അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലേക്ക്
Wednesday, July 2, 2025 1:48 AM IST
തിരുവനന്തപുരം: അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം 50 ലക്ഷത്തിലെത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ 50 പ്ലസ് കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി നിലവിൽ അയൽക്കൂട്ടങ്ങളിൽ അംഗത്വമില്ലാത്തവരെ കണ്ടെത്തി അവരെ അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കുമെന്നു കുടുംബശ്രീ ഡയറക്ടർ അറിയിച്ചു.
ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ എന്നിവർക്കായി പ്രത്യേക അയൽക്കൂട്ടങ്ങളും രൂപീകരിക്കും. കൊഴിഞ്ഞുപോയ അയൽക്കൂട്ട അംഗങ്ങളെ തിരികെ അയൽക്കൂട്ട സംവിധാനത്തിൽ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട് സിഡിഎസിലും എഡിഎസിലും ജില്ലാതലത്തിലും മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു.
നിലവിൽ 48 ലക്ഷം അംഗങ്ങളാണ് കുടുംബശ്രീയിലുള്ളത്. കാമ്പയിൻ വഴി അഞ്ചു ലക്ഷം വനിതകളെങ്കിലും പുതുതായി അയൽക്കൂട്ട സംവിധാനത്തിലേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. തീരദേശം, ട്രൈബൽ, ഭാഷാ ന്യൂനപക്ഷമായ കന്നഡ മേഖലകൾ, അയൽക്കൂട്ടങ്ങൾ കുറവുള്ള സിഡിഎസുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾ ഇതിന് സഹായകമാകും. കന്നഡ മെന്റർമാർ, ട്രൈബൽ അനിമേറ്റർമാർ, ട്രൈബൽ സ്പെഷൽ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, കോസ്റ്റൽ വോളണ്ടിയർമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും.
കാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഓരോ സിഡിഎസിലും പ്രവർത്തനം നിലച്ചുപോയ അയൽക്കൂട്ടങ്ങളുടെ പട്ടിക തയാറാക്കും. തുടർന്ന് കുടുംബശ്രീ എഡിഎസുകളുടെ നേതൃത്വത്തിൽ ഇവയെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. കൂടാതെ സിഡിഎസ് അധ്യക്ഷമാർക്ക് കുടുംബശ്രീ നേരിട്ടും പരിശീലനം നൽകും. ബ്ലോക്ക്തല കാന്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല ബ്ലോക്ക് കോ-ഓർഡിനേറ്റർക്കായിരിക്കും.