വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ: ജയസൂര്യ
Tuesday, October 15, 2024 2:32 PM IST
തിരുവനന്തപുരം: വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് നടൻ ജയസൂര്യ. ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്ന് താരം പറഞ്ഞു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രണ്ട് വ്യാജ ആരോപണങ്ങളാണ് എനിക്കെതിരേ വന്നിരിക്കുന്നത്. ഞാനാണ് എന്ന രീതിയില്‍ സൂചന കൊടുത്തുകൊണ്ട് ഒരു സ്ത്രീ പലയിടങ്ങളില്‍ സംസാരിച്ചു. ഞാനല്ലെന്ന് പിന്നീട് അവര്‍ പലയിടത്തും മാറ്റിപ്പറഞ്ഞതായും കണ്ടു.
2013ല്‍ തൊടുപുഴയില്‍ നടന്ന ഷൂട്ടിംഗിനിടയിലാണ് മോശം അനുഭവം തനിക്കുണ്ടായതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ 2013ല്‍ അങ്ങനെയൊരു ഷൂട്ടിംഗ് പോലും നടന്നിട്ടില്ല. 2011ല്‍ തന്നെ ആ സിനിമാ ഷൂട്ടിംഗ് അവസാനിച്ചിരുന്നു.
തൊടുപുഴയിലായിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു ഷൂട്ടിംഗ് നടന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് ഇത്തരം ആരോപണങ്ങളുമായി വന്നിട്ടുള്ളത് എന്ന് എനിക്കറിയില്ല. 2008ല്‍ സെക്രട്ടേറിയറ്റില്‍ വെച്ച് ഒരു സംഭവം നടന്നുവെന്ന് പറയുന്നുണ്ട്. സെക്രട്ടേറിയറ്റിന് പുറത്ത് ഗാനരംഗം ചിത്രീകരിക്കാന്‍ രണ്ട് മണിക്കൂര്‍ പെര്മിഷന് മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. അതിനിടയിലേക്ക് എങ്ങനെയാണ് അവര്‍ എത്തിയതെന്ന് പോലും എനിക്കറിയില്ല.
എനിക്കെതിരേയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയുന്നത് വരെ ഇതിനെതിരേ നിയമപോരാട്ടം നടത്തും. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍ എന്നാണ് വിശ്വസിക്കുന്നത്. ആരോപണം ഉന്നയിച്ചയാളെ കണ്ടുപരിചയമുണ്ട്.
അത് പലതരത്തിലുള്ള ചാരിറ്റി ചെയ്തതിന്റെ ഭാഗമായുള്ള പരിചയമാണ്. അവരുമായി മറ്റൊരു സൗഹൃദവും എനിക്കില്ല.'- ജയസൂര്യ പറഞ്ഞു.