുപടി കേട്ട് അധ്യാപകരും ഞെട്ടി. "സാറെ കഴിഞ്ഞയാഴ്ച ഇവന് തട്ടിന്‍പുറത്ത് കള്ളുണ്ടാക്കിയത് ആരും അറിഞ്ഞില്ല. ഒടുവില്‍ കള്ള് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി തട്ടിന്‍പുറം അലങ്കോലമായി. ഞങ്ങള്‍ ഇവനെ താക്കീത് ചെയ്തിരുന്നു'. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥി സ്കൂളില്‍ കള്ളുമായി എത്തിയത്.
കഞ്ഞിവെള്ളത്തില്‍ മറ്റ് ചേരുവകള്‍ കലര്‍ത്തി വിദ്യാര്‍ഥി സ്വയം നിര്‍മിച്ചതാണ് കള്ളെന്നാണ് നിഗമനം. സംഭവത്തില്‍ വിദ്യാര്‍ഥിക്കു കൗണ്‍സിലിംഗ് നല്കാന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടപടി ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.