കേച്ചേരി പുഴയിൽ ബസ് മറിഞ്ഞെന്ന് വ്യാജസന്ദേശം; പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ
Monday, February 26, 2024 3:53 PM IST
തൃശൂര്‍: കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് വ്യാജ സന്ദേശം. ഇതിനു പിന്നാലെ ആറോളം ആംബുലൻസുകൾ സ്ഥലത്തെത്തി.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവർ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്.
വാർത്ത സത്യമെന്ന് തെറ്റിദ്ധരിച്ച് ആംബുലൻസ് ഡ്രൈവർമാർ വിവരങ്ങൾ കൈമാറുകയും രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് കരുതി പുഴയോരത്തേക്ക് എത്തുകയും ചെയ്തു. കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്, സ്വകാര്യ ആശുപത്രി, ഷെയര്‍ ആന്‍ഡ് കെയര്‍, ഹ്യൂമണ്‍ ലവേഴ്സ്, ട്രാഫിക് തുടങ്ങിയവയുടെ ആംബുലൻസുകളാണ് കേച്ചേരി പുഴയോരത്തേക്ക് പാഞ്ഞെത്തിയത്. ഇതിനു പിന്നാലെയാണ് സന്ദേശം വ്യാജമാണെന്ന് മനസിലായത്.
വ്യാജ വിവരം നല്‍കിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു.