എഡിഎമ്മിന്റെ മരണം ആത്മഹത്യയല്ല, ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രൂപം: രമേശ് ചെന്നിത്തല
Tuesday, October 15, 2024 2:14 PM IST
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കും സിപിഎമ്മിനുമെതിരേ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. നവീൻകുമാറിന്റെ മരണം ആത്മഹത്യയല്ലെന്നും സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്നും ചെന്നിത്തല ആഞ്ഞടിച്ചു.
ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണെന്നും ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്കു കടന്നുവന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചത്. അതും താന്‍ ശിപാര്‍ശ ചെയ്ത ഒരു കാര്യം അന്നു സമയത്തിനു ചെയ്തില്ല എന്ന ആരോപണം കൂടി ഉന്നയിച്ച്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതിയുണ്ടെങ്കില്‍ വിജിലന്‍സിന് പരാതി കൊടുക്കാം. വ്യക്തമായ തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്കി കര്‍ശന നടപടി എടുപ്പിക്കാം തുടങ്ങി നിരവധി വഴികള്‍ മുന്നിലുള്ളപ്പോഴാണ് വിരമിക്കാറായ ഒരു മനുഷ്യനെ പരസ്യമായി അപമാനിച്ച് അയാളെ മരണത്തിലേക്കു തള്ളിവിടുന്ന നടപടി ഉന്നതമായ ഭരണഘടനാചുമതല വഹിക്കുന്ന ഒരാള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രൂപമാണ്. ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം നടപ്പാക്കുന്നത്. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഡനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്ന പ്രവണത ഇവര്‍ പിന്തുടരുന്നു. ഇത് അംഗീകരിക്കാനാവില്ല. സിപിഎമ്മില്‍ അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ പി.പി. ദിവ്യയെ തത്സ്ഥാനത്തു നിന്നു പുറത്താക്കി പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.