വന്യജീവി സങ്കേതത്തിൽ തീപിടിത്തം; നാല് വനപാലകർക്ക് ദാരുണാന്ത്യം
Friday, June 14, 2024 1:52 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബിൻസാർ വന്യജീവി സങ്കേതത്തിലുണ്ടായ തീപിടിത്തത്തിൽ നാല് വനപാലകർ വെന്തുമരിച്ചു. അൽമോറ ജില്ലയിലെ സിവിൽ സോയം ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വന്യജീവി സങ്കേതത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് അധികൃതർ പറഞ്ഞു.
ബിൻസാർ റേഞ്ച് ഫോറസ്റ്റ് ബീറ്റ് ഓഫീസർ ത്രിലോക് സിംഗ് മേത്ത, വാച്ചർമാരായ കരൺ ആര്യ, പുരൺ സിംഗ്, ദിവസ വേതന തൊഴിലാളി ദിവാൻ റാം എന്നിവരാണ് മരിച്ചത്. തീപിടിച്ച സ്ഥലത്തേക്ക് സംഘം എത്തിയപ്പോൾ ശക്തമായ കാറ്റിൽ ഇവർ നിന്ന സ്ഥലത്തേക്ക് തീ ആളി പടരുകയായിരുന്നു.
ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.