ക്ഷണിക്കപ്പെടാതെയെത്തി പരസ്യ ആരോപണം, മനംനൊന്ത് എഡിഎമ്മിന്റെ ആത്മഹത്യ: വിമർശന ശരങ്ങൾ ദിവ്യയ്ക്കു നേരെ
Tuesday, October 15, 2024 11:09 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ഉയരുന്നത് അതിരൂക്ഷ വിമർശനങ്ങൾ. ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന പി.പി. ദിവ്യ പരസ്യമായി നടത്തിയ ആരോപണങ്ങളിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത്.
ചെങ്ങളയിലെ പെട്രോള്‍ പമ്പിന് അനുമതി നല്കുന്നതില് അഴിമതി നടത്തിയെന്നാണ് ആരോപണം. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീന്‍ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞു. എഡിഎമ്മിന് ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് പ്രത്യേക കാരണമുണ്ടെന്നും ആ കാരണം രണ്ട് ദിവസം കൊണ്ട് എല്ലാവരും അറിയുമെന്നും പറഞ്ഞാണ് അവര്‍ ഉടന്‍ വേദി വിട്ടത്. ഇതിനു പിന്നാലെയാണ് ഇന്ന് നവീൻ ബാബുവിന്റെ മരണവാർത്ത പുറത്തുവന്നത്.
എഡിഎമ്മിനെതിരേ പരാതി ഉന്നയിക്കാനുള്ള വേദിയായി അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങ് തന്നെ ഉപയോഗിച്ചതാണ് ദിവ്യയ്ക്കെതിരായ രൂക്ഷവിമർശനങ്ങൾക്കു വഴിവച്ചത്. വിമർശനങ്ങളിൽ മനംനൊന്തുള്ള എഡിഎമ്മിന്റെ ആത്മഹത്യയും വിരൽ ചൂണ്ടുന്നത് ദിവ്യയ്ക്കു നേരെയാണ്.
ഈ യോഗത്തില്‍ എഡിഎമ്മിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തൽ നടത്തുമെന്ന സൂചന മാധ്യമങ്ങള്‍ക്ക് നേരത്തെ കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിവ്യയ്ക്കൊപ്പം അപ്രതീക്ഷിതമായി ചാനലുകളും മാധ്യമപ്രവർത്തകരും ചടങ്ങിനെത്തിയതെന്ന സംശയം സജീവമാണ്.
നേരത്തെ, പി.വി. അന്‍വര്‍ എംഎൽഎ പോലീസിനെതിരേ ആരോപണം ഉന്നയിച്ചത് ജില്ലാ പോലീസ് അസോസിയേഷന് യോഗത്തിലായിരുന്നു. സമാന രീതിയിലാണ് യാത്രയയപ്പ് ചടങ്ങിലേക്ക് നാടകീയമായി കടന്നുവന്ന് പരസ്യമായി നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. വെളിപ്പെടുത്തലുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ചര്‍ച്ചയാക്കി കണ്ണൂരില്‍ ഇമേജ് ഉയര്‍ത്തുകയായിരുന്നു ദിവ്യ ലക്ഷ്യമിട്ടതെന്നാണ് വിമർശനമുയരുന്നത്.
പൊതുസമൂഹത്തിൽ ആരോപണം ഉന്നയിക്കുമ്പോൾ നവീൻ ബാബുവിന്റെ കുടുംബം കൂടിയാണ് അപമാനിതരാകുന്നത്. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നുമുള്ള ആവശ്യം പ്രതിപക്ഷമടക്കം ഉയർത്തിയിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിക്കുന്ന ദിവ്യ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.കെ. ശൈലജയ്ക്കൊപ്പം കണ്ണൂരിലേക്ക് സ്ഥാനാർഥിയാകാൻ പരിഗണിക്കപ്പെട്ടിരുന്നയാൾ കൂടിയാണ്. പിന്നീടാണ് എം.വി. ജയരാജനിലേക്ക് സ്ഥാനാർഥിത്വം എത്തിയത്.